ഒരു ചായ !!!

ഒരു രൂപ കൊടുത്താല്‍ ബാക്കി ഇരുപത്തി അഞ്ചു പൈസ തരാന്‍ കുമാരേട്ടന്‍ മറന്നിരുന്നില്ല, കാരണം ഒരു ചായക്ക് എഴുപത്തി അഞ്ചു പൈസ ആയിരുന്നു. "നൊസ്സ് കുമാരന്‍" എന്ന് അയാളെ വിളിക്കാതവരില്‍ പെടുമായിരുന്നു നമ്മള്‍. നൊസ്സ് ആയിട്ടുള്ള ഒരാള്‍ എന്തായാലും കൃത്യമായി ബാക്കി കൊണ്ട് തരില്ലല്ലോ എന്നുള്ള നമ്മുടെ ധാരണ ആവാം അതിന്റെ കാരണം. കുമാരേട്ടന്‍ വളരെ ഉത്സാഹി ആയിരുന്നു. ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഓണത്തിന് വടം വലി മത്സരം നടകുമ്പോള്‍ ഒക്കെ അയാള്‍ പ്രോത്സാഹനം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. ഒക്കെ കഴിഞ്ഞതിനു ശേഷം കുമാരേട്ടന്റെ വക ഒരു പാട്ട് ഉണ്ടാവും. അത് അയാള്‍ക് നിര്‍ബന്ധം ആയിരുന്നു. ആരും അതിനു ഒരിക്കലും തടസ്സം നിന്നിരുന്നതും ഇല്ല. പല റിയാലിറ്റി ഷോ കളും സഹിക്കുന്നില്ലേ?? പിന്നെ കുമാരേട്ടന്റെ പാട്ടും കേള്‍ക്കുന്നതില്‍ തെറ്റായിട്ട് ഒന്നും ഇല്ല.

ആദ്യമായി കുമാരേട്ടന്‍ എന്നോട് ചായ കാശ് ചോദിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ടൌണില്‍ നിന്നും നമ്മുടെ നാട്ടിലേക്കു പോകാന്‍ ഒരു രൂപ ആയിരുന്നു ബസ്‌ കൂലി. പെണ്‍കുട്ടികളുമായി സല്ലപിച്ചു കൊണ്ട് നിന്നിരുന്ന എന്നെ പിന്നില്‍ ആരോ തട്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ വെളുക്കെ ചിരിച്ചു കൊണ്ട് കുമാരേട്ടന്‍ . കുമാരേട്ടന്‍ എങ്ങനെ ടൌണില്‍ എത്തി എന്ന ചിന്തിക്കാന്‍ പോലും പാടില്ല. ഭഗവാനെ പോലെ ആണ് കുമാരേട്ടന്‍ .... തൂണിലും തുരുമ്പിലും ടൌണിലും ഒക്കെ ഉണ്ടാവും. "ഒരു ചായ" എന്ന് കേള്കുന്നതിനു മുന്‍പ് എങ്ങോട്ടെങ്കിലും ഓടിയാലോ എന്ന് ഓര്‍ത്തു. പക്ഷെ അതിനു മുന്‍പേ അയാള്‍ ചോദ്യം നിറഞ്ഞ ആ statement എടുത്തു പ്രയോഗിച്ചു. മാനം തന്നെ ആണ് വലുത്. കയ്യില്‍ ശേഷിച്ച ഒരു രൂപ ഒരു വളിച്ച ചിരിയോടെ ഞാന്‍ കുമാരട്ടാണ് കൊടുത്തു. ഇടി വെട്ടു പോലെ അടുത്ത ചോദ്യം. ബസ്‌ കൂലിക്ക് വേറെ കാശ് ഉണ്ടല്ലോ അല്ലെ?? പിന്നില്‍ അവളുമാരുടെ ചിരി. ദൈവമേ !!! നാളെയും കോളേജില്‍ പോകേണ്ടാവനാ... എന്ത് പറയും?? ഇല്ല എന്ന് പറഞ്ഞാല്‍ കോളേജില്‍ പിന്നെ കാലു കുത്താന്‍ ആവില്ല. ഉണ്ട് എന്ന് പറഞ്ഞാല്‍ 5 km നടക്കുകയും വേണം. ഞാന്‍ കണ്ണ് മിഴിച്ചു നോക്കി നിന്നു. "അപ്പോള്‍ ശരി ബാക്കി പൈസ ഞാന്‍ പിന്നീടു തരാം" എന്ന് പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു. പക്ഷെ അതിനു മുന്‍പ് ആരും കാണാതെ എന്റെ പോക്കറ്റ്‌ ഇല്‍ ആ ഒരു രൂപ ഇടാന്‍ കുമാരേട്ടന്‍ മറന്നിരുന്നില്ല. ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന ബന്ധുക്കള്‍ ആരും കാണാതെ പോക്കറ്റ്‌ ഇല്‍ കാശ് വച്ച് തരുമായിരുന്നു. എന്നിട്ട് പറയും സിനിമ കണ്ടോള്ളൂ എന്ന്. എന്റെ മനസ്സില്‍ എവിടെയോ ഒരു നേര്‍ത്ത വിങ്ങല്‍ പൊട്ടുകയായിരുന്നു.

