മാധവന്‍ മാഷ് സര്‍വ സമ്മതനാണ്.
സ്കൂളിലോ കോളേജിലോ അല്ല അദ്ദേഹം പഠിപ്പിക്കുന്നത്. അറിയപ്പെടുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പക്ഷെ എങ്കിലും നാട്ടുകാര്‍ക്ക് അദ്ദേഹം എന്നും ബഹുമാന്യന്‍ തന്നെയാണ്. മലയാളം എന്നാല്‍ മാധവന്‍ മാഷ് എന്നാണ് വയ്പ്പ്. അത്രയ്ക്കുണ്ട് അദ്ധേഹത്തിന്റെ ഭാഷ പരിജ്ഞാനം. മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ധേഹത്തിന്റെ ലാളിത്യം ആവണം. രാവിലെ നടക്കാന്‍ പോകുമ്പോഴും പോലും തന്റെ മുണ്ടും ഷര്‍ട്ടും തന്നെ ആണ് മാഷിന്റെ വേഷം. കുറച്ചു നരച്ചതെങ്കിലും നീട്ടി വളര്‍ത്തിയ താടി, നടക്കുമ്പോള്‍ വശങ്ങളിലേക്ക് ചെറുതായി അനങ്ങുന്ന തല, താടി മീശയുടെ ഇടയില്‍ കൂടി ഒളിഞ്ഞു നോക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി, ശാന്തമായ കണ്ണുകള്‍.... ഇതൊക്കെ മാഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നു. പത്താം ക്ലാസില്‍ മലയാളത്തില്‍ മാഷ് തന്നെ പഠിപ്പിച്ചിരുന്ന ശാന്ത ഹരിപഞ്ചാനനന്‍ എന്ന കഥാ പാത്രത്തെ ഓര്മിപ്പിക്കാറുണ്ട് എങ്കിലും അത്ര ശാന്തം അല്ലാത്ത മനസ്സില്‍ ഒരു പ്രണയം സമ്മാനിച്ച ഉണങ്ങാത്ത മുറിവുമായി ജീവിക്കുകയാണ് മാഷ് എന്നും ഒരു അഭിപ്രായം നാട്ടില്‍ ഉണ്ടായിരുന്നു . അദ്ധേഹത്തിന്റെ കണ്ണുകളില്‍ ആഴത്തില്‍ കിടന്നിരുന്ന ഒരു വേദന ആണോ അതോ പ്രണയത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ പിടഞ്ഞിരുന്ന അദ്ധേഹത്തിന്റെ ശബ്ദമാണോ കാരണം എന്ന് അറിയില്ല... ആ കഥ ഞാനും വിശ്വസിച്ചിരുന്നു. പക്ഷെ എപ്പോഴാണ് ഒരു രാഷ്ട്രീയകാരന്‍ ആകാന്‍ അദ്ദേഹം തീരുമാനിച്ചത് എന്ന് അറിയില്ല. മാഷിനെ നന്നായി അറിയാം എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളുടെ നഖത്തില്‍ പുരണ്ട നീല മഷി അദ്ധേഹത്തെ ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ആക്കി മാറ്റുകയും ചെയ്തു. പിന്നീട് അങ്ങോട്ട് മാറ്റത്തിന്റെ സമയം ആയിരുന്നു. എല്ലാ നാട്ടുകാരും സ്വപ്നം കണ്ടിരുന്ന സുന്ദര സുരഭിലമായ നാട് ആയി ഉള്ള മാറ്റം അല്ല സംഭവിച്ചത്.. പകരം മാറ്റം മാഷിനു ആയിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പാടിയിരുന്ന മാഷ് തന്റെ ആദര്‍ശങ്ങളെകാളും വില വായ്പ തേടി തന്റെ മുന്നില്‍ വരുന്നരുടെ വിയര്‍പ്പു തൂക്കി വിട്ടാല്‍ കിട്ടും എന്ന് തിരിച്ചറിഞ്ഞു. കരപ്പ ചീട്ടു എന്ന് അറിയപ്പെടുന്ന ഒരു ചീട്ടു സംഘടിപ്പിക്കാന്‍ പോയത് എനിക്കും ഒരു തിരിച്ചറിവിന്റെ ദിവസം ആയിരുന്നു. ശാന്ത ഹരിപഞ്ചാനനന്‍ മാത്രം അല്ല ക്രോധ ഹരിപഞ്ചാനനന്‍ ആകാനും തനിക്കും കഴിയും എന്ന് മാഷ് എന്നെ പഠിപ്പിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ മാഷിന്റെ വായില്‍ നിന്നു നേരിട്ട് നല്ല മലയാളം പഠിക്കാന്‍ കഴിഞ്ഞ ചാരിതാര്ത്യത്തോടെ ഞാന്‍ വീട്ടിലേക്കു മടങ്ങി. പക്ഷെ അപ്പോഴും മാഷിന് എങ്ങനെ ഇത് പോലെ ഒരു മാറ്റം സംഭവിച്ചു എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സില്‍ കിടന്നു നീറി. ഒടുവില്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ച് ഓര്‍ത്തു ഞാന്‍ സമാധാനിച്ചു.
