മത്തായി എങ്ങനെ വിമര്‍ശകനായി...??

ശരീരത്തിലെ ചോര തുടച്ചു മാറ്റുന്ന സമയത്ത് മത്തായിയുടെ നോട്ടം നേഴ്സ് ന്റെ പോക്കറ്റില്‍ തിരുകി വച്ചിരുന്ന പേനയിലായിരുന്നു. അതില്‍ എത്തി പിടിക്കാന്‍ ശ്രമിച്ച അവനിലെ എഴുത്തുകാരനെ അവര്‍ തെറ്റിദ്ധരിച്ചു . കയ്യില്‍ മെല്ലെ തട്ടിക്കൊണ്ടു സുന്ദരിയായ അവള്‍ പറഞ്ഞത് അത് അമ്മ തരും എന്നാണു. ആര് തന്നാലും ശരി മത്തായിക്ക് എഴുത്തുകാരന്‍ ആയാല്‍ മതിയായിരുന്നു. അന്ന് മുതല്‍കെ തൂലിക ചലിപ്പിക്കാന്‍ ഉള്ള വാസന അവന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരിക്കണം. മത്തായി വളര്‍ന്നു. പിച്ച വച്ചു നടന്ന കൈ കാലുകള്‍ വളര്‍ന്നു. കൂടെ തൂലിക ചലിപ്പിക്കാനുള്ള ജന്മവാസനയും. അവന്‍ ഒരുപാട് വായിക്കാന്‍ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. ജീവിതത്തിലെ പ്രാരബ്ധങ്ങള്‍ അവനെ പിന്നില്‍ നിന്നും വലിച്ചതല്ല... പക്ഷെ കഷ്ടപ്പെട്ട് വായിക്കാന്‍ ഒന്നും വയ്യ എന്നതായിരുന്നു കാരണം. എഴുത്തുകാരെ വിഡ്ഢികളായ വായനക്കാര്‍ അംഗീകരിക്കുന്നു... ആദരിക്കുന്നു. എങ്ങനെയും ആദരിക്കപ്പെടണം. അതും എഴുത്തുകാരന്‍ ആയി തന്നെ വേണം. പക്ഷെ കുറച്ചു വളര്‍ന്നപ്പോള്‍ മത്തായിക്ക് മനസ്സിലായി. എഴുത്തുകാരന്‍ ആവാന്‍ പണ്ട് നേഴ്സ്ന്റെ പേനയില്‍ പിടിക്കാന്‍ ശ്രമിച്ച കഴിവ് മാത്രം പോര കൂടെ ഭാവനയും വേണം എന്ന്. അത് അവന്റെ മനസ്സിനെ ആകെ തളര്‍ത്തി. അതോടെ എഴുതാന്‍ പറ്റിയില്ല എങ്കിലും ആദരിക്കപ്പെടണം എന്നതു ഒരു വാശി ആയി മാറി. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അതിനായി എന്തും ചെയ്യും എന്ന് ഉഗ്ര ശപഥം എടുത്തു മത്തായി കിടന്നു.

പിറ്റേ ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മത്തായി തനിക്കു പുതിയതായി മുളച്ച രണ്ടു കൊമ്പുകള്‍ കണ്ടു... ദംഷ്ട്രകള്‍ കണ്ടു... ചുവന്നു തുടുത്ത കണ്ണുകള്‍...... പിന്നീടവന്‍ മുന്നില്‍ കണ്ട എഴുത്തുകാരുടെ നേര്‍ക്ക്‌ അവരുടെ ചോര കുടിക്കാനായി തന്റെ പുത്തന്‍ ആയുധങ്ങളുമായി ചീറി അടുത്തു.....

ഹാര്‍ട്ട്‌ അറ്റാക്ക്‌

മാധവന്‍ മാഷ്‌ സര്‍വ സമ്മതനാണ്.

സ്കൂളിലോ കോളേജിലോ അല്ല അദ്ദേഹം പഠിപ്പിക്കുന്നത്‌. അറിയപ്പെടുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പക്ഷെ എങ്കിലും നാട്ടുകാര്‍ക്ക് അദ്ദേഹം എന്നും ബഹുമാന്യന്‍ തന്നെയാണ്. മലയാളം എന്നാല്‍ മാധവന്‍ മാഷ്‌ എന്നാണ് വയ്പ്പ്. അത്രയ്ക്കുണ്ട് അദ്ധേഹത്തിന്റെ ഭാഷ പരിജ്ഞാനം. മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ധേഹത്തിന്റെ ലാളിത്യം ആവണം. രാവിലെ നടക്കാന്‍ പോകുമ്പോഴും പോലും തന്റെ മുണ്ടും ഷര്‍ട്ടും തന്നെ ആണ് മാഷിന്റെ വേഷം. കുറച്ചു നരച്ചതെങ്കിലും നീട്ടി വളര്‍ത്തിയ താടി, നടക്കുമ്പോള്‍ വശങ്ങളിലേക്ക് ചെറുതായി അനങ്ങുന്ന തല, താടി മീശയുടെ ഇടയില്‍ കൂടി ഒളിഞ്ഞു നോക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി, ശാന്തമായ കണ്ണുകള്‍.... ഇതൊക്കെ മാഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നു. പത്താം ക്ലാസില്‍ മലയാളത്തില്‍ മാഷ്‌ തന്നെ പഠിപ്പിച്ചിരുന്ന ശാന്ത ഹരിപഞ്ചാനനന്‍ എന്ന കഥാ പാത്രത്തെ ഓര്മിപ്പിക്കാറുണ്ട് എങ്കിലും അത്ര ശാന്തം അല്ലാത്ത മനസ്സില്‍ ഒരു പ്രണയം സമ്മാനിച്ച ഉണങ്ങാത്ത മുറിവുമായി ജീവിക്കുകയാണ് മാഷ്‌ എന്നും ഒരു അഭിപ്രായം നാട്ടില്‍ ഉണ്ടായിരുന്നു . അദ്ധേഹത്തിന്റെ കണ്ണുകളില്‍ ആഴത്തില്‍ കിടന്നിരുന്ന ഒരു വേദന ആണോ അതോ പ്രണയത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ പിടഞ്ഞിരുന്ന അദ്ധേഹത്തിന്റെ ശബ്ദമാണോ കാരണം എന്ന് അറിയില്ല... ആ കഥ ഞാനും വിശ്വസിച്ചിരുന്നു. പക്ഷെ എപ്പോഴാണ് ഒരു രാഷ്ട്രീയകാരന്‍ ആകാന്‍ അദ്ദേഹം തീരുമാനിച്ചത് എന്ന് അറിയില്ല. മാഷിനെ നന്നായി അറിയാം എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളുടെ നഖത്തില്‍ പുരണ്ട നീല മഷി അദ്ധേഹത്തെ ഒടുവില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആക്കി മാറ്റുകയും ചെയ്തു. പിന്നീട് അങ്ങോട്ട്‌ മാറ്റത്തിന്റെ സമയം ആയിരുന്നു. എല്ലാ നാട്ടുകാരും സ്വപ്നം കണ്ടിരുന്ന സുന്ദര സുരഭിലമായ നാട് ആയി ഉള്ള മാറ്റം അല്ല സംഭവിച്ചത്.. പകരം മാറ്റം മാഷിനു ആയിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പാടിയിരുന്ന മാഷ്‌ തന്റെ ആദര്‍ശങ്ങളെകാളും വില വായ്പ തേടി തന്റെ മുന്നില്‍ വരുന്നരുടെ വിയര്‍പ്പു തൂക്കി വിട്ടാല്‍ കിട്ടും എന്ന് തിരിച്ചറിഞ്ഞു. കരപ്പ ചീട്ടു എന്ന് അറിയപ്പെടുന്ന ഒരു ചീട്ടു സംഘടിപ്പിക്കാന്‍ പോയത് എനിക്കും ഒരു തിരിച്ചറിവിന്റെ ദിവസം ആയിരുന്നു. ശാന്ത ഹരിപഞ്ചാനനന്‍ മാത്രം അല്ല ക്രോധ ഹരിപഞ്ചാനനന്‍ ആകാനും തനിക്കും കഴിയും എന്ന് മാഷ്‌ എന്നെ പഠിപ്പിച്ചു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതില്‍ പിന്നെ മാഷിന്റെ വായില്‍ നിന്നു നേരിട്ട് നല്ല മലയാളം പഠിക്കാന്‍ കഴിഞ്ഞ ചാരിതാര്ത്യത്തോടെ ഞാന്‍ വീട്ടിലേക്കു മടങ്ങി. പക്ഷെ അപ്പോഴും മാഷിന് എങ്ങനെ ഇത് പോലെ ഒരു മാറ്റം സംഭവിച്ചു എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സില്‍ കിടന്നു നീറി. ഒടുവില്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ച് ഓര്‍ത്തു ഞാന്‍ സമാധാനിച്ചു.

