വിപ്ലവം
Posted by: SHAMAN - Monday, March 28, 2011
കാലം
Posted by: SHAMAN -
മത്തായി എങ്ങനെ വിമര്‍ശകനായി...??
Posted by: SHAMAN - Thursday, January 27, 2011
പിറ്റേ ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മത്തായി തനിക്കു പുതിയതായി മുളച്ച രണ്ടു കൊമ്പുകള്‍ കണ്ടു... ദംഷ്ട്രകള്‍ കണ്ടു... ചുവന്നു തുടുത്ത കണ്ണുകള്‍...... പിന്നീടവന്‍ മുന്നില്‍ കണ്ട എഴുത്തുകാരുടെ നേര്‍ക്ക് അവരുടെ ചോര കുടിക്കാനായി തന്റെ പുത്തന്‍ ആയുധങ്ങളുമായി ചീറി അടുത്തു.....
ഹാര്‍ട്ട് അറ്റാക്ക്
Posted by: SHAMAN - Wednesday, January 19, 2011
സ്കൂളിലോ കോളേജിലോ അല്ല അദ്ദേഹം പഠിപ്പിക്കുന്നത്. അറിയപ്പെടുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പക്ഷെ എങ്കിലും നാട്ടുകാര്‍ക്ക് അദ്ദേഹം എന്നും ബഹുമാന്യന്‍ തന്നെയാണ്. മലയാളം എന്നാല്‍ മാധവന്‍ മാഷ് എന്നാണ് വയ്പ്പ്. അത്രയ്ക്കുണ്ട് അദ്ധേഹത്തിന്റെ ഭാഷ പരിജ്ഞാനം. മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ധേഹത്തിന്റെ ലാളിത്യം ആവണം. രാവിലെ നടക്കാന്‍ പോകുമ്പോഴും പോലും തന്റെ മുണ്ടും ഷര്‍ട്ടും തന്നെ ആണ് മാഷിന്റെ വേഷം. കുറച്ചു നരച്ചതെങ്കിലും നീട്ടി വളര്‍ത്തിയ താടി, നടക്കുമ്പോള്‍ വശങ്ങളിലേക്ക് ചെറുതായി അനങ്ങുന്ന തല, താടി മീശയുടെ ഇടയില്‍ കൂടി ഒളിഞ്ഞു നോക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി, ശാന്തമായ കണ്ണുകള്‍.... ഇതൊക്കെ മാഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നു. പത്താം ക്ലാസില്‍ മലയാളത്തില്‍ മാഷ് തന്നെ പഠിപ്പിച്ചിരുന്ന ശാന്ത ഹരിപഞ്ചാനനന്‍ എന്ന കഥാ പാത്രത്തെ ഓര്മിപ്പിക്കാറുണ്ട് എങ്കിലും അത്ര ശാന്തം അല്ലാത്ത മനസ്സില്‍ ഒരു പ്രണയം സമ്മാനിച്ച ഉണങ്ങാത്ത മുറിവുമായി ജീവിക്കുകയാണ് മാഷ് എന്നും ഒരു അഭിപ്രായം നാട്ടില്‍ ഉണ്ടായിരുന്നു . അദ്ധേഹത്തിന്റെ കണ്ണുകളില്‍ ആഴത്തില്‍ കിടന്നിരുന്ന ഒരു വേദന ആണോ അതോ പ്രണയത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ പിടഞ്ഞിരുന്ന അദ്ധേഹത്തിന്റെ ശബ്ദമാണോ കാരണം എന്ന് അറിയില്ല... ആ കഥ ഞാനും വിശ്വസിച്ചിരുന്നു. പക്ഷെ എപ്പോഴാണ് ഒരു രാഷ്ട്രീയകാരന്‍ ആകാന്‍ അദ്ദേഹം തീരുമാനിച്ചത് എന്ന് അറിയില്ല. മാഷിനെ നന്നായി അറിയാം എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളുടെ നഖത്തില്‍ പുരണ്ട നീല മഷി അദ്ധേഹത്തെ ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ആക്കി മാറ്റുകയും ചെയ്തു. പിന്നീട് അങ്ങോട്ട് മാറ്റത്തിന്റെ സമയം ആയിരുന്നു. എല്ലാ നാട്ടുകാരും സ്വപ്നം കണ്ടിരുന്ന സുന്ദര സുരഭിലമായ നാട് ആയി