വിപ്ലവം

ജനിച്ചപ്പോള്‍ മുതല്‍കേ കണ്ടു വളര്‍ന്നത്‌ മാര്‍ക്സ് , ലെനിന്‍ , സ്റാലിന്‍ എന്നിവരുടെ ചിത്രങ്ങള്‍ ആണ്. ത്രിമൂര്‍ത്തികളെ കുറിച്ച് അമ്മൂമ്മ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ഇവരുടെ മുഖം ആയിരുന്നു ഓര്‍മ വരുന്നത്. അമ്മാവന്മാര്‍ എന്നെ ചെന്കൊടിയില്‍ പൊതിഞ്ഞു വിപ്ലവത്തിന്റെ തീച്ചൂളയില്‍ ഉരുക്കി എടുത്തു വളര്‍ത്തി. മുദ്രാ വാക്യങ്ങളിലും മനുഷ്യ ചങ്ങലകളിലും ഇടചേര്‍ന് കടന്നു പോയി എന്റെ ബാല്യം. കോളേജ് ഇല്‍ ചേര്‍ന്ന് പടിപ്പു തുടര്‍ന്നപ്പോള്‍ വിപ്ലവ വീര്യം എന്നില്‍ കത്തി പടരുക ആയിരുന്നു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനം എന്ന വിഡ്ഢി സ്വര്‍ഗത്തില്‍ എന്റെ മുദ്രാവാക്യങ്ങള്‍ നിറയുന്നതിനിടയില്‍ തറവാട്ടില്‍ ത്രിമൂര്തികല്ക് സ്ഥാനഭ്രംശം നടന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. കുടുംബ ജീവിതം മനുഷ്യരില്‍ ( പ്രത്യേകിച്ച് അമ്മാവന്മാരായ വിപ്ലവകാരികളില്‍ ) മൃദുല വികാരം കുത്തി നിറക്കുന്നത് എങ്ങനെ എന്നും ആ സ്ഥാനഭ്രംശം എന്നെ പഠിപ്പിച്ചു. മരുമക്കത്തായം അവസാനിച്ചിരുന്നു എങ്കില്‍ കൂടിയും ത്രിമൂര്‍ത്തികളെ അവകാശമായി തന്നെ ഞാന്‍ എന്റെ മുറിയില്‍ പ്രതിഷ്ടിച്ചു ആരാധന തുടര്‍ന്നു. ത്രിമൂര്‍ത്തികളെ അവഗണിച്ചത് കൊണ്ടാണോ ആവോ അതിനു ശേഷം തറവാട്ടില്‍ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു.... കൂടെ പരിഹാരികളുടെയും പരികര്‍മികളുടെയും. ഒരു വര്‍ഷത്തിനുള്ളില്‍ തുടരെ നാലു മരണങ്ങള്‍ തറവാടിന്റെ നടുവ് ഒടിക്കാന്‍ മതിയായ കാരണങ്ങള്‍ ആയി മാറുകയായിരുന്നു. മൂത്ത അമ്മാവനും ഇളയ അമ്മായിയും പുതിയതായി തറവാട്ടില്‍ ജനിച്ച കുട്ടിയും അമ്മയുടെ സഹോദരി ഭര്‍ത്താവും അതില്‍ ഉള്പെട്ടിരുന്നു. പരികര്‍മികളും ജ്യോതിഷികളും വിധിക്ക് മേലെ നക്ഷത്രങ്ങള്‍ എന്ന് എണ്ണം പറഞ്ഞു കളം വരച്ചു കാരണങ്ങള്‍ നിരത്തി. ആശയപരമായി ഒരിക്കലും ഒത്തു ചേരുന്നില്ല എങ്കില്‍ കൂടിയും നക്ഷത്രങ്ങള്‍ക് ജീവിതത്തിനു മേല്‍ ഇത്ര മാത്രം സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്നെങ്കില്‍ വിധിയില്‍ എന്ത് വിശ്വാസ്യത എന്ന എന്റെ സംശയം പരികര്മിയുടെ നെറ്റിയില്‍ ചുളിവുകള്‍ ഉണ്ടാക്കി എന്നതില്‍ കവിഞ്ഞു മറ്റൊന്നിനും ഹേതു ആയില്ല. വിപ്ലവ വീര്യം ചരടില്‍ കൊരുത്തു അരയില്‍ ബന്ധിപ്പിക്കുന്നതിനു ഇടയില്‍ " ബോധം " ഇല്ലാത്ത നിനക്കെന്തു കാര്യം എന്ന മട്ടില്‍ ഒരു ചോദ്യം കുഞ്ഞമ്മാവന്റെ കണ്ണുകളില്‍ ഞാന്‍ വായിച്ചു . കളം വരച്ചുള്ള കളിയുടെയും വഴിയരികില്‍ കാശു വച്ചു കവടി എറിഞ്ഞു കളിക്കുന്നതിനെ ഓര്‍മിപ്പിക്കുന്ന ചില ജാല വിദ്യകളുടെയും പരിസമാപ്തി ഏതെങ്കിലും കോഴിയുടെ കഴുത്തു അറുക്കുന്ന കത്തിയില്‍ എത്തി നില്‍ക്കുമോ എന്ന് അറിയാന്‍ ഉള്ള കൌതുകം അവിടെ നിന്നു ഇറങ്ങി ഓടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു . പൂജയുടെയും മണിയടി ശബ്ദത്തിന്റെയും ഒടുവില്‍ പരികര്‍മികളും വാസ്തു വിദ്വാന്മാരും ചേര്‍ന്ന് കണ്ടു പിടിച്ച കാരണം പിന്നില്‍ ഉള്ള സ്ഥലം കുറച്ചു വിറ്റപ്പോള്‍ തറവാടിനു ഉണ്ടായ സ്ഥാന മാറ്റവും ഇടയ്ക്ക് കന്നിമൂല യില്‍ കുത്തിയ കുഴിയും കിഴക്കോട്ടു മുഖം തിരിഞ്ഞ പുതിയ toilet മൊക്കെ ആയിരുന്നു. പരിഹാര ക്രിയയുടെ നീണ്ട ലിസ്റ്റ് രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന വിപ്ലവത്തിന്റെ മറ്റൊരു മുഖത്തെയും, ഭക്തിയോടു കൂടി തൊഴുതു നില്‍കുന്ന മറ്റു കുടുംബ അംഗങ്ങളെയും നോക്കി കണ്ണു മിഴിച്ചു നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. നക്ഷത്രങ്ങള്‍കും വിധിക്കും മേലെ കിഴക്കോട്ടു മുഖം തിരിഞ്ഞ toilet നു നാല് മനുഷ്യ ജീവനുകളെ നശിപ്പിക്കാന്‍ കഴിയും എന്നും മറ്റു മനുഷ്യരുടെ ജീവിതത്തെ സ്വാധിനിക്കാന്‍ കഴിയും എന്ന മഹത്തായ പാഠം പഠിച്ചു കൊണ്ട് ഞാന്‍ മുറിയില്‍ കയറി കതകു അടച്ചു. മുറിയില്‍ ഞാന്‍ ആദരവോടു കൂടി സൂക്ഷിച്ചിരുന്ന ത്രിമൂര്‍ത്തികള്‍ എന്നെ നോക്കി പുച്ച്ചഭാവത്തില്‍ മുഖം കൊട്ടുന്നതായി എനിക്ക് തോന്നി.... സ്വന്തം തറവാട്ടില്‍ പോലും വിപ്ലവം നടത്താന്‍ കഴിയാത്ത എന്നോടല്ല പകരം നരകള്‍ ബാധിച്ചു തുടങ്ങിയ മറ്റു ചിലരുടെ ചോര്‍ന്നു പോയ വിപ്ലവത്തോട് ആയിരുന്നു എന്ന് സ്വയം കള്ളം പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ ത്രിമൂര്‍ത്തികളെ എന്റെ പഴയ പെട്ടിയില്‍ വച്ചു പൂട്ടി. പിന്നീട് ഒരിക്കലും ആ പെട്ടി ഞാന്‍ തറവാട്ടില്‍ കണ്ടിട്ടില്ല......

No comments:

Post a Comment