അന്നത്തെ ആ വെള്ളിയാഴ്ച പുലര്‍ന്നത് മാഷിനു ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു സീരിയസ് ആയി മെഡിക്കല്‍ കോളേജ് ഇല്‍ ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അടുത്ത് അല്ലായിരുന്നു എങ്കിലും മാഷിനെ കാണാന്‍ പോയ സംഘത്തോടൊപ്പം ഞാനും തിരിച്ചു. അവസാനമായി മാഷിനെ കാണാന്‍ ഉള്ള ആഗ്രഹം എന്നതിലുപരി മാഷിന്റെ ചേട്ടന്റെ മകള്‍ സിതാര അവിടെ ഉണ്ടാകും എന്ന പ്രതീക്ഷ ആയിരുന്നു. മാഷിന്റെ പ്രണയം പോലെ തന്നെ ഒരു വേദന തന്നു കൊണ്ട് അകന്നു പോകുമോ എന്ന് ഞാന്‍ ഭയന്നിരുന്ന പ്രണയം... കാരണമില്ലാത്ത ഏതോ ഭീതി പിന്നില്‍ നിന്നും പിടിച്ചു വലിച്ചത് കാരണം എനിക്ക് ഇത് വരെ പറയാന്‍ കഴിയാതെ പോയ പ്രണയം... കുഞ്ഞിലെ തന്നെ സ്വന്തം അമ്മയെ നഷ്ടപെട്ടവള്‍ എന്ന സഹതാപം ആണെന്ന് തോന്നുന്നു പിന്നീടു ഒരു പ്രണയത്തിന്റെ വിത്ത് എന്റെ മനസ്സില്‍ പാകിയത്‌. അവളുടെ സാമിപ്യം കൊതിച്ചായിരുന്നു ഞാന്‍ അവരില്‍ ഒരാള്‍ ആയതു. ആശുപത്രിയില്‍ ചെന്നപ്പോള്‍ മാഷിന്റെ അവസ്ഥ അത്ര ഗുരുതരം അല്ല എന്ന് അറിഞ്ഞു പക്ഷെ മരണം തൊട്ടടുത്ത്‌ എത്തിയത് പോലെ ആയിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം. മരിക്കുന്നതിനു തൊട്ടു മുന്‍പ് എല്ലാവരോടുമായി ഒരു സത്യം പറയണം എന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ ഇടിത്തീ പോലെ പതിക്കുന്ന ആ സത്യം സിതാര തന്റെ സ്വന്തം മകള്‍ ആണ് എന്ന വെളിപ്പെടുത്തല്‍ ആകും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പിന്നില്‍ നിന്നു ഉയര്‍ന്ന അലമുറക്ക് ചെവി കൊടുക്കാതെ ഞാന്‍ പുറത്തേക്കു ഇറങ്ങി.

പിറ്റേന്ന് മുതല്‍ പാലിനോടൊപ്പം വെള്ളത്തിന്‌ പകരം വാര്‍ത്തകള്‍ നിറച്ചു വില്കുന്ന ജോസിന്റെ പാല്‍ കച്ചവടം കുറച്ചു ദിവസത്തേക്ക് നന്നായി കൊഴുത്തു. രണ്ടു ആഴ്ച കഴിഞ്ഞു ആശുപത്രി വിട്ട മാഷ്‌ പിന്നീട് ഒരിക്കലും തല ഉയര്‍ത്തി പിടിച്ചു നടന്നിരുന്നില്ല. കാപട്യം താന്‍ പഠിച്ചത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനു ശേഷം അല്ല എന്ന് നാട്ടുകാര്‍ക് അദ്ദേഹം തെളിയിച്ചു കൊടുത്തു. വെള്ളമടി സദസ്സില്‍ അവര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു അവസരം... പക്ഷെ ആ പൊട്ടി ചിരികള്ക് ഇടയില്‍ അവളുടെ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു കെട്ട തേങ്ങല്‍ ആരും കേട്ടില്ല..... അവളുടെ തേങ്ങല്‍ പോലെ തന്നെ എന്റെ പ്രണയവും ആരും കേള്കാതെയും അറിയാതെയും ഒടുങ്ങി....

ഒരു ഗ്രാജുവേറ്റ് വേശ്യ !!!!