ഉള്ള മാറ്റം അല്ല സംഭവിച്ചത്.. പകരം മാറ്റം മാഷിനു ആയിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പാടിയിരുന്ന മാഷ് തന്റെ ആദര്‍ശങ്ങളെകാളും വില വായ്പ തേടി തന്റെ മുന്നില്‍ വരുന്നരുടെ വിയര്‍പ്പു തൂക്കി വിട്ടാല്‍ കിട്ടും എന്ന് തിരിച്ചറിഞ്ഞു. കരപ്പ ചീട്ടു എന്ന് അറിയപ്പെടുന്ന ഒരു ചീട്ടു സംഘടിപ്പിക്കാന്‍ പോയത് എനിക്കും ഒരു തിരിച്ചറിവിന്റെ ദിവസം ആയിരുന്നു. ശാന്ത ഹരിപഞ്ചാനനന്‍ മാത്രം അല്ല ക്രോധ ഹരിപഞ്ചാനനന്‍ ആകാനും തനിക്കും കഴിയും എന്ന് മാഷ് എന്നെ പഠിപ്പിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ മാഷിന്റെ വായില്‍ നിന്നു നേരിട്ട് നല്ല മലയാളം പഠിക്കാന്‍ കഴിഞ്ഞ ചാരിതാര്ത്യത്തോടെ ഞാന്‍ വീട്ടിലേക്കു മടങ്ങി. പക്ഷെ അപ്പോഴും മാഷിന് എങ്ങനെ ഇത് പോലെ ഒരു മാറ്റം സംഭവിച്ചു എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സില്‍ കിടന്നു നീറി. ഒടുവില്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ച് ഓര്‍ത്തു ഞാന്‍ സമാധാനിച്ചു.
അന്നത്തെ ആ വെള്ളിയാഴ്ച പുലര്‍ന്നത് മാഷിനു ഹാര്‍ട്ട് അറ്റാക്ക് വന്നു സീരിയസ് ആയി മെഡിക്കല്‍ കോളേജ് ഇല്‍ ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അടുത്ത് അല്ലായിരുന്നു എങ്കിലും മാഷിനെ കാണാന്‍ പോയ സംഘത്തോടൊപ്പം ഞാനും തിരിച്ചു. അവസാനമായി മാഷിനെ കാണാന്‍ ഉള്ള ആഗ്രഹം എന്നതിലുപരി മാഷിന്റെ ചേട്ടന്റെ മകള്‍ സിതാര അവിടെ ഉണ്ടാകും എന്ന പ്രതീക്ഷ ആയിരുന്നു. മാഷിന്റെ പ്രണയം പോലെ തന്നെ ഒരു വേദന തന്നു കൊണ്ട് അകന്നു പോകുമോ എന്ന് ഞാന്‍ ഭയന്നിരുന്ന പ്രണയം... കാരണമില്ലാത്ത ഏതോ ഭീതി പിന്നില്‍ നിന്നും പിടിച്ചു വലിച്ചത് കാരണം എനിക്ക് ഇത് വരെ പറയാന്‍ കഴിയാതെ പോയ പ്രണയം... കുഞ്ഞിലെ തന്നെ സ്വന്തം അമ്മയെ നഷ്ടപെട്ടവള്‍ എന്ന സഹതാപം ആണെന്ന് തോന്നുന്നു പിന്നീടു ഒരു പ്രണയത്തിന്റെ വിത്ത് എന്റെ മനസ്സില്‍ പാകിയത്. അവളുടെ സാമിപ്യം കൊതിച്ചായിരുന്നു ഞാന്‍ അവരില്‍ ഒരാള്‍ ആയതു. ആശുപത്രിയില്‍ ചെന്നപ്പോള്‍ മാഷിന്റെ അവസ്ഥ അത്ര ഗുരുതരം അല്ല എന്ന് അറിഞ്ഞു പക്ഷെ മരണം തൊട്ടടുത്ത് എത്തിയത് പോലെ ആയിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം. മരിക്കുന്നതിനു തൊട്ടു മുന്‍പ് എല്ലാവരോടുമായി ഒരു സത്യം പറയണം എന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ ഇടിത്തീ പോലെ പതിക്കുന്ന ആ സത്യം സിതാര തന്റെ സ്വന്തം മകള്‍ ആണ് എന്ന വെളിപ്പെടുത്തല്‍ ആകും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പിന്നില്‍ നിന്നു ഉയര്‍ന്ന അലമുറക്ക് ചെവി കൊടുക്കാതെ ഞാന്‍ പുറത്തേക്കു ഇറങ്ങി.