പിന്നീട് എപ്പോഴും കുമാരേട്ടനെ കണ്ടാല്‍ ഞാന്‍ ചായ മേടിച്ചു കൊടുക്കുമായിരുന്നു. ഒരിക്കല്‍ പോലും അതിന്റെ കൂടെ ഒരു വടയോ പഴം പൊരിയോ ചോദിച്ചിരുന്നില്ല അയാള്‍. ഒരിക്കല്‍ ഒരു വിഷു ദിവസം കുളിച്ചു സുന്ദരനായി പുത്തന്‍ ഉടുപ്പിട്ട് വളരെ സന്തോഷത്തോടെ നടന്നു വരികയായിരുന്നു കുമാരേട്ടന്‍. വിഷു അല്ലെ കൈനീട്ടം ആയിട്ടു ഒരു 10 രൂപ കൊടുക്കാം എന്ന് ഞാന്‍ കരുതി. വളരെ സന്തോഷത്തോടെ അയാള്‍ അത് മേടിച്ചു. എനിട്ട്‌ നിറഞ പുഞ്ചിരിയോടെ ചോദിച്ചു. " മോഷണം തുടങ്ങിയോ?? " പോട്ടിചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എനിക്ക് . ജോലി ഒന്നും ആയിട്ടില്ലാത്ത എന്നോട് സ്വന്തം വീടുകാര്‍ പോലും ചോദിക്കാത്ത ചോദ്യം.

കുമാരേട്ടന് സത്യത്തില്‍ ഭ്രാന്തുണ്ടോ?? ആ ചോദ്യം ഒരു പാട് നാളുകള്‍ എന്റെ മനസ്സിനെ വല്ലാതെ കുഴക്കിയിരുന്നു. ഒടുവില്‍ എന്റെ സുഹൃത്തും കുമാരേട്ടന്റെ അയല്‍വാസിയും ആയ സായിപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന യൂസഫ്‌ പറഞ്ഞു കുമാരേട്ടന്‍ ഒരു ഭ്രാന്തന്‍ മാത്രമല്ല സ്വന്തം ഭാര്യയെ കൊന്നവന്‍ കൂടി ആണെന്ന്. അയാളുടെ ഭാര്യക്ക്‌ ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നത്രേ. അത് കണ്ടു കൊണ്ട് വന്ന അയാള്‍ ഭാര്യയെ വെട്ടികൊന്നു എന്നും അതിനു ശേഷം മാനസിക നില തകര്‍ന്ന കുമാരേട്ടനെ കോടതി വെറുതെ വിടുക ആയിരുന്നു എന്നും മറ്റും സായിപ്പ് എന്നോട് പറഞ്ഞു. പത്ര പ്രവര്‍ത്തകന്‍ ആയതു കൊണ്ട് സായിപ്പിന് ഒരു റിപ്പോര്‍ട്ട്‌ എഴുതുന്നത്‌ പോലെ ഒക്കെ വിശദമായി പറയാന്‍ കഴിഞ്ഞു. പക്ഷെ ഈ ഒരു സംഭവത്തില്‍ ഒരാള്‍ക് ഭ്രാന്തു ബാധിക്കുമോ?? സായിപ്പ് വാചാലനായി.... കുമാരേട്ടന്‍ ഞാന്‍ കരുതിയത്‌ പോലെ ഒരു സാധാരണ കാരന്‍ അല്ല. ഇംഗ്ലീഷ് ഭാഷയ്ക്ക്‌ ബദല്‍ ആയി മറ്റൊരു ഭാഷ തന്നെ ഉണ്ടാക്കാന്‍ ശ്രമിച്ചു ഒടുവില്‍ മാനസിക നില തന്നെ തകരാറില്‍ ആയ 4 പേരില്‍ ഒരാള്‍. അവര്‍ ഉണ്ടാക്കിയ ഭാഷ, അതിലെ കുറെ ഏറെ വാക്കുകള്‍, വ്യാകരണം... സായിപ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് വിശ്വസിക്കാന്‍ പോലും ആകാതെ ഞാന്‍ നോക്കി നിന്നു. ഇങ്ങനെ ഒരു മനുഷ്യന്‍ ... ഭാര്യയെ രഹസ്യ കാമുകനോടൊപ്പം കണ്ടിട്ട് എന്ത് കൊണ്ട് ആ രഹസ്യ കാരന്‍ രക്ഷപെട്ടു. ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മനസ്സില്‍ അത് കുടുങ്ങി കിടന്നു. എന്ത് സംഭവിച്ചാലും അയാളോട് ഇതിനെ കുറിച്ച ചോദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സായിപ്പും കൂടാം എന്ന് പറഞ്ഞപോള്‍ മനസിന്‌ ധൈര്യമായി.

