പ്ലാന്‍

എന്റെ ഏട്ടന്,

ക്ഷമാപണം ചോദിക്കാന്‍ ഉള്ള അര്‍ഹത എനിക്കുണ്ടോ എന്നറിയില്ലാ... എങ്കിലും ചോദിക്കുന്നു. ഏട്ടന് എന്റെ തെറ്റുകള്‍ പൊറുക്കാന്‍ ആവും... എന്നും അതങ്ങനെ തന്നെ ആയിരുന്നു. എന്റെ ഓരോ കുസൃതികളും ചെറിയ തെറ്റുകളും ഏട്ടന്‍ ക്ഷമിച്ചിരുന്നു എന്ന് അറിയാം. സ്നേഹത്തോടെ ഉള്ള ശാസന അല്ലാതെ മറ്റൊന്നും തന്നെ ഏട്ടന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. കുറ്റബോധം നീറ്റുന്ന ഹൃദയവുമായി ഏട്ടന്റെ നെഞ്ചില്‍ ചേര്‍ന്ന് പൊട്ടിക്കരയുമ്പോള്‍ ആ കണ്ണുകളില്‍ മുഴുവന്‍ എന്നോടുള്ള പ്രണയവും വാത്സല്യവും ആയിരുന്നു. അതൊന്നും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്ന് തന്നെ കരുതണം. അത് കൊണ്ടാണല്ലോ ഇപ്പോള്‍ ഇങ്ങനെ ഒരു കത്ത് എനിക്ക് എഴുതേണ്ടി വന്നത്. ഞാന്‍ ഏട്ടനെ ചതിക്കുക ആയിരുന്നോ? അല്ല ഏട്ടാ.. ഞാന്‍ എന്നെ തന്നെ ആയിരുന്നു ചതിച്ചത്.. ഒരു പുതപ്പിന്നുള്ളില്‍ പൊതിഞ്ഞു കിടക്കുമ്പോള്‍ ഉണ്ടാകുന്ന നിശ്വാസങ്ങളുടെയും ഇറ്റു വീഴുന്ന വിയര്‍പ്പുതുള്ളികളുടെയും എണ്ണമല്ല സ്നേഹത്തിന്റെ അളവുകോല്‍ എന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. സ്വന്തം ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം കാണേണ്ടി വരിക... ഏട്ടന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ എന്റെ ഉള്ളില്‍ വീണു ചുട്ടു പോള്ളുന്നുണ്ട്. ഈ ജന്മം മുഴുവന്‍ ആ നീറ്റല്‍ സഹിച്ചു ജീവിക്കാന്‍ എനിക്കിനി ആവില്ല. നമ്മുടെ കുട്ടികളെ ഏട്ടന്‍ ഒരിക്കലും വേദനിപ്പിക്കരുത്. അമ്മ എന്തിനു ഇത് ചെയ്തു എന്ന് ചോദിക്കാന്‍ ഉള്ള അവസരം പോലും ഏട്ടന്‍ ഉണ്ടാക്കരുത്. ഒരിക്കലും എന്റെ ഏട്ടന് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കരുത് ഞാനും നമ്മുടെ ഇത്ര നാളത്തെ ജീവിതവും. എല്ലാ തെറ്റുകളും ഞാന്‍ ഏറ്റു പറയുന്നു. എന്നെ ഏട്ടന്‍ വെറുക്കരുത്....