ബോംബെ നഗരം. ഏതൊരു സാധാരണ മലയാളിയെയും പോലെ അറബി നാട്ടില്‍ പോകുക എന്ന ലക്ഷ്യവുമായി ഞാനും അവിടെ ചെന്നടിഞ്ഞു . പ്രതീക്ഷകള്‍ മനസ്സില്‍ ഞാന്‍ പോലും അറിയാതെ നാമ്പ് എടുത്തു പടര്‍ന്നു പന്തലിച്ച കാലം . നാടിലെ സ്ഥലം വിറ്റു കിട്ടിയ വകയില്‍ കുറച്ചു കാശ് ബാങ്കില്‍ സൂക്ഷിചിടുണ്ട്. പിന്നെ അത് വരെ പിടിച്ചു നില്‍കാന്‍ തരക്കേടില്ലാത്ത ഒരു ജോലിയും. ഒറ്റയാന്‍ ആയ ജീവിതം ആയതിനാല്‍ വേറെ ചിലവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ട്രാവല്‍ ഏജന്‍സി കല്‍ തോറും കയറി ഇറങ്ങി നടന്നു എങ്കിലും വിശ്വാസയോഗ്യമായ ഒന്നും തന്നെ കണ്ടില്ല . ജോലിയും ശമ്പളവും കൃത്യമായി കിട്ടിയത് കൊണ്ട് ഗള്‍ഫിലേക്ക് പോകാന്‍ അത്ര അത്യാവശ്യം തോന്നിയതുമില്ല . ബോംബെ യിലേക്ക് കള്ളവണ്ടി കയറി വരാത്തത് കൊണ്ടാകും മലയാള സിനിമ നായകന്മാരെ പോലെ എനിക്ക് ഒരു അധോലോക നായകന്‍ ആകാന്‍ കഴിയാതെ പോയത്. അവിടത്തെ തെരുവുകളില്‍ കൂടെ ഉള്ള അലച്ചില്‍ എന്നെ ഒരു ബോംബെ വാല ആക്കി മാറ്റുക ആയിരുന്നു. ജൂഹു വിലെ സായാഹ്നത്തില്‍ ദുര്‍മേദസ്സ് കുറയ്ക്കാന്‍ നടക്കാന്‍ ഇറങ്ങുന്ന സമ്പന്ന വര്‍ഗ്ഗത്തിന്റെ പെടിഗ്രി ഉള്ള പട്ടികളെയും കുപ്പ കൂനയുടെ അരികില്‍ മിച്ചം വരുന്ന ഭക്ഷണത്തിന് മേല്‍ കടിപിടി കൂടുന്ന ചാവാലി പട്ടികളെയും ഞാന്‍ കണ്ടു. തിരക്ക് പിടിച്ച ബോംബെ. മെട്രോ ട്രെയിനുകളിലും തിങ്ങി നിറഞ്ഞ ചേരികളിലും ജീവിതം സ്വരുകൂട്ടാന്‍ പെടാപ്പാടു പെടുന്ന മനുഷ്യര്‍. ബോംബെ ജീവിതം മെല്ലെ മെല്ലെ എന്റെ ഗള്‍ഫ്‌ പ്രതീക്ഷകള്‍ക് കടിഞ്ഞാന്‍ വീഴ്ത്താനും തുടങ്ങി .ഞാന്‍ താമസിക്കുന്ന ആ പഴയ കെട്ടിടത്തിന്റെ പുതിയതായി വന്ന കാവല്‍കാരന്‍ ആയിട്ടാണ് ഞാന്‍ അവനെ പരിചയപ്പെടുന്നത്. സലിം എന്ന ഒരു ചെറുപ്പക്കാരന്‍ ആയ മലയാളി . "മദ്രാസി" യും കൂടാതെ സമപ്രായക്കാരും ആയതു കൊണ്ട് നമ്മള്‍ പെട്ടെന്ന് അടുക്കുകയും ചെയ്തു. പിന്നീട് വൈകുന്നേരങ്ങളില്‍ മദ്യത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. credit facility അവനു ഉണ്ടായിരുന്നത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും "സാധനം" കിട്ടുമായിരുന്നു. വിഷമങ്ങള്‍ മറക്കാന്‍ എന്ന വ്യാജേന മദ്യപിക്കുമ്പോഴും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്കുന്ന ഗതികെട്ട പെണ്‍കുട്ടികളും കാമ വെറിയുടെ ദൃശ്യങ്ങള്‍ അഭിമാനപൂര്‍വം youtube ഇല്‍ അപ്‌ലോഡ്‌ ചെയ്യുന്ന upper class ലെ കൊഴുത്ത ശരീരങ്ങളും നമ്മുടെ വര്‍ത്തമാനത്തില്‍ വന്നിരുന്നു. അതിനിടയില്‍ എപ്പോഴോ ആണ് അവന്‍ പ്രിയയുടെ കാര്യം എന്നോട് പറഞ്ഞത്. പ്രിയ... ആര്‍കും പ്രിയപെട്ടവള്‍... പക്ഷെ കാശ് നു വേണ്ടി അവളെ കബളിപ്പിച്ചു ബോംബെയില്‍ കൊണ്ട് വന്നു മാര്‍വാഡിക്ക് വിറ്റ അമ്മാവന് അവള്‍ പ്രിയപെട്ടവള്‍ ആയിരുന്നില്ല. എങ്കിലും BCom പാസ്സായി ഒരു supermarket ഇല്‍ ജോലി സ്വപ്നം കണ്ടു അമ്മാവനോടൊപ്പം ബോംബെ യിലേക്ക് വണ്ടി കയറിയ ചെറിയ ചുണ്ടും വിടര്‍ന്ന കണ്ണുകളും ഉള്ള പ്രിയ എന്ന കൊച്ചു സുന്ദരി മാര്‍വാടിയുടെ customers നു പ്രിയപെട്ടവള്‍ ആയ കഥ. അത് പറയുമ്പോള്‍ അവനില്‍ ഉണ്ടായ ഭാവ വ്യത്യാസങ്ങള്‍ ആണോ അതോ അവളുടെ സൗന്ദര്യത്തെ കുറിച്ചുള്ള അവന്റെ വര്‍ണന ആണോ.... അവളെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചതോടെ ആ തീരുമാനം അപ്പോള്‍ തന്നെ പ്രാബല്യത്തില്‍ വരുത്തണം എന്നുറച്ചു.

ഇത് പോലെ ഉള്ള സ്ഥലങ്ങളില്‍ പോയി മുന്‍ പരിചയം ഇല്ലാത്ത ഒരുവന്‍ ആയതു കൊണ്ട് എന്റെ ആഗ്രഹം അതിന്റേതായ ഗൌരവത്തിലും തികഞ്ഞ ഉത്തരവധിത്വതോടും സലിം ഏറ്റെടുത്തു. പിച്ച വച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ അച്ഛന്‍ കൈ പിടിച്ച നടത്തിയിരുന്നു. അതിനു ശേഷം ഇത്ര സന്തോഷത്തോടെ എന്നെ വേറെ ആരും കൈ പിടിച്ചു നടത്തിയിട്ടുണ്ടാവില്ല. വഴിയരികില്‍ നമ്മളെ മാടി വിളിച്ച കുപ്പി വളകള്‍ നിറഞ്ഞ കൈകള്‍ തട്ടി മാറ്റി നമ്മുടെ യാത്ര തുടര്‍ന്നു. വാ തോരാതെ അവന്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം അവിടെ കച്ചവടം ചെയുന്ന സാധന സമഗ്രികളെ കുറിച്ചും പിന്നെ അതിനെക്കാള്‍ വില കുറഞ്ഞ മാംസത്തെ കുറിച്ചും ആയിരുന്നു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നതിനു ശേഷം ജീവിതം എന്ന സത്യത്തെ കുറിച്ച് ഞാന്‍ പിന്നീട് ചിന്തിച്ചത് ആ തെരുവില്‍ കൂടി നടക്കുമ്പോള്‍ ആയിരുന്നു. പക്ഷെ യാധാര്ത്യത്തെ കുറിച്ച് ചിന്തിക്കാനും പരിതപിക്കാനും പ്രിയ യെ കുറിച്ചുള്ള അവന്റെ വര്‍ണന എന്നെ അനുവദിച്ചില്ല. ആ സ്വര്‍ഗത്തിലേക്ക് വീണ്ടും വലിഞ്ഞു കയറാന്‍ ആവശ്യമുള്ള മദ്യം അവന്‍ തന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നത് ഉപകാരമായി. അത് വഴിയരികിലെ പൈപ്പില്‍ നിന്നും വെള്ളം നിറച്ചു കുടിച്ചു തീര്‍ത്തു. അപ്പോഴേക്കും നമ്മള്‍ മാര്‍വാടിയുടെ കെട്ടിടത്തില്‍ എത്തി കഴിഞ്ഞിരുന്നു. അതൊരു സ്വര്‍ഗം തന്നെ ആയി എനിക്ക് തോന്നി. നിറയെ അപ്സരസ്സുകള്‍.... സോമരസം.... അവിടെ വച്ചിരുന്ന വലിയ കണ്ണാടിയില്‍ ഞാന്‍ കിരീട ധാരിയായ ഏതോ ദേവനെ പോലെ തോന്നിച്ചു. അധികം കാത്തു ഇരിക്കേണ്ടി വന്നില്ല. പ്രിയയുടെ മുറിയിലേക്കുള്ള വാതില്‍ എനിക്ക് മുന്നില്‍ തുറക്കപ്പെട്ടു.

മനുസ്മ്രിതി വായിച്ചു പരിചയം ഒന്നും ഉണ്ടായിരുന്നില്ല .പക്ഷെ പണ്ട് ആരോ അതില്‍ ഉള്ളതായി പറഞ്ഞു കേട്ടിടുണ്ട് ശാലീന സൌന്ദര്യം എന്താണ് എന്ന്. ഞാന്‍ അത് നേരിട്ട് കാണുക ആയിരുന്നു. അവളുടെ വിടര്‍ന്ന കണ്ണുകളില്‍ അഗാധമായി കിടന്ന വിഷാദം ഞാന്‍ തിരിച്ചറിഞ്ഞു. അവളുമായി കേളികളില്‍ ഏര്‍പ്പുടന്നതിനെക്കാള്‍ ആ രാത്രി വെളുക്കുന്നത്‌ വരെ അവളുമായി സംസാരിക്കാനും... അവളുടെ മടിയില്‍ കിടക്കാനും... കവിളില്‍ തലോടാനും...പ്രണയ വിവശന്‍ ആകാനും ഉള്ളില്‍ നിറഞ്ഞു കിടന്നിരുന്ന മദ്യം ആവണം എന്റെ മനസ്സിനെ കച്ച കെട്ടിയത്. അവളുടെ മടിയില്‍ കിടന്നു ഞാന്‍ ആ കഥ കേട്ടു... ക്രൂരനായ ആ അമ്മാവനെ കണ്ടം തുണ്ടമായി വെട്ടി നുരുക്കാന്‍ ഉള്ള പക തോന്നി എനിക്ക്. BCom കാറി ആയ അവളെ എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപെടുത്താന്‍ ആയെങ്കില്‍.... എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.