പിന്നീട് ഒരു ദിവസം സായിപ്പിന്റെ കൂടെ കടല്‍ തീരത്ത് മദ്യത്തില്‍ മുങ്ങി കിടക്കുമ്പോള്‍ അതാ വരുന്നു നമ്മുടെ നായകന്‍ കുമാരേട്ടന്‍ . തേടിയ വള്ളി... ഉള്ളില്‍ മദ്യം പകര്‍ന്നു തന്ന ധൈര്യം.... നമ്മളെ കണ്ടപ്പോള്‍ സ്വത സിദ്ധമായ ഒരു ചിരിയോടെ അയാള്‍ അടുത്തേക്ക് വന്നു... എനിക്ക് ചോദികേണ്ടി വന്നില്ല. അതിനു മുന്‍പേ സായിപ്പ് അയാളോട് ചോദിച്ചു.

കുമാരേട്ടാ....why did you kill your wife ??

കുറച്ചു നേരം അയാള്‍ നമ്മളെ തന്നെ നോക്കി നിന്നു. എന്നിട്ട് ഒരു പൊട്ടിച്ചിരിയോടെ അവന്റെ തോളില്‍ തട്ടി...

"ഒരുപക്ഷെ അവളെ ഞാന്‍ കൊല്ലില്ലായിരുന്നു if she was not on his top !!!! "

എന്നിട്ട് അയാള്‍ ഏതോ ഒരു ഇംഗ്ലീഷ് പാട്ട് പാടി കൊണ്ട് തിരിഞ്ഞു റോഡിലേക്ക് നടന്നു കയറി... ഒരിക്കലും നമ്മള്‍ കേട്ടിട്ട് പോലും ഇല്ലാത്ത ഏതോ ഒരു പാട്ട് .... റോഡിനു ഇരു വശവും നോക്കി മറികടക്കുന്ന കുമാരേട്ടനെ നമ്മള്‍ നോക്കി നിന്നു. അയാളെ ആദ്യമായി കാണുന്നത് പോലെ....