എന്ന്

ഏട്ടന്റെ സ്വന്തം
....
.....ഇടതു കയ്യില്‍ നിന്നും മുഖത്തേക്ക് ചീറ്റിയ ചോര തുടച്ചു ആ കൈ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മെല്ലെ ഇറക്കുമ്പോള്‍ , കുറ്റി ഇടാതിരുന്ന വാതില്‍ തുറന്നു വന്നു അലമുറയിട്ടു കരഞ്ഞു കൊണ്ട് തന്നെ കൈകളില്‍ കോരി എടുക്കാന്‍ പോകുന്ന ഏട്ടന്റെ മുഖം അവള്‍ ഓര്‍ത്തു. തനിക്കു വേണ്ടി ഒരു "പ്ലാന്‍ " സ്വയം തയ്യാറാക്കി മറ്റൊരു നാടകത്തിനു വേദി ഒരുക്കുന്ന തന്റെ പ്രിയങ്കരിയെ കാത്തു ഇരിക്കുന്ന പ്രിയതമാനെയും അവള്‍ ഓര്‍ത്തു. പക്ഷെ മെല്ലെ മെല്ലെ ബോധം നഷ്ടമായി തുടങ്ങിയപ്പോള്‍.... നാഡികള്‍ പൂര്‍ണമായി തളര്‍ന്നു തുടങ്ങിയപ്പോള്‍... ശബ്ദിക്കാന്‍ പോലും ആവാതെ നാക്ക് കുഴഞ്ഞു തുടങ്ങിയപ്പോള്‍... അവളുടെ അവസാന ഓര്‍മയില്‍ എവിടെയോ തെളിയുകയായിരുന്നു.. ഒരു പ്ലാന്‍ പോലും നേരെ ഉണ്ടാക്കാന്‍ അറിയിലല്ലോ നിനക്ക് എന്ന ഭാവത്തില്‍ ഏട്ടന്റെ മുഖത്ത് വിടര്‍ന്ന വെറുപ്പ്‌ നിറഞ്ഞ ഒരു പുഞ്ചിരി....

