Satanic verses

ബന്ധുര കാഞ്ചന കൂട്ടില്‍ ആണെങ്കിലും.... എന്ന് ഞാന്‍ ആ ഇണകിളികളോട് പറഞ്ഞു.

വയമ്പ് കൊടുത്തു അവരെ സംസാരിക്കാന്‍ പഠിപ്പിച്ചിരുന്ന എന്നെ നോക്കി " ഇറങ്ങി പോടാ " എന്ന് അവര്‍ ആക്രോശിച്ചു... ആശാന്റെ നെഞ്ചത്ത്‌ എന്നാണല്ലോ പഴമൊഴി. എന്റെ പ്രിയപ്പെട്ട ഈ ഇണകളെ എങ്ങനെയും ഇവിടെ നിന്നു രക്ഷിക്കണം. ഈ കൂടിനു പുറത്തു വിശാലമായ ഒരു ലോകം ഉണ്ട് എന്ന് അവരെ മനസിലാക്കണം. ഇവിടെ നിന്നു രക്ഷപെടാന്‍ ഉള്ള വഴി അവരെ ബോധിപ്പിക്കണം. ഒരുപാട് നാളുകളായി എന്റെ ചിന്ത അത് മാത്രമാണ്. പക്ഷെ അവരെ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന അയാളെ ആണ് അവര്‍ യജമാനന്‍ ആയി കാണുന്നത്. അവര്‍ എന്റെ സ്നേഹം തിരിച്ചറിയാതെ പോകുന്നു. വിശാലമായ ഈ കൂടിനു പുറത്തു എന്താണ് എന്ന് അവര്‍ മനസ്സിലാക്കണം. ഉടമസ്ഥന്‍ അറിയാതെ വേണം ഇവരുമായി എനിക്ക് സംസാരിക്കുവാന്‍ ... അയാള്‍ എന്നെ കണ്ടാല്‍ ശരിയാകില്ല. പണ്ട് അയാളുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് കുറച്ചു കുടിശ്ശിക വരുത്തി വച്ചത് ഞാന്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. എന്നെ ഒരു ബൂര്‍ഷ്വാസി എന്ന രീതിയില്‍ ആണ് ജന്മിത്ത സ്വഭാവത്തിന് ഉടമയായ ആ ആന്റി കമ്മ്യൂണിസ്റ്റ്‌ കാരന്‍ ഈ കിളികളോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. വാക്കുകളുടെ അര്‍ഥം പോലും ശരിക്ക് മനസിലാക്കിയില്ല എങ്കിലും കിളികള്‍ അവരുടെ കലപില സ്വഭാവം കാണിക്കാതെ ഇരിക്കില്ലല്ലോ. മുഖത്ത് നോക്കി "കൂപ മണ്ടൂകങ്ങളെ" എന്ന് വിളിക്കാന്‍ പോലും ആവാത്ത അവസ്ഥ. അതും ഇവര്‍ക് മനസ്സിലാകില്ലല്ലോ. പക്ഷെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ കാരന്‍ ആയതു കൊണ്ടാകും അവകാശങ്ങളെ കുറിച്ച് അവരെ ബോധവന്മാരാക്കി സ്വാതന്ത്ര്യത്തിന്റെ തേന്‍ നുകരാന്‍ അവരെ പ്രാപ്തരാക്കണം എന്ന പിടിവാശി എനിക്കുണ്ടായി.

അങ്ങനെ നീണ്ട നാളത്തെ എന്റെ അന്വേഷണത്തിന് ഒടുവില്‍ ഞാന്‍ ഒരു സത്യം മനസ്സിലാക്കി. കൂടിന്റെ താക്കോല്‍ കൂട്ടിനു ഉള്ളില്‍ തന്നെയുള്ള ഒരു മരത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് ഇവരോട് പറഞ്ഞു മനസില്ലാക്കിയാല്‍ അവര്‍ക്ക് രക്ഷപ്പെടാം. മടിച്ചു നില്‍ക്കാതെ ആ രഹസ്യം പറയുവാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് ഓടി. പരസ്പരം കൊക്കുരുമ്മി പ്രണയ ബദ്ധരായി നില്‍ക്കുന്ന അവരുടെ ഇടയിലേക്ക് ഞാന്‍ ഒരു കട്ടുറുമ്പ് ആയി വലിഞ്ഞു കയറി. കട്ടുറുമ്പ് ആയി ചെന്നിട്ടും ഇത്തവണ എന്തോ ഭാഗ്യത്തിന് അവര്‍ക്ക് എന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തോന്നി. പെണ്കിളിയെ പറഞ്ഞു മനസ്സിലാക്കാന്‍ ആണ് കൂടുതല്‍ സുഖം എന്ന് എനിക്കും തോന്നി. അവള്‍ ആകുമ്പോള്‍ അധികം സംശയങ്ങള്‍ ചോദിക്കില്ല. അങ്ങനെ പുറത്തെ വിശാലമായ ലോകത്തെ കുറിച്ചും ഈ യജമാനന്റെ കാപട്യത്തെ കുറിച്ചും മരത്തില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുന്ന തക്കൊലിനെ കുറിച്ചും അവരോടു ഞാന്‍ വിശദമായി തന്നെ പറഞ്ഞു. പക്ഷെ ആ മരത്തിന്റെ അടുത്ത് പോകാന്‍ പാടില്ല എന്നും ഇതിലെ കായ വിഷം ആണ് എന്ന് ഉടമസ്ഥന്‍ പറഞ്ഞത്രേ. ആരെങ്കിലും സ്വന്തം തോട്ടത്തില്‍ വിഷം കൊണ്ട് നടുമോ ?? യജമാനനെ കണ്ണടച്ച് വിശ്വസിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക് മറ്റൊന്നും മനസിലാകാത്തത് എന്ന് ഞാന്‍ അവരെ വിശ്വസിപ്പിച്ചു. വിശ്വാസത്തിന്റെ പൊള്ളത്തരം മറ്റൊരു വിശ്വാസത്തില്‍ കൂടി മാറ്റിക്കുവാന്‍ എനിക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.

