അജ്ഞാത ശവം !!!

വഴിയരികില്‍ ഒരു അജ്ഞാത ശവം !!!

കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട്‌ ഓടിയില്ല... അവനവന്റെ ജോലി നോക്കി പോയി. നാടുവാഴിയുടെ കല്പന ഉണ്ട്, വഴിയില്‍ വായിനോക്കി നിന്നാല്‍ പിഴയുണ്ടാകും എന്ന്. അത് പേടിച്ചിട്ടു ശവത്തിനെ അതിന്റെ പാട്ടിനു വിട്ട്‌ ആളുകള്‍ നീങ്ങി. ചിലര്‍ തങ്ങളുടെ ശകടത്തിന്റെ വേഗത കുറച്ചു നോക്കാന്‍ ധൈര്യം കാണിച്ചു. എന്തായാലും അധികം താമസിയാതെ തന്നെ കുട്ടിപട്ടാളം എത്തി. പട്ടാളകാര്‍ക്ക് പോലും പുച്ഛം തോന്നി. എല്ലുന്തി കവിളൊട്ടി കോലം കേട്ട ഒരു ശവം. ഇതിനെ കാണാന്‍ ആണോ നമ്മള്‍ വേഷം കെട്ടി ഇവിടെ വരെ വന്നത് എന്ന ഒരു ഭാവമാണ് അവര്‍ക്ക്. വാസന സോപ്പോ സുഗന്ധ ദ്രവ്യങ്ങലോ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത എവനോ ആണ് എന്ന് അവര്‍ക്ക് മനസിലായി. അത്രക്കുണ്ടായിരുന്നു ശവത്തിന്റെ വിയര്‍പ്പു നാറ്റം. ഇത്ര വിയര്‍പ്പു നാറ്റം ഉള്ള ഒരുവന്‍ നമ്മുടെ നാട്ടുകാരന്‍ ആവാന്‍ യാതൊരു മാര്‍ഗവും ഇല്ല, കാരണം നമ്മുടെ ശരീരം ഒരിക്കലും വിയര്‍ക്കാരില്ലല്ലോ. ഇത് മറുനാട്ടില്‍ നിന്നു ഇവിടേയ്ക്ക് നീന്തി കയറി വന്നവന്‍ ആകും. നമ്മുടെ നാട്ടില്‍ വന്നു കിടന്നിട്ടു നമുക്ക് മാനക്കേടുണ്ടാക്കുന്ന ഇത് പോലെ ഉള്ളവരെ ഇവിടെ നിന്നും പൂര്‍ണമായി തുടച്ചു നീക്കുന്നതിന് വേണ്ടിയുള്ള നിയമവശങ്ങളുടെ ആവശ്യകതയെ കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു. എന്തായാലും ഇതിനെ അധികം നേരം വച്ചു കൊണ്ടിരിക്കാന്‍ ആവില്ല. അവന്റെ നാട്ടിലേക്ക് ദൂതനെ അയച്ചു, " വിയര്‍പോഴുക്കി നിങ്ങളെ പോറ്റാന്‍ ആയി ഇങ്ങോട്ട് നീന്തികയറിയ ഇവന്റെ പട്ടിണി കിടന്ന കോലം കെട്ട ശരീരം നമ്മള്‍ ഇവിടെ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത് വന്നു എടുത്തു കൊണ്ട് പോകണം " എന്ന ഒരു കുറിപ്പോടു കൂടി !!!