ചക്രങ്ങള്‍

" ബാലന്‍ മാഷ് മരിച്ചു "
ആദ്യം കേട്ടപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ തോന്നിയത് ?? മരണം എന്ന സത്യത്തോട് അന്ന് ഒരു തരാം നിസ്സംഗത ആയിരുന്നു. അല്ലെങ്കില്‍ ഒരിക്കലും ഓര്‍ത്തിട്ടില്ലാത്ത ചിന്തിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഒരു കാര്യം എന്ന് പറയാം. പക്ഷെ ആ ചെറു പ്രായത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു മൃതദേഹം കണ്ടിരുന്നില്ല. എനിക്ക് പ്രിയപ്പെട്ടവര്‍ ആരും മരിച്ചിട്ടില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഞാന്‍ ആദ്യമായി കേള്‍കുന്ന ഒരു പക്ഷെ ശ്രദ്ധിക്കുന്ന ഒരു മരണ വാര്‍ത്ത‍ ആയിരുന്നു ബാലന്‍ മാഷിന്റേത്. വീടിനു മുന്നില്‍ കൂടി പോകുന്ന റയില്‍ പാതയോ തീവണ്ടിയുടെ മുഴക്കാമോ എന്റെ മനസ്സില്‍ ഭീതി വിതച്ചിട്ടില്ല. പക്ഷെ പിന്നീടു കുറെ ദിവസങ്ങള്‍ ആ ശബ്ദം എന്നെ വല്ലാതെ അലട്ടി. ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ബാലന്‍ മാഷ്.... സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തും ബാലന്‍ മാഷ് സഹപാഠികള്‍ക്ക് വേണ്ടി പഠിപ്പിക്കുമായിരുന്നു. കുട്ടികളും അധ്യാപകരും അന്ന് മുതല്‍ക് തന്നെ ബാലന്‍ മാഷ് എന്ന് തന്നെ മാഷിനെ വിളിച്ചിരുന്നു. ഞാന്‍ വീടിനു പുറത്തേക്കു ഇറങ്ങി . എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആളുകള്‍ കൂട്ടമായി പോകുന്നുണ്ടായിരുന്നു.. അകലെ ആ ആള്‍ക്കൂട്ടം ലക്ഷ്യമാക്കി.. അവരുടെ കണ്ണുകളില്‍ ബാലന്‍ മാഷ് എന്തിനു ഇത് ചെയ്തു എന്ന ഒരു ചോദ്യം ഉണ്ടായിരുന്നോ?? അതോ ഒരു ശരീരം ചതഞ്ഞു അരഞ്ഞു കിടക്കുന്നത് കാണാന്‍ ഉള്ള ഹരം മാത്രം ആയിരുന്നോ?? ഞാന്‍ മെല്ലെ ആ ആള്‍കൂട്ടം ലക്ഷ്യമാക്കി നടന്നു. എന്റെ കണ്ണില്‍ അപ്പോള്‍ ബാലന്‍ മാഷിന്റെ മുഖം തെളിഞ്ഞു നിന്നു . ആള്‍ക്കൂട്ടത്തിനു ഇടയില്‍ കൂടി ഞാന്‍ ആ മുഖം കാണാന്‍ ശ്രമിച്ചുവോ?? അറിയില്ലാ... ആരോ എന്നെ പിടിച്ചു മാറ്റി.. " ആ കുട്ടിയെ ഇങ്ങോട്ട് കടത്തണ്ട " ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട് ആ ശബ്ദം. എന്തിനു വേണ്ടിയോ ഞാന്‍ അവിടെ തന്നെ ചുറ്റി പറ്റി നിന്നു. അത് കൊണ്ടായിരുന്നോ മാഷിന്റെ മുഖത്തെ ആ വലിയ കറുത്ത ഫ്രെയിം ഉള്ള കണ്ണട എനിക്ക് കിട്ടിയത്?? അതിനു മാഷിന്റെ മുഖം ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ എല്ലാവരുടെയും മാഷ് വിളി കേട്ട് ഒരു മധ്യവയസ്കനെ പോലെ തോന്നിക്കാന്‍ മാഷ് തന്നെ വച്ചിരുന്ന ആ വലിയ കണ്ണട മാഷിന്റെ മുഖത്തിന്‌ ഒരിക്കലും ചേര്‍നിരുന്നില്ല. ഒളിപിച്ചു പിടിച്ച ആ കണ്ണടയുമായി വീട്ടിലേക്കു നടകുമ്പോള്‍ എന്റെ ചെവിയില്‍ അപോഴും മാഷിന്റെ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു " മനുഷ്യന്റെ ഏറ്റവും വലിയ കണ്ടു പിടിത്തം ചക്രങ്ങള്‍ ആണ്"

വൈരുധ്യാന്മക ഭൗതിക വാദം

എന്താണ് ആദ്മീയതയും ഭൗതികതയും തമ്മില്‍ ഉള്ള വ്യത്യാസം?? ഇഹലോകത്തിലെ ഈ നൈമിഷിക സുഖങ്ങളെ നമ്മള്‍ ഭൗതിക സുഖങ്ങള്‍ എന്ന് കരുതുന്നു.. പക്ഷെ സ്ഥിരമായ ഒരു ഭാവമോ നിലനില്പോ ഇല്ലാത്ത അവയെകള്‍ ഈ സുഖങ്ങള്‍ ഒക്കെ വെടിഞ്ഞു ആദ്മീയത തേടി ഉള്ള യാത്ര നമ്മള്‍ ഇവിടെ തുടങ്ങേണ്ടി ഇരിക്കുന്നു.. ഇത് പോലെ ഉള്ള ബാഹ്യമായ കേവല സുഖങ്ങളില്‍ അല്ല പകരം ഇവയെ ഒക്കെ ഉപേക്ഷിച്ചു ആദ്മീയത തേടി ഉള്ള യാത്രയില്‍ നമ്മള്‍ പ്രകൃതിയെ സ്നേഹിക്കും.. ഈശ്വരനെ കണ്ടെത്തും.... സ്നേഹത്തെ തിരിച്ചറിയും....