പിറ്റേന്ന് മുതല്‍ പാലിനോടൊപ്പം വെള്ളത്തിന് പകരം വാര്‍ത്തകള്‍ നിറച്ചു വില്കുന്ന ജോസിന്റെ പാല്‍ കച്ചവടം കുറച്ചു ദിവസത്തേക്ക് നന്നായി കൊഴുത്തു. രണ്ടു ആഴ്ച കഴിഞ്ഞു ആശുപത്രി വിട്ട മാഷ് പിന്നീട് ഒരിക്കലും തല ഉയര്‍ത്തി പിടിച്ചു നടന്നിരുന്നില്ല. കാപട്യം താന്‍ പഠിച്ചത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനു ശേഷം അല്ല എന്ന് നാട്ടുകാര്‍ക് അദ്ദേഹം തെളിയിച്ചു കൊടുത്തു. വെള്ളമടി സദസ്സില്‍ അവര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു അവസരം... പക്ഷെ ആ പൊട്ടി ചിരികള്ക് ഇടയില്‍ അവളുടെ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു കെട്ട തേങ്ങല്‍ ആരും കേട്ടില്ല..... അവളുടെ തേങ്ങല്‍ പോലെ തന്നെ എന്റെ പ്രണയവും ആരും കേള്കാതെയും അറിയാതെയും ഒടുങ്ങി....
ഒരു ഗ്രാജുവേറ്റ് വേശ്യ !!!!
Posted by: SHAMAN - Sunday, January 2, 2011
ഇത് പോലെ ഉള്ള സ്ഥലങ്ങളില്‍ പോയി മുന്‍ പരിചയം ഇല്ലാത്ത ഒരുവന്‍ ആയതു കൊണ്ട് എന്റെ ആഗ്രഹം അതിന്റേതായ ഗൌരവത്തിലും തികഞ്ഞ ഉത്തരവധിത്വതോടും സലിം ഏറ്റെടുത്തു. പിച്ച വച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ അച്ഛന്‍ കൈ പിടിച്ച നടത്തിയിരുന്നു. അതിനു ശേഷം ഇത്ര സന്തോഷത്തോടെ എന്നെ വേറെ ആരും കൈ പിടിച്ചു നടത്തിയിട്ടുണ്ടാവില്ല. വഴിയരികില്‍ നമ്മളെ മാടി വിളിച്ച കുപ്പി വളകള്‍ നിറഞ്ഞ കൈകള്‍ തട്ടി മാറ്റി നമ്മുടെ യാത്ര തുടര്‍ന്നു. വാ തോരാതെ അവന്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം അവിടെ കച്ചവടം ചെയുന്ന സാധന സമഗ്രികളെ കുറിച്ചും പിന്നെ അതിനെക്കാള്‍ വില കുറഞ്ഞ മാംസത്തെ കുറിച്ചും ആയിരുന്നു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നതിനു ശേഷം ജീവിതം എന്ന സത്യത്തെ കുറിച്ച് ഞാന്‍ പിന്നീട് ചിന്തിച്ചത് ആ തെരുവില്‍ കൂടി നടക്കുമ്പോള്‍ ആയിരുന്നു. പക്ഷെ യാധാര്ത്യത്തെ കുറിച്ച് ചിന്തിക്കാനും പരിതപിക്കാനും പ്രിയ യെ കുറിച്ചുള്ള അവന്റെ വര്‍ണന എന്നെ അനുവദിച്ചില്ല. ആ സ്വര്‍ഗത്തിലേക്ക് വീണ്ടും വലിഞ്ഞു കയറാന്‍ ആവശ്യമുള്ള മദ്യം അവന്‍ തന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നത് ഉപകാരമായി. അത് വഴിയരികിലെ പൈപ്പില്‍ നിന്നും വെള്ളം നിറച്ചു കുടിച്ചു തീര്‍ത്തു. അപ്പോഴേക്കും നമ്മള്‍ മാര്‍വാടിയുടെ കെട്ടിടത്തില്‍ എത്തി കഴിഞ്ഞിരുന്നു. അതൊരു സ്വര്‍ഗം തന്നെ ആയി എനിക്ക് തോന്നി. നിറയെ അപ്സരസ്സുകള്‍.... സോമരസം.... അവിടെ വച്ചിരുന്ന വലിയ കണ്ണാടിയില്‍ ഞാന്‍ കിരീട ധാരിയായ ഏതോ ദേവനെ പോലെ തോന്നിച്ചു. അധികം കാത്തു ഇരിക്കേണ്ടി വന്നില്ല. പ്രിയയുടെ മുറിയിലേക്കുള്ള വാതില്‍ എനിക്ക് മുന്നില്‍ തുറക്കപ്പെട്ടു.