എന്റെ പ്രണയം

അവള്‍ എന്റെ കാമുകി ആയിരുന്നു .... പക്ഷെ എന്റെ പ്രണയം ഞാന്‍ ഒരിക്കലും അവളെ അറിയിച്ചിരുന്നില്ല. ഭയം തന്നെ ആയിരുന്നു പ്രധാന കാരണം. അവള്‍ ഒരു പൂവ് പോലെ മനോഹരിയും പരിശുധയും ആയിരുന്നു. പൂവിനെ ആരെങ്കിലും ഭയപ്പെടുമോ?? ഇല്ല... പക്ഷെ ഞാന്‍ ഭയപ്പെട്ടിരുന്നു.. എന്റെ കരസ്പര്‍ശം ആ പൂവിനെ വേദനിപ്പിക്കുമോ എന്ന ഭയം... തളിര്‍ത്തു നിന്നു ആ ദലങ്ങളെ തഴുകാന്‍ പോലും ഭയം... പ്രണയത്തില്‍ അങ്ങനെ ഒരു വികാരം ഉള്ളത് ഞാന്‍ തിരിച്ചറിയുക ആയിരുന്നു. ഇപ്പോഴും ഞാന്‍ ഓര്‍കുന്നു.. ആദ്യമായി അവളെ കണ്ട ദിവസം. അന്ന് മുതിര്‍ന കുട്ടികള്‍ കൂടി അവളെ റാഗ് ചെയുകയായിരുന്നു. പേടിച്ചരണ്ട മാന്‍പേട യെ പോലെ അവള്‍ ഒതുങ്ങി നിന്നു.. അവളുടെ തേങ്ങല്‍.. വിറയ്ക്കുന്ന അധരങ്ങള്‍... അവരോടു ഒന്നും മല്ലിട്ട് ജയിച്ചു അവളെ രക്ഷപെടുത്താന്‍ എനിക്ക് കഴിയില്ലായിരുന്നു. എന്റെ മനസിലെ അധ്യനുരഗത്തിന്റെ ചൂട് എന്റെ കവിളില്‍ കൂടി ഒഴുകി ഇറങ്ങി വന്നു തുളുമ്പി നിന്നു.... അവള്‍ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയുരുന്നെങ്കില്‍... എന്റെ നിറഞ്ഞ കണ്ണുകള്‍ എങ്കിലും ഒരുപക്ഷെ എന്റെ അനുരാഗം അവളെ അറിയിക്കുമായിരുന്നു.

പിന്നീട് അങ്ങോട്ട്‌ കാത്തിരിപ്പിന്റെ ദിനങ്ങള്‍ ആയിരുന്നു. ബസ് സ്റ്റോപ്പ്‌ .... കോളേജ് ഇലെ ആ വലിയ ഇലഞ്ഞി മരം ‍... നീണ്ട ഇടനാഴി ‍... . അവളുടെ സാന്നിധ്യം ഉള്ള എല്ലായിടങ്ങളും എനിക്ക് പ്രിയപ്പെടവ ആയി മാറി. കൂട്ടുകാരികളുമായി വര്‍ത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ അവിടെ ഒക്കെ പാറി നടന്നിരുന്നു.. ഒരു ചിത്ര ശലഭത്തെ പോലെ.. അവളുടെ മുടിയിലെ കാച്ചിയ എണ്ണയുടെ സുഗന്ധം നുകരാന്‍ ഞാന്‍ അവള്‍ടെ ഓരം പറ്റി നടക്കാന്‍ ശ്രമിക്കുമായിരുന്നു. അപ്പോഴും അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല... എന്നെയും.. എന്റെ പ്രണയത്തെയും... പിന്നീട് പെട്ടെന്ന് ഒരു ദിവസം അവള്‍ അപ്രത്യക്ഷയായി.... എനിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു വിരഹത്തിന്റെ വേദന എന്റെ ഹൃദയത്തെ കീഴടക്കുകയായിരുന്നു... അപ്പോഴും എന്റെ പ്രതീക്ഷ കുറച്ച ദിവസങ്ങള്‍ക് ശേഷം എന്റെ പ്രിയതമ തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ഞാന്‍ മനസ്സിലാക്കി.. അവള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല... ആ കോളേജ് ലേക്കോ എന്റെ ജീവിതത്തിലേക്കോ ഒരു കുളിര്‍തെന്നലായി അവള്‍ എത്തില്ല...

ജീവിതത്തിന്റെ തിരക്ക് നിറഞ്ഞ വീഥികളില്‍ എപോഴെക്കൊയോ ഒരു നൊമ്പരമായി അവളുടെ ഓര്‍മ്മകള്‍ വന്നിരുന്നു... സുഖമുള്ള ഒരു നൊമ്പരം... എന്റെ ആദ്യ പ്രണയം... ഒരു മഴക്കാര്‍ ആയി ഉരുണ്ട് കൂടി ഏതോ ഒരു തെക്കന്‍ കാറ്റില്‍ മറ്റൊരു ദിക്കിലേക്ക് മാഞ്ഞു പോയ ഒരു പ്രണയം... ജീവിതത്തില്‍ എന്നും ആ ഓര്‍മ്മകള്‍ എന്നില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നു...