ഗുരുവിന്റെ വാക്കുകള്‍ എന്നില്‍ തിരിച്ചറിവിന്റെ വിത്തുകള്‍ പാകുക ആയിരുന്നു ... അദ്ധേഹത്തിന്റെ മുഖത്തെ പ്രഭാവത്തിലും ചൈതന്യതിലും ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു. ഈ ഭൗതിക സുഖങ്ങലോടുള്ള അടങ്ങാത്ത ആവേശവും പേറി ജീവിത സത്യങ്ങള്‍ തിരിച്ചറിയാതെ പോകുന്ന തലമുറയോട് എനിക്ക് പുച്ഛം തോന്നി. ഗുരുവിനു പിന്നാലെ അദ്ധേഹത്തിന്റെ ആദ്മീയതയിലും വാത്സല്യത്തിലും ലയിച്ചു നിറഞ്ഞ മനസോടെ അനുഗമികുമ്പോള്‍ ആ തലമുറയുടെ തിരിച്ചറിവിനായി ഞാന്‍ പ്രാര്‍ഥിച്ചു. രണ്ടു തുള്ളി കണ്ണുനീര്‍ വാര്‍ത്തു. ഒടുവില്‍ mercedes benz ശീതികരിച്ച സത്യത്തിലേക്ക് തന്റെ മെതിയടികള്‍ മാറ്റി നടന്നു കയറുന്ന ഗുരുവില്‍ ഞാന്‍ പരമമായ സത്യത്തെ കണ്ടു. മുഖത്ത് നല്ല തെളിഞ്ഞ പുഞ്ചിരിയോടെ സംഖാടകരുടെ voucher ഇല്‍ ഒപ്പിടുന്ന പ്രധാന ശിഷ്യനില്‍ ഞാന്‍ ജീവിതത്തെ കണ്ടു. അപോഴും എന്റെ കണ്ണുകള്‍ നിര്‍ത്താതെ ഒഴുകുകയായിരുന്നു.... ഞാന്‍ പോലും അറിയാതെ.......