"എവിടെയാ ഡിഗ്രിക്ക് പഠിച്ചത് ??"
"നാട്ടില്‍"...
അവളുടെ കണ്ണ് നിറഞ്ഞു ഇരുന്നു...
"ഏതായിരുന്നു university ???" അത് വഴി അവളുടെ നാട് എവിടെ എന്ന് ഊഹിക്കാന്‍ കഴിഞ്ഞാലോ എന്ന് ഓര്‍ത്തു ഞാന്‍ ചോദിച്ചു.
"അത്... അത്... ഞാന്‍ ഒരു parellel കോളേജില്‍ ആയിരുന്നു... "
"അതിനെന്താ university ഇല്ലാതിരിക്കില്ലല്ലോ..?? അത് പോട്ടെ optional ഏതായിരുന്നു " എനിക്ക് സംശയത്തിനു ആക്കം കൂടി.....

എന്റെ മുഖത്ത് നോക്കി ജാല്യത നിറഞ്ഞ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി. ജീവിതത്തിലെ സത്യത്തിന്റെ മറ്റൊരു മുഖം കൂടി ഞാന്‍ അവിടെ കണ്ടു. പിന്നെ ഒന്നും ഓര്‍ത്തില്ല.. അവളുടെ ചെറിയ ചുണ്ടില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ അവളെ കട്ടിലിലേക്ക് കിടത്തി ആ മാറിലേക്ക്‌ വീണു. കണ്ണില്‍ നിറഞ്ഞ കള്ളത്തരം എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ആയിരുന്നോ അവള്‍ രണ്ടു കണ്ണുകളും ഇറുകെ അടച്ചു കളഞ്ഞത്... അതോ...??????

Satanic verses

ബന്ധുര കാഞ്ചന കൂട്ടില്‍ ആണെങ്കിലും.... എന്ന് ഞാന്‍ ആ ഇണകിളികളോട് പറഞ്ഞു.

വയമ്പ് കൊടുത്തു അവരെ സംസാരിക്കാന്‍ പഠിപ്പിച്ചിരുന്ന എന്നെ നോക്കി " ഇറങ്ങി പോടാ " എന്ന് അവര്‍ ആക്രോശിച്ചു... ആശാന്റെ നെഞ്ചത്ത്‌ എന്നാണല്ലോ പഴമൊഴി. എന്റെ പ്രിയപ്പെട്ട ഈ ഇണകളെ എങ്ങനെയും ഇവിടെ നിന്നു രക്ഷിക്കണം. ഈ കൂടിനു പുറത്തു വിശാലമായ ഒരു ലോകം ഉണ്ട് എന്ന് അവരെ മനസിലാക്കണം. ഇവിടെ നിന്നു രക്ഷപെടാന്‍ ഉള്ള വഴി അവരെ ബോധിപ്പിക്കണം. ഒരുപാട് നാളുകളായി എന്റെ ചിന്ത അത് മാത്രമാണ്. പക്ഷെ അവരെ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന അയാളെ ആണ് അവര്‍ യജമാനന്‍ ആയി കാണുന്നത്. അവര്‍ എന്റെ സ്നേഹം തിരിച്ചറിയാതെ പോകുന്നു. വിശാലമായ ഈ കൂടിനു പുറത്തു എന്താണ് എന്ന് അവര്‍ മനസ്സിലാക്കണം. ഉടമസ്ഥന്‍ അറിയാതെ വേണം ഇവരുമായി എനിക്ക് സംസാരിക്കുവാന്‍ ... അയാള്‍ എന്നെ കണ്ടാല്‍ ശരിയാകില്ല. പണ്ട് അയാളുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് കുറച്ചു കുടിശ്ശിക വരുത്തി വച്ചത് ഞാന്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. എന്നെ ഒരു ബൂര്‍ഷ്വാസി എന്ന രീതിയില്‍ ആണ് ജന്മിത്ത സ്വഭാവത്തിന് ഉടമയായ ആ ആന്റി കമ്മ്യൂണിസ്റ്റ്‌ കാരന്‍ ഈ കിളികളോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. വാക്കുകളുടെ അര്‍ഥം പോലും ശരിക്ക് മനസിലാക്കിയില്ല എങ്കിലും കിളികള്‍ അവരുടെ കലപില സ്വഭാവം കാണിക്കാതെ ഇരിക്കില്ലല്ലോ. മുഖത്ത് നോക്കി "കൂപ മണ്ടൂകങ്ങളെ" എന്ന് വിളിക്കാന്‍ പോലും ആവാത്ത അവസ്ഥ. അതും ഇവര്‍ക് മനസ്സിലാകില്ലല്ലോ. പക്ഷെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ കാരന്‍ ആയതു കൊണ്ടാകും അവകാശങ്ങളെ കുറിച്ച് അവരെ ബോധവന്മാരാക്കി സ്വാതന്ത്ര്യത്തിന്റെ തേന്‍ നുകരാന്‍ അവരെ പ്രാപ്തരാക്കണം എന്ന പിടിവാശി എനിക്കുണ്ടായി.

അങ്ങനെ നീണ്ട നാളത്തെ എന്റെ അന്വേഷണത്തിന് ഒടുവില്‍ ഞാന്‍ ഒരു സത്യം മനസ്സിലാക്കി. കൂടിന്റെ താക്കോല്‍ കൂട്ടിനു ഉള്ളില്‍ തന്നെയുള്ള ഒരു മരത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് ഇവരോട് പറഞ്ഞു മനസില്ലാക്കിയാല്‍ അവര്‍ക്ക് രക്ഷപ്പെടാം. മടിച്ചു നില്‍ക്കാതെ ആ രഹസ്യം പറയുവാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് ഓടി. പരസ്പരം കൊക്കുരുമ്മി പ്രണയ ബദ്ധരായി നില്‍ക്കുന്ന അവരുടെ ഇടയിലേക്ക് ഞാന്‍ ഒരു കട്ടുറുമ്പ് ആയി വലിഞ്ഞു കയറി. കട്ടുറുമ്പ് ആയി ചെന്നിട്ടും ഇത്തവണ എന്തോ ഭാഗ്യത്തിന് അവര്‍ക്ക് എന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തോന്നി. പെണ്കിളിയെ പറഞ്ഞു മനസ്സിലാക്കാന്‍ ആണ് കൂടുതല്‍ സുഖം എന്ന് എനിക്കും തോന്നി. അവള്‍ ആകുമ്പോള്‍ അധികം സംശയങ്ങള്‍ ചോദിക്കില്ല. അങ്ങനെ പുറത്തെ വിശാലമായ ലോകത്തെ കുറിച്ചും ഈ യജമാനന്റെ കാപട്യത്തെ കുറിച്ചും മരത്തില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുന്ന തക്കൊലിനെ കുറിച്ചും അവരോടു ഞാന്‍ വിശദമായി തന്നെ പറഞ്ഞു. പക്ഷെ ആ മരത്തിന്റെ അടുത്ത് പോകാന്‍ പാടില്ല എന്നും ഇതിലെ കായ വിഷം ആണ് എന്ന് ഉടമസ്ഥന്‍ പറഞ്ഞത്രേ. ആരെങ്കിലും സ്വന്തം തോട്ടത്തില്‍ വിഷം കൊണ്ട് നടുമോ ?? യജമാനനെ കണ്ണടച്ച് വിശ്വസിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക് മറ്റൊന്നും മനസിലാകാത്തത് എന്ന് ഞാന്‍ അവരെ വിശ്വസിപ്പിച്ചു. വിശ്വാസത്തിന്റെ പൊള്ളത്തരം മറ്റൊരു വിശ്വാസത്തില്‍ കൂടി മാറ്റിക്കുവാന്‍ എനിക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.