"എനിക്കിനി ആരുണ്ട്‌ " ???????? എന്ന അലമുറയിട്ടു കരയുന്നതിന്റെ തിരക്ക് ഒഴിയാഞ്ഞത് കൊണ്ടാവണം പാവം ബന്ധുകള്‍ക്ക് അവന്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ പോയത്. അത് ഒരു കണക്കിന് നന്നായി എന്ന് കരുതി ദൂതനും ആശ്വസിച്ചു. വിശന്നു തളര്‍ന്നപ്പോള്‍ മണലില്‍ വിയര്‍പ്പും കുറച്ചു രക്തവും ചേര്‍ത്ത് കുഴച്ചു തിന്നാന്‍ ശ്രമിച്ചു മരിച്ചതാണ് എന്ന് ബന്ധുക്കളെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന ഒരു വലിയ സംശയത്തിനു അറുതി വന്നല്ലോ. അലമുറയുടെയും അന്വേഷങ്ങളുടെയും ഇടയില്‍ കൂടി ദൂതന്‍ അവരോടു ശവത്തെ ഇങ്ങോട്ടേക്കു കൊണ്ട് വരാന്‍ ആവശ്യമായ നടപടികളെ കുറിച്ച് പറഞ്ഞു. അയാള്‍ ആ നാടുകാരന്‍ ആണെന്നും കുടുംബക്കാരന്‍ ആണെന്നും തെളിയിക്കുന്ന രേഖകളും മറ്റും കൊണ്ട് വരാന്‍ ദൂതന്‍ പറഞ്ഞു. പക്ഷെ അയാള്‍ അവിടെ എന്നല്ല ആ ഭൂമിയില്‍ തന്നെ ജീവിച്ചിരുന്ന ഒരാള്‍ ആണെന്ന് തെളിയിക്കുന്ന ഒന്നും തന്നെ അവിടെ നിന്നും തരപ്പെട്ടില്ല. നാട്ടിലെ പുതിയ നിയമപ്രകാരം ആ നാട്ടില്‍ ജീവിച്ചു മരിക്കുന്നവര്‍ അല്ലാതെ വേറെ ആരെയും കുറിച്ച് യാതൊരു രേഖകളും സൂക്ഷികേണ്ട കാര്യമില്ല പോലും. എങ്കിലും വീട്ടിലെ പട്ടിക്കും ആടിനും മറ്റും കണക്കും കാര്യങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. തെക്ക് ഭാഗത്തായി നിന്നിരുന്ന മാവിനെ നോക്കി "ഒരു കണക്കിന് കൊണ്ട് വരാത്തത് ലാഭമായി " എന്ന് പറഞ്ഞ ചില ബന്ധു മിത്രാധികളുടെ മുഖത്ത് നോക്കി നേരിയ ഒരു പുഞ്ചിരി പായിച്ചു കൊണ്ട് നമ്മുടെ ദൂതന്‍ തിരിച്ചു മടങ്ങി.


നമ്മുടെ സ്വന്തം അല്ലാത്ത ഈ ശവത്തെ നാട്ടില്‍ ഇനിയും സൂക്ഷിക്കെണ്ടാതില്ല എന്ന് നാടുവാഴിയുടെ ഉത്തരവ് വന്നു. രണ്ടു നാടുകളെയും ബന്ധിപ്പിക്കുന്ന ഒരു കായല്‍ ഉണ്ട്. അത് കടന്നാണ് പലരും ഈ നാട്ടിലേക്ക് വന്നു കയറുക. ശവം ആ കായലില്‍ ഒഴുക്കാന്‍ ഒടുവില്‍ തീരുമാനം ആയി. ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു മരിച്ചവനാണ് എങ്കിലും അവന്റെ ശരീരം ഒരുപാട് മത്സ്യങ്ങള്‍ക് ആഹരമായാലോ എന്ന തോന്നല്‍ ആയിരുന്നു അതിനു പിന്നില്‍ . ശവം ആയതിനു ശേഷം ആണെങ്കിലും വയറു നിറയെ കുടിക്കാന്‍ വെള്ളം കിട്ടിയതിന്റെ സന്തോഷത്തില്‍ അവന്റെ മുഖം തെളിഞ്ഞിരുന്നു.... അങ്ങനെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ വീര്‍ത്ത വയറുമായി ആ ശവം മെല്ലെ മെല്ലെ ദൂരേക്ക് എവിടെയെക്കോ ഒഴുകി പോയി..

No comments:

Post a Comment