അന്നത്തെ ആ വെള്ളിയാഴ്ച പുലര്‍ന്നത് മാഷിനു ഹാര്‍ട്ട് അറ്റാക്ക് വന്നു സീരിയസ് ആയി മെഡിക്കല്‍ കോളേജ് ഇല്‍ ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അടുത്ത് അല്ലായിരുന്നു എങ്കിലും മാഷിനെ കാണാന്‍ പോയ സംഘത്തോടൊപ്പം ഞാനും തിരിച്ചു. അവസാനമായി മാഷിനെ കാണാന്‍ ഉള്ള ആഗ്രഹം എന്നതിലുപരി മാഷിന്റെ ചേട്ടന്റെ മകള്‍ സിതാര അവിടെ ഉണ്ടാകും എന്ന പ്രതീക്ഷ ആയിരുന്നു. മാഷിന്റെ പ്രണയം പോലെ തന്നെ ഒരു വേദന തന്നു കൊണ്ട് അകന്നു പോകുമോ എന്ന് ഞാന്‍ ഭയന്നിരുന്ന പ്രണയം... കാരണമില്ലാത്ത ഏതോ ഭീതി പിന്നില്‍ നിന്നും പിടിച്ചു വലിച്ചത് കാരണം എനിക്ക് ഇത് വരെ പറയാന്‍ കഴിയാതെ പോയ പ്രണയം... കുഞ്ഞിലെ തന്നെ സ്വന്തം അമ്മയെ നഷ്ടപെട്ടവള്‍ എന്ന സഹതാപം ആണെന്ന് തോന്നുന്നു പിന്നീടു ഒരു പ്രണയത്തിന്റെ വിത്ത് എന്റെ മനസ്സില്‍ പാകിയത്. അവളുടെ സാമിപ്യം കൊതിച്ചായിരുന്നു ഞാന്‍ അവരില്‍ ഒരാള്‍ ആയതു. ആശുപത്രിയില്‍ ചെന്നപ്പോള്‍ മാഷിന്റെ അവസ്ഥ അത്ര ഗുരുതരം അല്ല എന്ന് അറിഞ്ഞു പക്ഷെ മരണം തൊട്ടടുത്ത് എത്തിയത് പോലെ ആയിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം. മരിക്കുന്നതിനു തൊട്ടു മുന്‍പ് എല്ലാവരോടുമായി ഒരു സത്യം പറയണം എന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ ഇടിത്തീ പോലെ പതിക്കുന്ന ആ സത്യം സിതാര തന്റെ സ്വന്തം മകള്‍ ആണ് എന്ന വെളിപ്പെടുത്തല്‍ ആകും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പിന്നില്‍ നിന്നു ഉയര്‍ന്ന അലമുറക്ക് ചെവി കൊടുക്കാതെ ഞാന്‍ പുറത്തേക്കു ഇറങ്ങി.
പിറ്റേന്ന് മുതല്‍ പാലിനോടൊപ്പം വെള്ളത്തിന് പകരം വാര്‍ത്തകള്‍ നിറച്ചു വില്കുന്ന ജോസിന്റെ പാല്‍ കച്ചവടം കുറച്ചു ദിവസത്തേക്ക് നന്നായി കൊഴുത്തു. രണ്ടു ആഴ്ച കഴിഞ്ഞു ആശുപത്രി വിട്ട മാഷ് പിന്നീട് ഒരിക്കലും തല ഉയര്‍ത്തി പിടിച്ചു നടന്നിരുന്നില്ല. കാപട്യം താന്‍ പഠിച്ചത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനു ശേഷം അല്ല എന്ന് നാട്ടുകാര്‍ക് അദ്ദേഹം തെളിയിച്ചു കൊടുത്തു. വെള്ളമടി സദസ്സില്‍ അവര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു അവസരം... പക്ഷെ ആ പൊട്ടി ചിരികള്ക് ഇടയില്‍ അവളുടെ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു കെട്ട തേങ്ങല്‍ ആരും കേട്ടില്ല..... അവളുടെ തേങ്ങല്‍ പോലെ തന്നെ എന്റെ പ്രണയവും ആരും കേള്കാതെയും അറിയാതെയും ഒടുങ്ങി....
Subscribe to:
Post Comments (Atom)

1 comment:
പാവം നീയും അവളും ...മാഷിന്റെ ആ കണ്ണുകളും മുഖം മൂടി അണിഞ്ഞിരുന്നു ...:)
Post a Comment