ഒടുവില്‍ ആ മരത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന താക്കോല്‍ കണ്ടു പിടിക്കാം എന്ന് ധീരനായ ആണ്‍ കിളി തീരുമാനിച്ചു . അവള്‍ അവനു വേണ്ട പിന്തുണയും പ്രഖ്യാപിച്ചു. താക്കോല്‍ കൊത്തി എടുക്കുമ്പോള്‍ അഥവാ തൊണ്ടയില്‍ കുരുങ്ങിയാല്‍ പണ്ട് പാര്‍വതി ശിവനോട് ചെയ്തത് പോലെ തന്റെ കഴുത്തിലും കയറി പിടിക്കാന്‍ അവളെ ചട്ടം കെട്ടി അവന്‍ മരത്തിലേക്ക് കയറി. പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. താക്കോല്‍ കിട്ടിയ ആവേശത്തില്‍ യാഹൂ എന്ന് വിളിച്ചു കൂവിയത് കൊണ്ടാകും അവന്റെ തൊണ്ട കുഴിയിലേക്ക് താക്കോല്‍ ഇറങ്ങി പോയി. നിലത്തു വീണു പിടച്ച അവന്റെ കഴുത്തില്‍ പിടിച്ചു അവള്‍ ഒരു വാശിയോടെ ഞെക്കിപിടിച്ചു. അവന്റെ കണ്ണുകള്‍ തള്ളി പുറത്തേക്കു വന്നു. കൂടെ താക്കോലും..... തിളങ്ങുന്ന കണ്ണുകളോടെ താക്കോല്‍ കടിച്ചു വലിച്ചു എടുത്ത അവള്‍ അതിന്റെ ഒരു ചെറിയ കഷ്ണം അവന്റെ തൊണ്ടയില്‍ കുരുങ്ങിയത് പോലെ ശ്രദ്ധിക്കാതെ കൂടിന്റെ വാതില്‍ തപ്പി കണ്ടു പിടിച്ചു വലിച്ചു തുറന്നു. കഴുത്തില്‍ തടഞ്ഞ കഷ്ണം കാരണം ഒന്നും മിണ്ടാന്‍ കഴിയാതെ തളര്‍ന്നു കിടന്ന അവനെ അവള്‍ തൂക്കി എടുത്തു പുറത്തേക്കു ഇട്ടു. താന്‍ കാരണം ആണ് എനിക്ക് ഇതൊക്കെ സംഭവിച്ചത് എന്ന രീതിയില്‍ ക്രൂര മായ ഒരു നോട്ടം അവന്റെ വക...ഒരു നന്ദി വാക്ക് പോലും പറയാതെ കിളികള്‍ രണ്ടും അകലേക്ക്‌ പറന്നകന്നു. പോകുന്ന വഴിയില്‍ പഴയ യജമാനന്റെ മുഖത്ത് കാഷ്ട്ടിക്കാന്‍ അവര്‍ മറന്നില്ല. എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കാരണം ആണ് എന്ന് ഒരു വിഡ്ഢി സ്വര്‍ഗം പണിതു അതിന്റെ മേല്‍ ഒരു കൂടാരവും ഉണ്ടാക്കി ഞാന്‍ നിര്‍നിമേഷനായി നോക്കി ഇരുന്നു...

അവരുടെ ചിറകടി ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സില്‍ അവശേഷിച്ചു. എന്തിനായിരിക്കും ആ ഉടമസ്ഥന്‍ കൂട്ടിനുള്ളില്‍ തന്നെ ഉള്ള ആ മരപ്പൊത്തില്‍ താക്കോല്‍ ഒളിപ്പിച്ചു വച്ചത്..???

അജ്ഞാത ശവം !!!

വഴിയരികില്‍ ഒരു അജ്ഞാത ശവം !!!

കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട്‌ ഓടിയില്ല... അവനവന്റെ ജോലി നോക്കി പോയി. നാടുവാഴിയുടെ കല്പന ഉണ്ട്, വഴിയില്‍ വായിനോക്കി നിന്നാല്‍ പിഴയുണ്ടാകും എന്ന്. അത് പേടിച്ചിട്ടു ശവത്തിനെ അതിന്റെ പാട്ടിനു വിട്ട്‌ ആളുകള്‍ നീങ്ങി. ചിലര്‍ തങ്ങളുടെ ശകടത്തിന്റെ വേഗത കുറച്ചു നോക്കാന്‍ ധൈര്യം കാണിച്ചു. എന്തായാലും അധികം താമസിയാതെ തന്നെ കുട്ടിപട്ടാളം എത്തി. പട്ടാളകാര്‍ക്ക് പോലും പുച്ഛം തോന്നി. എല്ലുന്തി കവിളൊട്ടി കോലം കേട്ട ഒരു ശവം. ഇതിനെ കാണാന്‍ ആണോ നമ്മള്‍ വേഷം കെട്ടി ഇവിടെ വരെ വന്നത് എന്ന ഒരു ഭാവമാണ് അവര്‍ക്ക്. വാസന സോപ്പോ സുഗന്ധ ദ്രവ്യങ്ങലോ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത എവനോ ആണ് എന്ന് അവര്‍ക്ക് മനസിലായി. അത്രക്കുണ്ടായിരുന്നു ശവത്തിന്റെ വിയര്‍പ്പു നാറ്റം. ഇത്ര വിയര്‍പ്പു നാറ്റം ഉള്ള ഒരുവന്‍ നമ്മുടെ നാട്ടുകാരന്‍ ആവാന്‍ യാതൊരു മാര്‍ഗവും ഇല്ല, കാരണം നമ്മുടെ ശരീരം ഒരിക്കലും വിയര്‍ക്കാരില്ലല്ലോ. ഇത് മറുനാട്ടില്‍ നിന്നു ഇവിടേയ്ക്ക് നീന്തി കയറി വന്നവന്‍ ആകും. നമ്മുടെ നാട്ടില്‍ വന്നു കിടന്നിട്ടു നമുക്ക് മാനക്കേടുണ്ടാക്കുന്ന ഇത് പോലെ ഉള്ളവരെ ഇവിടെ നിന്നും പൂര്‍ണമായി തുടച്ചു നീക്കുന്നതിന് വേണ്ടിയുള്ള നിയമവശങ്ങളുടെ ആവശ്യകതയെ കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു. എന്തായാലും ഇതിനെ അധികം നേരം വച്ചു കൊണ്ടിരിക്കാന്‍ ആവില്ല. അവന്റെ നാട്ടിലേക്ക് ദൂതനെ അയച്ചു, " വിയര്‍പോഴുക്കി നിങ്ങളെ പോറ്റാന്‍ ആയി ഇങ്ങോട്ട് നീന്തികയറിയ ഇവന്റെ പട്ടിണി കിടന്ന കോലം കെട്ട ശരീരം നമ്മള്‍ ഇവിടെ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത് വന്നു എടുത്തു കൊണ്ട് പോകണം " എന്ന ഒരു കുറിപ്പോടു കൂടി !!!