മനുസ്മ്രിതി വായിച്ചു പരിചയം ഒന്നും ഉണ്ടായിരുന്നില്ല .പക്ഷെ പണ്ട് ആരോ അതില്‍ ഉള്ളതായി പറഞ്ഞു കേട്ടിടുണ്ട് ശാലീന സൌന്ദര്യം എന്താണ് എന്ന്. ഞാന്‍ അത് നേരിട്ട് കാണുക ആയിരുന്നു. അവളുടെ വിടര്‍ന്ന കണ്ണുകളില്‍ അഗാധമായി കിടന്ന വിഷാദം ഞാന്‍ തിരിച്ചറിഞ്ഞു. അവളുമായി കേളികളില്‍ ഏര്‍പ്പുടന്നതിനെക്കാള്‍ ആ രാത്രി വെളുക്കുന്നത് വരെ അവളുമായി സംസാരിക്കാനും... അവളുടെ മടിയില്‍ കിടക്കാനും... കവിളില്‍ തലോടാനും...പ്രണയ വിവശന്‍ ആകാനും ഉള്ളില്‍ നിറഞ്ഞു കിടന്നിരുന്ന മദ്യം ആവണം എന്റെ മനസ്സിനെ കച്ച കെട്ടിയത്. അവളുടെ മടിയില്‍ കിടന്നു ഞാന്‍ ആ കഥ കേട്ടു... ക്രൂരനായ ആ അമ്മാവനെ കണ്ടം തുണ്ടമായി വെട്ടി നുരുക്കാന്‍ ഉള്ള പക തോന്നി എനിക്ക്. BCom കാറി ആയ അവളെ എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപെടുത്താന്‍ ആയെങ്കില്‍.... എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.
"എവിടെയാ ഡിഗ്രിക്ക് പഠിച്ചത് ??"
"നാട്ടില്‍"...
അവളുടെ കണ്ണ് നിറഞ്ഞു ഇരുന്നു...
"ഏതായിരുന്നു university ???" അത് വഴി അവളുടെ നാട് എവിടെ എന്ന് ഊഹിക്കാന്‍ കഴിഞ്ഞാലോ എന്ന് ഓര്‍ത്തു ഞാന്‍ ചോദിച്ചു.
"അത്... അത്... ഞാന്‍ ഒരു parellel കോളേജില്‍ ആയിരുന്നു... "
"അതിനെന്താ university ഇല്ലാതിരിക്കില്ലല്ലോ..?? അത് പോട്ടെ optional ഏതായിരുന്നു " എനിക്ക് സംശയത്തിനു ആക്കം കൂടി.....
എന്റെ മുഖത്ത് നോക്കി ജാല്യത നിറഞ്ഞ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി. ജീവിതത്തിലെ സത്യത്തിന്റെ മറ്റൊരു മുഖം കൂടി ഞാന്‍ അവിടെ കണ്ടു. പിന്നെ ഒന്നും ഓര്‍ത്തില്ല.. അവളുടെ ചെറിയ ചുണ്ടില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ അവളെ കട്ടിലിലേക്ക് കിടത്തി ആ മാറിലേക്ക് വീണു. കണ്ണില്‍ നിറഞ്ഞ കള്ളത്തരം എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ആയിരുന്നോ അവള്‍ രണ്ടു കണ്ണുകളും ഇറുകെ അടച്ചു കളഞ്ഞത്... അതോ...??????