ഒടുവില്‍ ആ മരത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന താക്കോല്‍ കണ്ടു പിടിക്കാം എന്ന് ധീരനായ ആണ്‍ കിളി തീരുമാനിച്ചു . അവള്‍ അവനു വേണ്ട പിന്തുണയും പ്രഖ്യാപിച്ചു. താക്കോല്‍ കൊത്തി എടുക്കുമ്പോള്‍ അഥവാ തൊണ്ടയില്‍ കുരുങ്ങിയാല്‍ പണ്ട് പാര്‍വതി ശിവനോട് ചെയ്തത് പോലെ തന്റെ കഴുത്തിലും കയറി പിടിക്കാന്‍ അവളെ ചട്ടം കെട്ടി അവന്‍ മരത്തിലേക്ക് കയറി. പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. താക്കോല്‍ കിട്ടിയ ആവേശത്തില്‍ യാഹൂ എന്ന് വിളിച്ചു കൂവിയത് കൊണ്ടാകും അവന്റെ തൊണ്ട കുഴിയിലേക്ക് താക്കോല്‍ ഇറങ്ങി പോയി. നിലത്തു വീണു പിടച്ച അവന്റെ കഴുത്തില്‍ പിടിച്ചു അവള്‍ ഒരു വാശിയോടെ ഞെക്കിപിടിച്ചു. അവന്റെ കണ്ണുകള്‍ തള്ളി പുറത്തേക്കു വന്നു. കൂടെ താക്കോലും..... തിളങ്ങുന്ന കണ്ണുകളോടെ താക്കോല്‍ കടിച്ചു വലിച്ചു എടുത്ത അവള്‍ അതിന്റെ ഒരു ചെറിയ കഷ്ണം അവന്റെ തൊണ്ടയില്‍ കുരുങ്ങിയത് പോലെ ശ്രദ്ധിക്കാതെ കൂടിന്റെ വാതില്‍ തപ്പി കണ്ടു പിടിച്ചു വലിച്ചു തുറന്നു. കഴുത്തില്‍ തടഞ്ഞ കഷ്ണം കാരണം ഒന്നും മിണ്ടാന്‍ കഴിയാതെ തളര്‍ന്നു കിടന്ന അവനെ അവള്‍ തൂക്കി എടുത്തു പുറത്തേക്കു ഇട്ടു. താന്‍ കാരണം ആണ് എനിക്ക് ഇതൊക്കെ സംഭവിച്ചത് എന്ന രീതിയില്‍ ക്രൂര മായ ഒരു നോട്ടം അവന്റെ വക...ഒരു നന്ദി വാക്ക് പോലും പറയാതെ കിളികള്‍ രണ്ടും അകലേക്ക്‌ പറന്നകന്നു. പോകുന്ന വഴിയില്‍ പഴയ യജമാനന്റെ മുഖത്ത് കാഷ്ട്ടിക്കാന്‍ അവര്‍ മറന്നില്ല. എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കാരണം ആണ് എന്ന് ഒരു വിഡ്ഢി സ്വര്‍ഗം പണിതു അതിന്റെ മേല്‍ ഒരു കൂടാരവും ഉണ്ടാക്കി ഞാന്‍ നിര്‍നിമേഷനായി നോക്കി ഇരുന്നു...

അവരുടെ ചിറകടി ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സില്‍ അവശേഷിച്ചു. എന്തിനായിരിക്കും ആ ഉടമസ്ഥന്‍ കൂട്ടിനുള്ളില്‍ തന്നെ ഉള്ള ആ മരപ്പൊത്തില്‍ താക്കോല്‍ ഒളിപ്പിച്ചു വച്ചത്..???