"എനിക്കിനി ആരുണ്ട്‌ " ???????? എന്ന അലമുറയിട്ടു കരയുന്നതിന്റെ തിരക്ക് ഒഴിയാഞ്ഞത് കൊണ്ടാവണം പാവം ബന്ധുകള്‍ക്ക് അവന്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ പോയത്. അത് ഒരു കണക്കിന് നന്നായി എന്ന് കരുതി ദൂതനും ആശ്വസിച്ചു. വിശന്നു തളര്‍ന്നപ്പോള്‍ മണലില്‍ വിയര്‍പ്പും കുറച്ചു രക്തവും ചേര്‍ത്ത് കുഴച്ചു തിന്നാന്‍ ശ്രമിച്ചു മരിച്ചതാണ് എന്ന് ബന്ധുക്കളെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന ഒരു വലിയ സംശയത്തിനു അറുതി വന്നല്ലോ. അലമുറയുടെയും അന്വേഷങ്ങളുടെയും ഇടയില്‍ കൂടി ദൂതന്‍ അവരോടു ശവത്തെ ഇങ്ങോട്ടേക്കു കൊണ്ട് വരാന്‍ ആവശ്യമായ നടപടികളെ കുറിച്ച് പറഞ്ഞു. അയാള്‍ ആ നാടുകാരന്‍ ആണെന്നും കുടുംബക്കാരന്‍ ആണെന്നും തെളിയിക്കുന്ന രേഖകളും മറ്റും കൊണ്ട് വരാന്‍ ദൂതന്‍ പറഞ്ഞു. പക്ഷെ അയാള്‍ അവിടെ എന്നല്ല ആ ഭൂമിയില്‍ തന്നെ ജീവിച്ചിരുന്ന ഒരാള്‍ ആണെന്ന് തെളിയിക്കുന്ന ഒന്നും തന്നെ അവിടെ നിന്നും തരപ്പെട്ടില്ല. നാട്ടിലെ പുതിയ നിയമപ്രകാരം ആ നാട്ടില്‍ ജീവിച്ചു മരിക്കുന്നവര്‍ അല്ലാതെ വേറെ ആരെയും കുറിച്ച് യാതൊരു രേഖകളും സൂക്ഷികേണ്ട കാര്യമില്ല പോലും. എങ്കിലും വീട്ടിലെ പട്ടിക്കും ആടിനും മറ്റും കണക്കും കാര്യങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. തെക്ക് ഭാഗത്തായി നിന്നിരുന്ന മാവിനെ നോക്കി "ഒരു കണക്കിന് കൊണ്ട് വരാത്തത് ലാഭമായി " എന്ന് പറഞ്ഞ ചില ബന്ധു മിത്രാധികളുടെ മുഖത്ത് നോക്കി നേരിയ ഒരു പുഞ്ചിരി പായിച്ചു കൊണ്ട് നമ്മുടെ ദൂതന്‍ തിരിച്ചു മടങ്ങി.


നമ്മുടെ സ്വന്തം അല്ലാത്ത ഈ ശവത്തെ നാട്ടില്‍ ഇനിയും സൂക്ഷിക്കെണ്ടാതില്ല എന്ന് നാടുവാഴിയുടെ ഉത്തരവ് വന്നു. രണ്ടു നാടുകളെയും ബന്ധിപ്പിക്കുന്ന ഒരു കായല്‍ ഉണ്ട്. അത് കടന്നാണ് പലരും ഈ നാട്ടിലേക്ക് വന്നു കയറുക. ശവം ആ കായലില്‍ ഒഴുക്കാന്‍ ഒടുവില്‍ തീരുമാനം ആയി. ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു മരിച്ചവനാണ് എങ്കിലും അവന്റെ ശരീരം ഒരുപാട് മത്സ്യങ്ങള്‍ക് ആഹരമായാലോ എന്ന തോന്നല്‍ ആയിരുന്നു അതിനു പിന്നില്‍ . ശവം ആയതിനു ശേഷം ആണെങ്കിലും വയറു നിറയെ കുടിക്കാന്‍ വെള്ളം കിട്ടിയതിന്റെ സന്തോഷത്തില്‍ അവന്റെ മുഖം തെളിഞ്ഞിരുന്നു.... അങ്ങനെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ വീര്‍ത്ത വയറുമായി ആ ശവം മെല്ലെ മെല്ലെ ദൂരേക്ക് എവിടെയെക്കോ ഒഴുകി പോയി..

കണ്ടസാമി !!

സന്യാസി, മഹര്‍ഷി, മുനി .... അനവധി പര്യായങ്ങള്‍ പണ്ട് പഠിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ജീവനുള്ള ഒരു സ്വാമിയെ നേരിട്ട് കാണാന്‍ പോകുന്നത് ഇത് ആദ്യമായി ആണ്. ഒരു നീണ്ട ക്യൂവിന്റെ ഇങ്ങേ തലക്കല്‍ ഭക്തി പുരസ്സരം തൊഴുതു നില്കൂന്ന ഒരു ഒരു ഭക്ത ശിരോമണിയുടെ രൂപം നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാന്‍ പാടില്ല. കാരണം ഇദ്ദേഹം അത്തരം ഒരു കപട സ്വാമി അല്ല. വന്നു കയറുന്നവന്‍ പണ്ഡിതന്‍ ആയാലും പാമരന്‍ ആയാലും അവന്റെ ഭൂതം ഭാവി വര്‍ത്തമാനം തുടങ്ങി സര്‍വ വിക്രിയകളടെയും ഭാണ്ഡം അഴിച്ചു അവന്റെ മുന്നില്‍ തന്നെ തുറന്നു വച്ചു കൊടുക്കുന്ന ഭീകരന്‍ . അവിടെ ചെല്ലുന്ന ആരും അദ്ധേഹത്തിന്റെ വായില്‍ നിന്നും "എന്താ കാര്യം ? " എന്നൊരു ചോദ്യം കേട്ടിട്ടില്ല. നമ്മുടെ മുഖത്ത് നിന്നും ജീവിതം മുഴുവന്‍ വായിച്ചെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമത്രേ. സത്യത്തില്‍ സന്യാസിമാരുടെ കഥകളൊക്കെ ശരി ആണോ എന്ന് പലപ്പോഴും ഞാന്‍ ചിന്ധിച്ചിരുന്നു. ക്രെഡിറ്റ്‌ കാര്‍ഡ്‌കള്‍ക് വേണ്ടി ഞാന്‍ ലക്‌ഷ്യം വച്ചപ്പോള്‍ തന്നെ "മാ നിഷാദ" എന്ന് പറയാന്‍ ആരും വന്നിരുന്നില്ല. ചിരിച്ചു കൊണ്ട് കഴുത്തറുക്കാന്‍ ലോണിന്റെയും കാര്‍ഡിന്റെയും പിന്നാലെ അവര്‍ വരും എന്നറിഞ്ഞു "നിന്റെ പാപത്തിന്റെ ഫലം കൂടെ ആരെങ്കിലും അനുഭവിക്കുമോ" എന്ന് ചോദിച്ചും ആരും വന്നില്ല. അത് കൊണ്ടാകും എനിക്ക് ഒരു സന്യാസി ആവാന്‍ കഴിയാതിരുന്നത്. കൊന്ന പാപം ആയിരുന്നു എങ്കില്‍ തിന്നെങ്കിലും തീര്‍ക്കാം ആയിരുന്നു. പക്ഷെ ഇതിപ്പോള്‍ തീരെ interest ഇല്ലെങ്കിലും interest അടച്ചു തന്നെ മുടിയണം .


സത്യത്തില്‍ ഇത്തവണ ലീവിന് വന്നത് മകള്‍ടെ എഞ്ചിനീയറിംഗ് അഡ്മിഷന്‍ ശരി ആക്കുവാന്‍ വേണ്ടി ആണ്. പഠിത്തത്തില്‍ അത്ര നല്ല മിടുക്കി ആയതു കൊണ്ട് സ്വശ്രയമോ അതോ സര്‍കാരോ എന്ന് തിട്ടം അല്ല. ഒരു തരം കയ്യാലയെയും തേങ്ങയും ഓര്‍മിപ്പിക്കുന്ന അവസ്ഥ. ഭാര്യ ആണെങ്കില്‍ എപ്പോഴത്തെയും പോലെ നേര്ച്ചകളുടെയും വഴിപടുകളുടെയും നീണ്ട നിര തന്നെ സമര്‍പ്പിച്ചു. കൂട്ടത്തില്‍ അവള്‍ ആണ് എന്നോട് പറഞ്ഞത് "നിങ്ങള്‍ടെ പഴയ സുഹൃത്ത്‌ ശ്രീകണ്ടന്‍ സര്‍ ഇപ്പോള്‍ ശ്രീകണ്ടന്‍ സ്വാമി ആണല്ലോ... ഒന്ന് പോയി കണ്ടിട്ട് വാന്നു കൂടെ ??? " എന്ന്. ശ്രീകണ്ടാനുമായി ഉണ്ടായിരുന്ന സുഹൃത്ത് ബന്ധത്തിന്റെ ആഴം അവള്‍ക് അറിയാതിരുന്നത്‌ കൊണ്ട് കൂടുതലായി ഒന്നും കേള്‍കേണ്ടി വന്നില്ല. പക്ഷെ 6 വര്‍ഷത്തിനു ശേഷം ആണ് ഞാന്‍ അവനെ കാണാന്‍ പോകുന്നത്. മുന്‍പ് കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ ബോധോതയതിലൂടെ അവന്‍ മറന്നു കാണുമോ എന്ന സംശയത്തോടെ ആണ് ആയിരങ്ങളുടെ ആരാധ്യനായ ശ്രീകണ്ടന്‍ സ്വാമി യുടെ ആശ്രമത്തിലേക്കു കാലെടുത്തു കുത്തിയത്. കൂടെ എന്റെ പുതിയ കള്ളത്തരങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ സ്വാമിക്ക് കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന പരിഭ്രാന്തിയും. എന്തായാലും ആശ്രമത്തില്‍ കൂടി നിന്നവരുടെ സംഭാഷണ ശകലങ്ങളില്‍ നിന്നും ഒരു കാര്യം എനിക്ക് ഉറപ്പായി. എന്റെ കള്ളത്തരങ്ങള്‍ പൊളിയാന്‍ സമയം ആയി. കൂട്ടത്തില്‍ മോള്‍ടെ അഡ്മിഷന്‍ടെ കാര്യവും അറിയാന്‍ കഴിയും.