Satanic verses
Posted by: SHAMAN - Tuesday, December 14, 2010
വയമ്പ് കൊടുത്തു അവരെ സംസാരിക്കാന്‍ പഠിപ്പിച്ചിരുന്ന എന്നെ നോക്കി " ഇറങ്ങി പോടാ " എന്ന് അവര്‍ ആക്രോശിച്ചു... ആശാന്റെ നെഞ്ചത്ത് എന്നാണല്ലോ പഴമൊഴി. എന്റെ പ്രിയപ്പെട്ട ഈ ഇണകളെ എങ്ങനെയും ഇവിടെ നിന്നു രക്ഷിക്കണം. ഈ കൂടിനു പുറത്തു വിശാലമായ ഒരു ലോകം ഉണ്ട് എന്ന് അവരെ മനസിലാക്കണം. ഇവിടെ നിന്നു രക്ഷപെടാന്‍ ഉള്ള വഴി അവരെ ബോധിപ്പിക്കണം. ഒരുപാട് നാളുകളായി എന്റെ ചിന്ത അത് മാത്രമാണ്. പക്ഷെ അവരെ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന അയാളെ ആണ് അവര്‍ യജമാനന്‍ ആയി കാണുന്നത്. അവര്‍ എന്റെ സ്നേഹം തിരിച്ചറിയാതെ പോകുന്നു. വിശാലമായ ഈ കൂടിനു പുറത്തു എന്താണ് എന്ന് അവര്‍ മനസ്സിലാക്കണം. ഉടമസ്ഥന്‍ അറിയാതെ വേണം ഇവരുമായി എനിക്ക് സംസാരിക്കുവാന്‍ ... അയാള്‍ എന്നെ കണ്ടാല്‍ ശരിയാകില്ല. പണ്ട് അയാളുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് കുറച്ചു കുടിശ്ശിക വരുത്തി വച്ചത് ഞാന്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. എന്നെ ഒരു ബൂര്‍ഷ്വാസി എന്ന രീതിയില്‍ ആണ് ജന്മിത്ത സ്വഭാവത്തിന് ഉടമയായ ആ ആന്റി കമ്മ്യൂണിസ്റ്റ് കാരന്‍ ഈ കിളികളോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. വാക്കുകളുടെ അര്‍ഥം പോലും ശരിക്ക് മനസിലാക്കിയില്ല എങ്കിലും കിളികള്‍ അവരുടെ കലപില സ്വഭാവം കാണിക്കാതെ ഇരിക്കില്ലല്ലോ. മുഖത്ത് നോക്കി "കൂപ മണ്ടൂകങ്ങളെ" എന്ന് വിളിക്കാന്‍ പോലും ആവാത്ത അവസ്ഥ. അതും ഇവര്‍ക് മനസ്സിലാകില്ലല്ലോ. പക്ഷെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് കാരന്‍ ആയതു കൊണ്ടാകും അവകാശങ്ങളെ കുറിച്ച് അവരെ ബോധവന്മാരാക്കി സ്വാതന്ത്ര്യത്തിന്റെ തേന്‍ നുകരാന്‍ അവരെ പ്രാപ്തരാക്കണം എന്ന പിടിവാശി എനിക്കുണ്ടായി.
അങ്ങനെ നീണ്ട നാളത്തെ എന്റെ അന്വേഷണത്തിന് ഒടുവില്‍ ഞാന്‍ ഒരു സത്യം മനസ്സിലാക്കി. കൂടിന്റെ താക്കോല്‍ കൂട്ടിനു ഉള്ളില്‍ തന്നെയുള്ള ഒരു മരത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് ഇവരോട് പറഞ്ഞു മനസില്ലാക്കിയാല്‍ അവര്‍ക്ക് രക്ഷപ്പെടാം. മടിച്ചു നില്‍ക്കാതെ ആ രഹസ്യം പറയുവാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് ഓടി. പരസ്പരം കൊക്കുരുമ്മി പ്രണയ ബദ്ധരായി നില്‍ക്കുന്ന അവരുടെ ഇടയിലേക്ക് ഞാന്‍ ഒരു കട്ടുറുമ്പ് ആയി വലിഞ്ഞു കയറി. കട്ടുറുമ്പ് ആയി ചെന്നിട്ടും ഇത്തവണ എന്തോ ഭാഗ്യത്തിന് അവര്‍ക്ക് എന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തോന്നി. പെണ്കിളിയെ പറഞ്ഞു മനസ്സിലാക്കാന്‍ ആണ് കൂടുതല്‍ സുഖം എന്ന് എനിക്കും തോന്നി. അവള്‍ ആകുമ്പോള്‍ അധികം സംശയങ്ങള്‍ ചോദിക്കില്ല. അങ്ങനെ പുറത്തെ വിശാലമായ ലോകത്തെ കുറിച്ചും ഈ യജമാനന്റെ കാപട്യത്തെ കുറിച്ചും മരത്തില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുന്ന തക്കൊലിനെ കുറിച്ചും അവരോടു ഞാന്‍ വിശദമായി തന്നെ പറഞ്ഞു. പക്ഷെ ആ മരത്തിന്റെ അടുത്ത് പോകാന്‍ പാടില്ല എന്നും ഇതിലെ കായ വിഷം ആണ് എന്ന് ഉടമസ്ഥന്‍ പറഞ്ഞത്രേ. ആരെങ്കിലും സ്വന്തം തോട്ടത്തില്‍ വിഷം കൊണ്ട് നടുമോ ?? യജമാനനെ കണ്ണടച്ച് വിശ്വസിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക് മറ്റൊന്നും മനസിലാകാത്തത് എന്ന് ഞാന്‍ അവരെ വിശ്വസിപ്പിച്ചു. വിശ്വാസത്തിന്റെ പൊള്ളത്തരം മറ്റൊരു വിശ്വാസത്തില്‍ കൂടി മാറ്റിക്കുവാന്‍ എനിക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.
ഒടുവില്‍ ആ മരത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന താക്കോല്‍ കണ്ടു പിടിക്കാം എന്ന് ധീരനായ ആണ്‍ കിളി തീരുമാനിച്ചു . അവള്‍ അവനു വേണ്ട പിന്തുണയും പ്രഖ്യാപിച്ചു. താക്കോല്‍ കൊത്തി എടുക്കുമ്പോള്‍ അഥവാ തൊണ്ടയില്‍ കുരുങ്ങിയാല്‍ പണ്ട് പാര്‍വതി ശിവനോട് ചെയ്തത് പോലെ തന്റെ കഴുത്തിലും കയറി പിടിക്കാന്‍ അവളെ ചട്ടം കെട്ടി അവന്‍ മരത്തിലേക്ക് കയറി. പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. താക്കോല്‍ കിട്ടിയ ആവേശത്തില്‍ യാഹൂ എന്ന് വിളിച്ചു കൂവിയത് കൊണ്ടാകും അവന്റെ തൊണ്ട കുഴിയിലേക്ക് താക്കോല്‍ ഇറങ്ങി പോയി. നിലത്തു വീണു പിടച്ച അവന്റെ കഴുത്തില്‍ പിടിച്ചു അവള്‍ ഒരു വാശിയോടെ ഞെക്കിപിടിച്ചു. അവന്റെ കണ്ണുകള്‍ തള്ളി പുറത്തേക്കു വന്നു. കൂടെ താക്കോലും..... തിളങ്ങുന്ന കണ്ണുകളോടെ താക്കോല്‍ കടിച്ചു വലിച്ചു എടുത്ത അവള്‍ അതിന്റെ ഒരു ചെറിയ കഷ്ണം അവന്റെ തൊണ്ടയില്‍ കുരുങ്ങിയത് പോലെ ശ്രദ്ധിക്കാതെ കൂടിന്റെ വാതില്‍ തപ്പി കണ്ടു പിടിച്ചു വലിച്ചു തുറന്നു. കഴുത്തില്‍ തടഞ്ഞ കഷ്ണം കാരണം ഒന്നും മിണ്ടാന്‍ കഴിയാതെ തളര്‍ന്നു കിടന്ന അവനെ അവള്‍ തൂക്കി എടുത്തു പുറത്തേക്കു ഇട്ടു. താന്‍ കാരണം ആണ് എനിക്ക് ഇതൊക്കെ സംഭവിച്ചത് എന്ന രീതിയില്‍ ക്രൂര മായ ഒരു നോട്ടം അവന്റെ വക...ഒരു നന്ദി വാക്ക് പോലും പറയാതെ കിളികള്‍ രണ്ടും അകലേക്ക് പറന്നകന്നു. പോകുന്ന വഴിയില്‍ പഴയ യജമാനന്റെ മുഖത്ത് കാഷ്ട്ടിക്കാന്‍ അവര്‍ മറന്നില്ല. എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കാരണം ആണ് എന്ന് ഒരു വിഡ്ഢി സ്വര്‍ഗം പണിതു അതിന്റെ മേല്‍ ഒരു കൂടാരവും ഉണ്ടാക്കി ഞാന്‍ നിര്‍നിമേഷനായി നോക്കി ഇരുന്നു...