"എന്താ ഇങ്ങനെ നോക്കുന്നത്?? എന്നെ ഇഷ്ടമായില്ലേ??? "

ഉറക്കത്തില്‍ നിന്നെന്ന പോലെ ഞാന്‍ ഞെട്ടി തെറിച്ചു... അടച്ചിട്ട മുറി... മുകളില്‍ കറങ്ങുന്ന ഫാന്‍.. അടുത്ത മുറികളില്‍ നിന്നുയരുന്ന നിശ്വാസങ്ങള്‍... എന്റെ നാവു മരവിച്ചിരുന്നു.... തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി കിടന്നു... ഞാന്‍ തിരിഞ്ഞു നടന്നു... പിന്നില്‍ നിന്നും ശാപ വാക്കുകള്‍ പോലെ എന്തൊക്കെയോ....

"ആളെ കണ്ടിട്ട് ഇഷ്ടമായെങ്കില്‍ കയറ്റി വിട്ടാല്‍ പോരെ...??? വെറുതെ മനുഷ്യനെ മിനക്കെടുതിക്കാന്‍ ആയിട്ട്...."

എന്റെ പ്രണയം വിയര്‍പ്പില്‍ കുതിര്‍ന ചുരുണ്ട നോട്ടുകലായി ബ്ലൌസിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...
പിന്നീടൊരിക്കലും പ്രണയം എനിക്ക് വിങ്ങല്‍ ആയിരുന്നില്ല... ഒരു മരവിപ്പ് മാത്രം ആയിരുന്നു......

ഭക്തി

ഗ്രാമത്തില്‍ ദേവി ക്ഷേത്രത്തിലെ ഉത്സവം കേവലം ഒരു ആഘോഷം അല്ല. അതൊരു കൊച്ചു പൂരത്തിന് സമാനമാണ്. ജാതി മത ഭേദമന്യേ ഗ്രാമത്തിലെ എല്ലാവരും ഒത്തു കൂടി ആഘോഷിക്കുന്ന ഒരു പൊടി പൂരം. ആ ഗ്രാമക്കാര്‍ മാത്രമല്ല അയല്‍ ഗ്രമാങ്ങിളില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ആ ആഘോഷത്തില്‍ പങ്കു എടുക്കാറുണ്ട്. ഉച്ച കഴിഞ്ഞു ക്ഷേത്രത്തില്‍ നിന്നു തിരിക്കുന്ന ആറാട്ട്‌ ഘോഷയാത്രയെ കുറിച്ചുള്ള വിശേഷങ്ങള്‍ വാഗ്ധോരണികളില്‍ മുഴങ്ങി. ഏവരും അക്ഷമയോടെ കാത്തു നില്‍ക്കുകയായിരുന്നു.