ടോകെന്‍ എടുത്തു സ്വാമി യെ ദര്‍ശിക്കാന്‍ കൂട്ടത്തില്‍ ഒരു ഭക്തനായി ഞാനും ഇരുന്നു. അപ്പോഴാണ്‌ സ്വാമിയുടെ വരവ്. 6 വര്‍ഷങ്ങള്‍ക് സുഹൃത്തിനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം ആയിരുന്നില്ല എന്റെ മനസ്സില്‍ അപ്പോള്‍ തോന്നിയത്. ഒരു ഉള്‍ക്കിടിലം. താടിയും ജടയും ചുവന്ന കണ്ണുകളും... പണ്ടെങ്ങോ പഠിച്ച ക്രോധ ഹരിപഞ്ചാനന്‍ എന്റെ മുന്നില്‍ അവതരിച്ചത് പോലെ. അറിയാതെ ഞാന്‍ എണീറ്റ്‌ തൊഴുതു പോയി. എല്ലാവരെയും തന്റെ ചുവന്ന കണ്ണുകളാല്‍ തുറിച്ചു നോക്കി കൊണ്ട് അദ്ദേഹം എന്നെയും കടന്നു പോയി. പൊടുന്നനെ രണ്ടു ചുവടു പിന്നെലേക്ക് വച്ചു എന്നെ അടിമുടി ഒന്ന് നോക്കി.


"മണികണ്ടന്‍ !!!! അല്ലേ ??????? " ഏതോ ഗുഹയില്‍ നിന്നു വരുന്ന പോലുള്ള ശബ്ദം."അതേ" ഞാന്‍ അറിയാതെ പറഞ്ഞു പോയി."മകളുടെ അഡ്മിഷന്‍ നെ കുറിച്ച് അറിയണം ????????? " മുഖത്ത് നോക്കി വല്ലാത്ത ഒരു മൂളല്‍. എന്നിട്ട് അദ്ദേഹം ഉള്ളിലേക്ക് പോയി. തളര്‍ന്ന ശരീരത്തോടെ ഞാന്‍ കസേരയിലേക്ക് ഇരുന്നു പോയി. "സ്വാമി പറഞ്ഞത് ശരിയാണോ ?? " അടുത്ത ഇരുന്ന ഒന്ന് രണ്ടു പേര്‍ ചോദിച്ചു. എന്ത് പറയണം എന്നറിയാതെ അന്ധാളിച്ചു ഇരിക്കുക ആയിരുന്നു ഞാന്‍ . മറ്റുള്ളവര്‍ക് അതൊരു പുതുമ ആയിട്ട് തോന്നുന്നില്ല എന്ന് അവരുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ നിന്നും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോരുത്തര്‍ ആയി സ്വാമി യെ പോയി കണ്ടു തിരികെ വന്നു. വിഷാധത്തില്‍... ആശ്വാസത്തില്‍... സന്തോഷത്തില്‍... പലരും തിരികെ മടങ്ങി. ഒടുവില്‍ എന്റെ അവസരം എത്തി. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ സ്വാമിയുടെ റൂമിലേക്ക്‌ കയറി.


എവിടെ നിന്നെന്നു അറിയാതെ ഒഴുകി നടക്കുന്ന "ഓം" കാരം.... നിറഞ്ഞു നില്‍കുന്ന ചന്ദന തിരിയുടെ സുഗന്ധം... വെള്ള വസ്ത്രധാരിയായി പീഠംത്തില്‍ ഇരിക്കുന്ന സ്വാമി. . അതിശയത്തോടെ സ്വാമിയേ നോക്കി....


"ആദ്യം തീര്‍ഥം എടുത്തു കുടിക്കുക..." മുന്നില്‍ ഒരു കാലത്തിന്റെ നടുക്കായി ഒരു പത്രത്തില്‍ നിറച്ചു വച്ചിരിക്കുന്ന തീര്‍ഥം. ഞാന്‍ അതില്‍ നോക്കി നിര്‍നിമേഷനായി ഇരുന്നു. എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയില്ല. മനസ്സില്‍ ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മിന്നി മറഞ്ഞു.


ഡാ !!!!!!!!!!!!! നിന്റെ ബ്രാന്‍ഡ്‌ തന്നെയാ... chivas regal !!!! പൊട്ടിച്ചിരിച്ചു കൊണ്ട് സ്വാമി പറഞ്ഞു.


ഞെട്ടി തെറിച്ച ഞാന്‍ ഒറ്റ വലിക്കു എല്ലാം അകത്താക്കി. വെള്ളം പോലും ചേര്‍ക്കാതെ അകത്താക്കിയ പെഗ് എന്റെ മനസ്സിലെ സര്‍വ സംശയങ്ങളെയും ആധികളെയും തുടച്ചു മാറ്റികൊണ്ട് എന്റെ ഉള്ളില്‍ കൂടി കത്തി പടരുന്നത്‌ അറിഞ്ഞിട്ടവും ശ്രീകണ്ടന്‍ നിറഞ്ഞ സന്തോഷത്തോടെ കെട്ടി പുണര്‍ന്നത്‌.....

ലാപ്ടോപ്

ഇതെന്റെ കഥയാണ്‌... സോണി എന്ന കുടുംബത്തില്‍ ജനിച്ചു ഒരുപാട് മേന്മകളും പ്രത്യേകതകളും അവകാശപെടാന്‍ പറ്റുന്ന ഒരു new generation laptop . എന്റെ നെഞ്ചില്‍ എഴുതി ഒട്ടിച്ച വില വിവര പട്ടികയും ആയി ഞാന്‍ ആ ശീതീകരിച്ച മുറിയില്‍ കാത്തു ഇരുന്നു തുന്ടങ്ങി . വരുന്നവര്‍ വളരെ പ്രതീക്ഷയോടെ എന്നെ നോക്കുന്നു.... എന്റെ ചുവന്നു തുടുത്ത ശരീരത്തില്‍ തലോടുന്നു.... എന്നിലെ ക്യാമറ കണ്ണുകളില്‍ കൂടി സ്വന്തം സൌന്ദര്യം ആസ്വദിക്കുന്നു...ചിത്രങ്ങള്‍ എടുക്കുന്നു...ഒടുവില്‍ എന്റെ ശരീരത്തിന് വില വളരെ കൂടുതല്‍ എന്ന് കുറ്റപെടുത്തി നടന്നകലുന്നു. ഒരു യജമാനനെ കാത്തു ഞാന്‍ ഒരുപാട് നാള്‍ ഒന്നും കാത്തു ഇരിക്കേണ്ടി വന്നില്ല. കറുത്ത കണ്ണട വച്ച ഒരു കുടവയറന്‍ എന്റെ വിലക്ക് പുറമേ tips കൂടെ കൊടുത്തു എന്നെ സ്വന്തമാക്കി. അയാളുടെ വലിയ കാറില്‍ ഞെളിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ആലോചിക്കുകയായിരുന്നു.. എന്നെ എന്തിനായിരിക്കും ഇയാള്‍ സ്വന്തമാകിയത്..??? സ്വല്പം ഗര്‍വോട് കൂടി എന്റെ കവിളില്‍ തഴുകി കൊണ്ട് " ഇത് മതി " എന്ന് പറഞ്ഞത് എന്തിനാവും?? എന്റെ ബുദ്ധിയില്‍ അതിനുള്ള ഉത്തരം തെളിഞ്ഞതെ ഇല്ലായിരുന്നു. എപോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു...