അവരുടെ ചിറകടി ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സില്‍ അവശേഷിച്ചു. എന്തിനായിരിക്കും ആ ഉടമസ്ഥന്‍ കൂട്ടിനുള്ളില്‍ തന്നെ ഉള്ള ആ മരപ്പൊത്തില്‍ താക്കോല്‍ ഒളിപ്പിച്ചു വച്ചത്..???
അജ്ഞാത ശവം !!!
Posted by: SHAMAN - Tuesday, November 23, 2010
വഴിയരികില്‍ ഒരു അജ്ഞാത ശവം !!!
കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട് ഓടിയില്ല... അവനവന്റെ ജോലി നോക്കി പോയി. നാടുവാഴിയുടെ കല്പന ഉണ്ട്, വഴിയില്‍ വായിനോക്കി നിന്നാല്‍ പിഴയുണ്ടാകും എന്ന്. അത് പേടിച്ചിട്ടു ശവത്തിനെ അതിന്റെ പാട്ടിനു വിട്ട് ആളുകള്‍ നീങ്ങി. ചിലര്‍ തങ്ങളുടെ ശകടത്തിന്റെ വേഗത കുറച്ചു നോക്കാന്‍ ധൈര്യം കാണിച്ചു. എന്തായാലും അധികം താമസിയാതെ തന്നെ കുട്ടിപട്ടാളം എത്തി. പട്ടാളകാര്‍ക്ക് പോലും പുച്ഛം തോന്നി. എല്ലുന്തി കവിളൊട്ടി കോലം കേട്ട ഒരു ശവം. ഇതിനെ കാണാന്‍ ആണോ നമ്മള്‍ വേഷം കെട്ടി ഇവിടെ വരെ വന്നത് എന്ന ഒരു ഭാവമാണ് അവര്‍ക്ക്. വാസന സോപ്പോ സുഗന്ധ ദ്രവ്യങ്ങലോ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത എവനോ ആണ് എന്ന് അവര്‍ക്ക് മനസിലായി. അത്രക്കുണ്ടായിരുന്നു ശവത്തിന്റെ വിയര്‍പ്പു നാറ്റം. ഇത്ര വിയര്‍പ്പു നാറ്റം ഉള്ള ഒരുവന്‍ നമ്മുടെ നാട്ടുകാരന്‍ ആവാന്‍ യാതൊരു മാര്‍ഗവും ഇല്ല, കാരണം നമ്മുടെ ശരീരം ഒരിക്കലും വിയര്‍ക്കാരില്ലല്ലോ. ഇത് മറുനാട്ടില്‍ നിന്നു ഇവിടേയ്ക്ക് നീന്തി കയറി വന്നവന്‍ ആകും. നമ്മുടെ നാട്ടില്‍ വന്നു കിടന്നിട്ടു നമുക്ക് മാനക്കേടുണ്ടാക്കുന്ന ഇത് പോലെ ഉള്ളവരെ ഇവിടെ നിന്നും പൂര്‍ണമായി തുടച്ചു നീക്കുന്നതിന് വേണ്ടിയുള്ള നിയമവശങ്ങളുടെ ആവശ്യകതയെ കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു. എന്തായാലും ഇതിനെ അധികം നേരം വച്ചു കൊണ്ടിരിക്കാന്‍ ആവില്ല. അവന്റെ നാട്ടിലേക്ക് ദൂതനെ അയച്ചു, " വിയര്‍പോഴുക്കി നിങ്ങളെ പോറ്റാന്‍ ആയി ഇങ്ങോട്ട് നീന്തികയറിയ ഇവന്റെ പട്ടിണി കിടന്ന കോലം കെട്ട ശരീരം നമ്മള്‍ ഇവിടെ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത് വന്നു എടുത്തു കൊണ്ട് പോകണം " എന്ന ഒരു കുറിപ്പോടു കൂടി !!!