പലിശ

മത്തായിച്ചന്റെ മനസ്സ് അസ്വസ്ഥമാണ്. അക്കങ്ങളുമായി മല്‍പിടുത്തം നടത്തുമ്പോള്‍ അയാള്‍ എപ്പോഴും അങ്ങനെ ആയിരുന്നു. ഒരേ സമയം സ്നേഹിക്കാനും വെറുക്കാനും മത്തായിച്ചനെ പഠിപ്പിച്ചത് ഭാര്യ ശോശാമ്മ അല്ല, അക്കങ്ങള്‍ ആയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില, കുട്ടികളുടെ സ്കൂള്‍ ഫീസ്‌, അവരുടെ വസ്ത്രങ്ങള്‍, വീടിന്റെ വാടക.... ഇത് പോലെ ഒരു സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ കുരുങ്ങി കിടക്കുന്ന മനസല്ല മത്തയിച്ചന്റെത്. കുറയുന്ന ബാങ്ക് പലിശ, തന്നെക്കാള്‍ കുറഞ്ഞ പലിശക്ക് പണം കടം കൊടുക്കുന്ന ശപ്പന്മാരായ എതിരാളി പടകള്‍, വട്ടിപലിശയില്‍ താന്‍ മോഹമായി കൊണ്ട് നടന്നിരുന്ന പല സ്ഥലങ്ങള്‍. എവിടെന്നോക്കെയോ നുള്ളി പെറുക്കി തന്റെ പലിശ കണക്ക് തീര്‍ത്തു പ്രമാണം തിരികെ വാങ്ങാന്‍ വന്നു നിക്കുന്ന ദൈന്യത നിറഞ്ഞതെങ്കിലും ആഹ്ലാദം തുളുമ്പുന്ന കണ്ണുകള്‍ മത്തായിച്ചനെ വളരെ ഏറെ അസ്വസ്തമാക്കിയിരുന്നു. വൈരാഗ്യം നിറഞ്ഞ പല്ല് ഞരമ്മലുകള്‍, സര്‍വം നഷ്ടപെടുന്നവന്റെ രോദനം ഇതൊക്കെ തനിക്കു പ്രാര്‍ത്ഥനകള്‍ ആയിരുന്നു. അക്കങ്ങളില്‍ താന്‍ കാണിച്ച കണിശതയും കുടിലതയും തന്റെ വാക്കുകള്‍ മാത്രമല്ല ചിന്തകളില്‍ പോലും കുത്തി നിറച്ചു തന്നെയും മറ്റുള്ളവരെയും വിശ്വസിപ്പികാന്‍ തനിക്കു ഉണ്ടായിരുന്ന അപാരമായ കഴിവിനെ കുറിച്ച് മത്തായിച്ചന്‍ ചിന്തിച്ചു. താന്‍ ഇങ്ങനെ കിടന്നാല്‍....??? ഒരിക്കലും എങ്ങും രേഖപെടുത്താതെ തന്റെ മനസ്സില്‍ കുത്തി നിറച്ചു വച്ച രഹസ്യ സ്വഭാവമുള്ള കുറെ അക്കങ്ങള്‍... അവയില്‍ കണ്ടെത്തിയിരുന്ന പരമമായ ആനന്ദം.... അവ കൊണ്ട് നിര്‍മിച്ചു നിറം പിടിപ്പിച്ച തന്റെ ഒരുപാട് സ്വപ്‌നങ്ങള്‍... അവ ഒക്കെ സാക്ഷാത്കരിക്കാന്‍ താന്‍ ഇവിടെ നിന്ന് എഴുന്നെല്കുക തന്നെ വേണം. മനസിന്‌ ധൈര്യം കൊടുക്കണം. ശരീരത്തിന് ബലം കൊടുക്കണം.... തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും... അവയാണ് തന്റെ ശക്തി... ലക്‌ഷ്യം.. പെരുകി പെരുകി തന്റെ ചുറ്റും കുമിഞ്ഞു കൂടുന്ന വിയര്പിന്റെ ഉപ്പുരസം ഇല്ലാത്ത പണം... ശോശാമ്മയുടെ ശരീരത്തിന്റെ ഗന്ധതെക്കളും തന്റെ സിരകിലെ ത്രസിപ്പിച്ചിരുന്ന ആ നോട്ടുകെട്ടുകളുടെ ഗന്ധം... അത് തനിക്കു ഒരു പുതിയ ഊര്‍ജം നല്‍കുന്നത് അയാള്‍ തിരിച്ചറിഞ്ഞു... ആ ഗന്ധം മാത്രം മനസ്സില്‍ നിറച്ചു കൊണ്ട് മത്തായിച്ചന്‍ ചാടി എഴുന്നേറ്റു....

"ടാപ്പ്" ..... എവിടെയാണ് തന്റെ തല തട്ടിയത്...??? അടപ്പില്‍ നീളമുള്ള ആണികള്‍ അടിച്ചു കയറ്റി ഉറപ്പിച്ച മനോഹരമായ ആ കറുത്ത പെട്ടി മത്തായിച്ചന്‍ തിരിച്ചറിഞ്ഞു. പതഞ്ഞു പൊങ്ങിയ ആവേശത്തെയും ആഗ്രഹങ്ങളെയും തന്നില്‍ വീണ്ടും ഉറക്കി കിടത്തി മത്തായിച്ചന്‍ അനങ്ങാതെ കിടന്നു. അയാളുടെ കല്ലറക്ക് മേല്‍ മക്കള്‍ വച്ച് പോയ പനിനീര്‍ പുഷ്പത്തില്‍ നിന്നും അപ്പോഴും മഞ്ഞു തുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു ... മത്തായിച്ചന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന അവസാന തുള്ളി കണ്ണുനീര്‍ പോലെ.......