എന്റെ കവിളില്‍ വീണ നനുത്ത ചുംബനങ്ങള്‍ ആണ് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. അതി സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ അവളുടെ നെഞ്ചോട്‌ ചേര്‍ത്ത് എന്റെ കവിളില്‍ അമര്‍ത്തി ചുംബിക്കുന്നു. ഒരിറ്റു നേരത്തേക്ക് എന്റെ ശ്വാസം നിലച്ചു പോയി. അവളുടെ ചുവന്നു തുടുത്ത അധരങ്ങള്‍ ഓരോ തവണ പതിയുംബോഴും അവളെ പുണര്‍ന്നു നില്‍ക്കാന്‍ എന്റെ മനം കൊതിച്ചു. അവളുടെ പിറന്നാള്‍ സമ്മാനം ആയി കുടവയറുള്ള അവളുടെ അച്ഛന്‍ എന്നെ അവള്‍ക് സമ്മാനിച്ചതാണ്‌ എന്ന് അവളുടെ ആഹ്ലാദം തുളുമ്പി നിന്നിരുന്ന വാക്കുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. പിന്നീടുള്ള ദിനങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരം ആയിട്ടുല്ലതായിരുന്നു. കോളേജില്‍ നിന്നു അവള്‍ തിരിച്ചു വരുന്നത് കാത്തു ഞാന്‍ ഇരുപ്പായി. വന്നു കഴിഞ്ഞാല്‍ എനിക്ക് അവളുടെ ചുംബനങ്ങള്‍ ലഭിക്കും... അവളുടെ കരവലയത്തില്‍ ഒതുങ്ങി ഇരിക്കാം.. ചുവന്നു തുടുത്ത അവളുടെ അധരങ്ങളുടെ സൌന്ദര്യം ആസ്വദിക്കാം... അവളുടെ മടിയില്‍ ഇരുന്നു അവളുടെ മേനിയില്‍ ചൂട് പകരാം... ഒടുവില്‍ അവളുടെ നെഞ്ചോട്‌ ചേര്‍ന്ന് അവളുടെ മുടിയില്‍ തലോടി ശയിക്കാം....



പക്ഷെ സന്തോഷത്തിന്റെ ആ ദിനങ്ങള്‍ക്ക്‌ അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആ സത്യം മനസ്സിലാക്കി. അവള്‍ എന്നിലൂടെ കാണുന്നത് എന്റെ ഹൃദയം അല്ലായിരുന്നു പകരം കട്ടി മീശയും മുഖത്ത് കുറ്റി രോമങ്ങളും ഉള്ള മറ്റൊരു ചെറുപ്പക്കാരനെ ആയിരുന്നു എന്ന്. അവരുടെ പ്രണയ സല്ലാപങ്ങല്‍കു എന്നെ അവര്‍ ഉപയോഗിക്കുകയാണ് എന്ന സത്യം. എന്റെ ഹൃദയം നുറുങ്ങുന്ന വേദനയിലും സന്തോഷവും പരിഭവങ്ങളും തമാശകളും പൊട്ടിച്ചിരികളും പരസ്പരം പങ്കു വയ്ച്ചു അവരുടെ പ്രണയം പടര്‍ന്നു പന്തലിക്കുക ആയിരുന്നു. അത്യധികം പ്രതിരോധ ശേഷി ഉള്ളതും ശക്തവും ആയിരുന്ന ശരീരം ഉണ്ടായിരുന്നതിനാല്‍ ഒന്ന് രോഗ ബാധിതന്‍ ആവാന്‍ ഉള്ള എന്റെ ആഗ്രഹം പോലും വൃഥാവില്‍ ആയി. മെല്ലെ മെല്ലെ അവരുടെ പ്രണയ ലീലകളില്‍ അശ്ലീല ചുവ തെളിഞ്ഞു വരുന്നത്തത് ഞാന്‍ കണ്ടു തുടങ്ങി. അവന്റെ നോട്ടവും വാക്കുകളും അവളുടെ കണ്ണില്‍ നില നിന്നിരുന്ന നാണത്തെ മാറ്റി അവിടെ മറ്റൊരു വികാരം നിറച്ചു തുടങ്ങി. അവരുടെ പ്രണയം വഴിവിട്ടു സഞ്ചരിച്ചു തുടങ്ങിയത് അറിഞ്ഞിട്ടും ഒന്നും ചെയാന്‍ ആകാതെ അതിനു കൂടു നില്‍കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ...



അച്ഛനും അമ്മയും സഹോദരിയും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ആ ഞായറാഴ്ച ദിവസം അവനെ ഞാന്‍ നേരില്‍ കണ്ടു. അത്രയും നാള്‍ നമ്മുടെ രണ്ടു പേരുടെയും മാത്രം ആയിരുന്ന ആ കിടപ്പ് മുറിയില്‍ തികച്ചും അന്യനായ അവന്‍ . പക്ഷെ ചായ ഇടുവാനായി അവള്‍ പോയ നേരം നോക്കി അവന്‍ എന്നില്‍ എന്തൊക്കെയാണ് ചെയ്തത്?? എനിക്ക് ഒന്നും മനസ്സിലായിലാ. എന്റെ ക്യാമറ കണ്ണുകള്‍ തുറക്കുമ്പോള്‍ തെളിയുന്ന നീല വെളിച്ചം അവന്‍ എന്തൊക്കെയോ ചെയ്തു തടസ്സപെടുതിയത് എന്തിനാണ് എന്നും എനിക്ക് മനസിലായില്ല. പക്ഷെ പിന്നീടുള്ള അവന്റെ പ്രവര്‍ത്തികള്‍ എന്റെ ഹൃദയംമിടിപ്പ് കൂട്ടാന്‍ തുടങ്ങി. മറ്റുള്ളവര്‍ക് മനസ്സിലാവാത്ത രീതിയില്‍ എന്നെ പ്രവര്‍ത്തിപ്പിക്കാനും എന്റെ ക്യാമറ കണ്ണുകളില്‍ കൂടി എല്ലാം പകര്‍ത്തി എടുക്കാനും ഉള്ള അവന്റെ ശ്രമത്തെ എതിര്‍ക്കാന്‍ കഴിയാതെ നിസ്സഹായനായി ഞാന്‍ നോക്കി ഇരുന്നു. അതിനു ശേഷം ആ മുറിയില്‍ നടന്നതിനൊക്കെ ഒരു മൂക സാക്ഷിയാകാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. അവരുടെ നിശ്വസങ്ങള്‍കും കിതപ്പിനും ഒടുവില്‍ വിയര്‍പ്പില്‍ കുതിര്‍ന അവളുടെ ശരീരത്തെ ചുറ്റിപിടിച്ചു അവന്‍ അവുടെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു. " നീ എന്റെ ജീവനാണ് "


കുളിമുറിയില്‍ ഷവറില്‍ നിന്നു വീഴുന്ന തണുത്ത വെള്ളത്തിന്‌ കീഴില്‍ മനവും ശരീരവും ഒരു പോലെ കുളിര്‍ത്തു നില്‍കുന്ന അവള്‍ അറിഞ്ഞിരുന്നുവോ എന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് തലച്ചോറില്‍ കുത്തി നിറക്കപെട്ട ആ ഞായറാഴ്ചയിലെ ഓര്‍മ്മകള്‍ മറ്റൊരു ചെപ്പിലേക്ക് മാറ്റപെടുന്നതും ശേഷം എന്റെ ഓര്‍മകളില്‍ നിന്നും എന്നെന്നേക്കുമായി തേച്ചു മായ്ക്കപെടുന്നതും... !!!