"എനിക്കിനി ആരുണ്ട് " ???????? എന്ന അലമുറയിട്ടു കരയുന്നതിന്റെ തിരക്ക് ഒഴിയാഞ്ഞത് കൊണ്ടാവണം പാവം ബന്ധുകള്‍ക്ക് അവന്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ പോയത്. അത് ഒരു കണക്കിന് നന്നായി എന്ന് കരുതി ദൂതനും ആശ്വസിച്ചു. വിശന്നു തളര്‍ന്നപ്പോള്‍ മണലില്‍ വിയര്‍പ്പും കുറച്ചു രക്തവും ചേര്‍ത്ത് കുഴച്ചു തിന്നാന്‍ ശ്രമിച്ചു മരിച്ചതാണ് എന്ന് ബന്ധുക്കളെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന ഒരു വലിയ സംശയത്തിനു അറുതി വന്നല്ലോ. അലമുറയുടെയും അന്വേഷങ്ങളുടെയും ഇടയില്‍ കൂടി ദൂതന്‍ അവരോടു ശവത്തെ ഇങ്ങോട്ടേക്കു കൊണ്ട് വരാന്‍ ആവശ്യമായ നടപടികളെ കുറിച്ച് പറഞ്ഞു. അയാള്‍ ആ നാടുകാരന്‍ ആണെന്നും കുടുംബക്കാരന്‍ ആണെന്നും തെളിയിക്കുന്ന രേഖകളും മറ്റും കൊണ്ട് വരാന്‍ ദൂതന്‍ പറഞ്ഞു. പക്ഷെ അയാള്‍ അവിടെ എന്നല്ല ആ ഭൂമിയില്‍ തന്നെ ജീവിച്ചിരുന്ന ഒരാള്‍ ആണെന്ന് തെളിയിക്കുന്ന ഒന്നും തന്നെ അവിടെ നിന്നും തരപ്പെട്ടില്ല. നാട്ടിലെ പുതിയ നിയമപ്രകാരം ആ നാട്ടില്‍ ജീവിച്ചു മരിക്കുന്നവര്‍ അല്ലാതെ വേറെ ആരെയും കുറിച്ച് യാതൊരു രേഖകളും സൂക്ഷികേണ്ട കാര്യമില്ല പോലും. എങ്കിലും വീട്ടിലെ പട്ടിക്കും ആടിനും മറ്റും കണക്കും കാര്യങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. തെക്ക് ഭാഗത്തായി നിന്നിരുന്ന മാവിനെ നോക്കി "ഒരു കണക്കിന് കൊണ്ട് വരാത്തത് ലാഭമായി " എന്ന് പറഞ്ഞ ചില ബന്ധു മിത്രാധികളുടെ മുഖത്ത് നോക്കി നേരിയ ഒരു പുഞ്ചിരി പായിച്ചു കൊണ്ട് നമ്മുടെ ദൂതന്‍ തിരിച്ചു മടങ്ങി.
നമ്മുടെ സ്വന്തം അല്ലാത്ത ഈ ശവത്തെ നാട്ടില്‍ ഇനിയും സൂക്ഷിക്കെണ്ടാതില്ല എന്ന് നാടുവാഴിയുടെ ഉത്തരവ് വന്നു. രണ്ടു നാടുകളെയും ബന്ധിപ്പിക്കുന്ന ഒരു കായല്‍ ഉണ്ട്. അത് കടന്നാണ് പലരും ഈ നാട്ടിലേക്ക് വന്നു കയറുക. ശവം ആ കായലില്‍ ഒഴുക്കാന്‍ ഒടുവില്‍ തീരുമാനം ആയി. ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു മരിച്ചവനാണ് എങ്കിലും അവന്റെ ശരീരം ഒരുപാട് മത്സ്യങ്ങള്‍ക് ആഹരമായാലോ എന്ന തോന്നല്‍ ആയിരുന്നു അതിനു പിന്നില്‍ . ശവം ആയതിനു ശേഷം ആണെങ്കിലും വയറു നിറയെ കുടിക്കാന്‍ വെള്ളം കിട്ടിയതിന്റെ സന്തോഷത്തില്‍ അവന്റെ മുഖം തെളിഞ്ഞിരുന്നു.... അങ്ങനെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ വീര്‍ത്ത വയറുമായി ആ ശവം മെല്ലെ മെല്ലെ ദൂരേക്ക് എവിടെയെക്കോ ഒഴുകി പോയി..