ആറാട്ടിന് ഏറ്റവും മുന്‍പില്‍ ദേവിയുടെ എഴുന്നള്ളിപ്പ് ആയിരുന്നു . അത് കൊണ്ട് തന്നെ ദേവിക്ക് സര്‍വരെയും നന്നായി കാണാന്‍ സാധിക്കുമായിരുന്നു. ക്ഷേത്രത്തില്‍ ദിനവും വന്നു തന്റെ കാല്‍ക്കല്‍ വീഴാറുള്ള ചില പരിചിത മുഖങ്ങളില്‍ ദേവിയുടെ കണ്ണുകള്‍ ഉടക്കി നിന്നു. പതിവ് പരിഭവവും പരാതികളും അവരുടെ മുഖത്ത് അപ്പോള്‍ ഇല്ലായിരുന്നു. ആഹ്ലാദത്താല്‍ വിടര്‍ന്ന കണ്ണുകള്‍.... ദേവിയുടെ മനസ് ചാരിതാര്‍ധ്യം കൊണ്ട് നിറയുകയായിരുന്നു. വര്‍ഷത്തില്‍ ഒരു ദിവസം ആണ് തനിക്കു ഇങ്ങനെ എല്ലാ പ്രജകളെയും ഒരുമിച്ച് നേരിട്ട് കാണാന്‍ സാധിക്കുനത്. അപ്പോള്‍ എല്ലാവരുടെയും മുഖത്ത് കാണുന്ന സന്തോഷം ദേവിയുടെ കണ്ണ് നനയിച്ചു. ആനന്ദശ്രുക്കള്‍ പൊഴിച്ച് കൊണ്ട് ദേവി എല്ലാവരിലേക്കും തന്റെ കടാക്ഷം അയച്ചു. വഴിയരുകില്‍ ബലൂണ്‍ വില്പനക്കാരുടെ ചുറ്റും കൂടി നില്‍ക്കുന്ന കൊച്ചു കുട്ടികള്‍.... പെരുമ്പറയുടെ കൂടെ നൃത്തം വയ്കുന്ന ചെറുപ്പക്കാര്‍.... നാദസ്വര വിദ്വാന്മാരുടെ താളത്തിനൊത്ത് തലയാട്ടുന്ന ചില നരച്ച തലകള്‍... ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഘോഷയാത്ര നിയന്ത്രിക്കുന്ന ഭാരവാഹികള്‍... അതിനിടയില്‍ ആനവാല്‍ മോതിരം ഉണ്ടാക്കി തന്റെ കാമുകിയുടെ വിരലില്‍ ആരും അറിയാതെ ഇട്ടു കൊടുക്കുന്ന ഒരു കാമുകനെ ദേവി പ്രത്യേകം ശ്രദ്ധിച്ചു... ഇവന്‍ തന്നെയല്ലേ ദീപാരാധന സമയത്ത് കണ്ണ് തുറന്നു നിന്നു പെണ്‍കുട്ടികളെ വായ നോക്കി നില്‍ക്കുന്നത് . പൂജ കഴിയുന്നത്‌ വരെ കണ്ണ് തുറന്നു പിടിച്ചു ശ്രീകോവിലിന്റെ വാതിലിലേക്ക് നോക്കി നിന്നിട്ട് വാതില്‍ തുറന്നാല്‍ ഉടനെ കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടം ഭക്തരുടെ ഇടയില്‍ ഇവന്‍ ഭേദമായിരുന്നു. തന്നെ കണ്ടില്ല എങ്കിലും അവന്‍ എല്ലാ പെണ്‍കുട്ടികളെ കാണുമായിരുന്നു . ദേവിയുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടര്‍ന്നു.

ഘോഷയാത്ര മുന്നോട്ടു പോയ്കൊണ്ടിരിന്നു. ഉച്ചവെയിലിന് കാഠിന്യം കൂടി വന്നു. വെളിച്ചപ്പാടിനു ക്ഷീണം കൂടി വന്നു എന്ന് തോന്നുന്നു. ദാഹം മാറ്റാന്‍ ആ പാവം തൊണ്ട നനക്കുന്നു. ദേവിക്ക് വിഷമമായി.. തനിക്കു വേണ്ടി ഇത്ര കഷ്ടപെടുന്ന വെളിച്ചപാടിന്റെ അടുത്ത പ്രാര്‍ത്ഥന എന്തായാലും സഭാലമാക്കണം എന്ന് തീരുമാനിച്ചു. പക്ഷെ തൊണ്ട നനക്കുന്നതിനോടൊപ്പം അയാള്‍ എന്താണ് ചെയുന്നത്??? നാരങ്ങ അച്ചാര്‍ തൊട്ടു നാവില്‍ വക്കുന്നു. എനിട്ട്‌ നോട്ടി കൊണ്ട് തല കുടയുന്നു. മിന്നല്‍ പിണര്‍ പോലെ എന്തോ തലയില്‍ കൂടി പാഞ്ഞുവോ?? കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ദേവിക്ക് തോന്നി... പൂര്‍വാധികം ശക്തിയോടെ വെളിച്ചപ്പാട് വെളിച്ചപ്പെട്ടു തുടങ്ങി. തുള്ളലിന് ശക്തി കൂടി വന്നു. ദേവിക്ക് ഭയമായി. ഇയാള്‍ തന്നെ താഴെ ഇടുമോ എന്ന് പോലും തോന്നി. ഭയം നിറഞ്ഞ കണ്ണുകളോടെ തന്റെ പ്രജകളില്‍ ആരെങ്കിലും തന്നെ രക്ഷിക്കും എന്ന പ്രതീക്ഷയോടെ ദേവിയുടെ കണ്ണുകള്‍ ചുറ്റുപാടും പരതി. പക്ഷെ ആരും ആ നോട്ടം കണ്ടില്ലാ... ചിലര്‍ beverages എന്ന ഒരു ബോര്‍ഡ് നോക്കുന്ന തിരക്കില്‍ ആയിരുന്നു... മറ്റു ചിലര്‍ തീപെട്ടി കൂട് വച്ച് അളവ് എടുക്കുന്നു... ആനയുടെ കാലിന്റെ അടിയില്‍ കൂടി അപ്പുറത്ത് ചാടി തങ്ങളുടെ ധീരത തെളിയിക്കുന്നു... സ്ത്രീകളുടെ ഇടയില്‍ കൂടി വെരുകിനെ പോലെ തിരിഞ്ഞു കളിക്കുകയാണ് മറ്റു ചിലര്‍... കുപ്പികള്‍ പൊതിയുന്നത് ഉത്സവത്തിന്റെ നോടീസില്‍ ആണെന്നുള്ള സത്യം ദേവി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... മറ്റു ചിലര്‍ അവിടെ ചൂത് കളിക്കുകയാണ്.. ഉത്സവ ഡ്യൂട്ടിക്ക് വന്നു പോലീസ്കാര്‍ക്ക് തോര്‍ത്തില്‍ പൊതിഞ്ഞാണ് മദ്യം കൊടുക്കുന്നത്. അതാ അവിടെ ഒരുത്തന്‍ വാളു വയ്ക്കുന്നു... വെട്ടിയിട്ട വാഴ പോലെ അവന്‍ താഴേക്ക്‌ വീണു. കണ്ണ് പൊട്ടുന്ന തെറി വിളി കേട്ട് ദേവി ആ ഭാഗത്തേക്ക്‌ നോക്കി. ഭാഗ്യം തന്നെ അല്ല.. ഏതോ രണ്ടു കരക്കാര്‍ തങ്ങളില്‍ തല്ലു നടക്കുകയാണ്. ദേവിയെ അവരുടെ കരയില്‍ കൂടുതല്‍ നേരം നിര്‍ത്തിയില്ല പോലും. തല്ലു കൊണ്ടവനോ അതോ കൊടുത്തവനോ... ഉടുമുണ്ടില്ലാതെ ഓടുന്നു...

"ഭക്ത ജനങ്ങളെ" ഇടിത്തീ പോലെ ആണ് ആ ശബ്ദം ദേവിയുടെ ചെവിയില്‍ വന്നു വീണത്‌... മൈക്ക് പിടിച്ചു നില്‍ക്കുന്ന ഭാരവഹിയുടെ കണ്ണുകള്‍ ചുവന്നു ഇരിക്കുന്നു. കാലുകള്‍ നിലത്തു ഉറക്കുന്നുണ്ടോ?? "ഈശ്വരാ" ദേവി അറിയാതെ നിലവിളിച്ചു പോയി. ഇതും ഭക്തിയോ?? അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നി ദേവിക്ക്. വെളിച്ചപ്പാടിന്റെ തോളില്‍ നിന്നും ദേവി മെല്ലെ അയാള്‍ അറിയാതെ ഊര്‍നിറങ്ങി.. വെളിച്ചപ്പാട് അപോഴും തുള്ളലിന്റെ ആവേശത്തില്‍ ആയിരുന്നു. പിന്നില്‍ ഒരു ആരവം കേട്ട് ദേവി തിരിഞ്ഞു നോക്കി.... യുദ്ധം ചെയ്യാന്‍ വരുന്ന പോലെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി ആക്രോശത്തോടെ ഓടി അടുക്കുന്നു... പിന്നീട് തിരിഞ്ഞു നോക്കിയില്ല... ദേവി കാലു നീട്ടി വലിച്ചു ഓടി... കുറെ ദൂരം കഴിഞ്ഞപ്പോള്‍ ആരോ തൊട്ടടുത്തു എത്തിയത് ദേവിക്ക് മനസിലായി.. ഭയം നിറഞ്ഞ കണ്ണുകളോടെ തരിഞ്ഞു നോക്കി... ആശ്വാസം... അത് അടുത്ത ക്ഷേത്രത്തിലെ ദേവന്‍ ആയിരുന്നു... അവിടെയും ഇന്നായിരുന്നു ഉത്സവം... പിന്നീട് അവര്‍ ഒന്നിച്ചായി ഓട്ടം !!!!