Satanic verses
Posted by: SHAMAN - Tuesday, December 14, 2010
വയമ്പ് കൊടുത്തു അവരെ സംസാരിക്കാന്‍ പഠിപ്പിച്ചിരുന്ന എന്നെ നോക്കി " ഇറങ്ങി പോടാ " എന്ന് അവര്‍ ആക്രോശിച്ചു... ആശാന്റെ നെഞ്ചത്ത് എന്നാണല്ലോ പഴമൊഴി. എന്റെ പ്രിയപ്പെട്ട ഈ ഇണകളെ എങ്ങനെയും ഇവിടെ നിന്നു രക്ഷിക്കണം. ഈ കൂടിനു പുറത്തു വിശാലമായ ഒരു ലോകം ഉണ്ട് എന്ന് അവരെ മനസിലാക്കണം. ഇവിടെ നിന്നു രക്ഷപെടാന്‍ ഉള്ള വഴി അവരെ ബോധിപ്പിക്കണം. ഒരുപാട് നാളുകളായി എന്റെ ചിന്ത അത് മാത്രമാണ്. പക്ഷെ അവരെ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന അയാളെ ആണ് അവര്‍ യജമാനന്‍ ആയി കാണുന്നത്. അവര്‍ എന്റെ സ്നേഹം തിരിച്ചറിയാതെ പോകുന്നു. വിശാലമായ ഈ കൂടിനു പുറത്തു എന്താണ് എന്ന് അവര്‍ മനസ്സിലാക്കണം. ഉടമസ്ഥന്‍ അറിയാതെ വേണം ഇവരുമായി എനിക്ക് സംസാരിക്കുവാന്‍ ... അയാള്‍ എന്നെ കണ്ടാല്‍ ശരിയാകില്ല. പണ്ട് അയാളുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് കുറച്ചു കുടിശ്ശിക വരുത്തി വച്ചത് ഞാന്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. എന്നെ ഒരു ബൂര്‍ഷ്വാസി എന്ന രീതിയില്‍ ആണ് ജന്മിത്ത സ്വഭാവത്തിന് ഉടമയായ ആ ആന്റി കമ്മ്യൂണിസ്റ്റ് കാരന്‍ ഈ കിളികളോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. വാക്കുകളുടെ അര്‍ഥം പോലും ശരിക്ക് മനസിലാക്കിയില്ല എങ്കിലും കിളികള്‍ അവരുടെ കലപില സ്വഭാവം കാണിക്കാതെ ഇരിക്കില്ലല്ലോ. മുഖത്ത് നോക്കി "കൂപ മണ്ടൂകങ്ങളെ" എന്ന് വിളിക്കാന്‍ പോലും ആവാത്ത അവസ്ഥ. അതും ഇവര്‍ക് മനസ്സിലാകില്ലല്ലോ. പക്ഷെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് കാരന്‍ ആയതു കൊണ്ടാകും അവകാശങ്ങളെ കുറിച്ച് അവരെ ബോധവന്മാരാക്കി സ്വാതന്ത്ര്യത്തിന്റെ തേന്‍ നുകരാന്‍ അവരെ പ്രാപ്തരാക്കണം എന്ന പിടിവാശി എനിക്കുണ്ടായി.
അങ്ങനെ നീണ്ട നാളത്തെ എന്റെ അന്വേഷണത്തിന് ഒടുവില്‍ ഞാന്‍ ഒരു സത്യം മനസ്സിലാക്കി. കൂടിന്റെ താക്കോല്‍ കൂട്ടിനു ഉള്ളില്‍ തന്നെയുള്ള ഒരു മരത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് ഇവരോട് പറഞ്ഞു മനസില്ലാക്കിയാല്‍ അവര്‍ക്ക് രക്ഷപ്പെടാം. മടിച്ചു നില്‍ക്കാതെ ആ രഹസ്യം പറയുവാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് ഓടി. പരസ്പരം കൊക്കുരുമ്മി പ്രണയ ബദ്ധരായി നില്‍ക്കുന്ന അവരുടെ ഇടയിലേക്ക് ഞാന്‍ ഒരു കട്ടുറുമ്പ് ആയി വലിഞ്ഞു കയറി. കട്ടുറുമ്പ് ആയി ചെന്നിട്ടും ഇത്തവണ എന്തോ ഭാഗ്യത്തിന് അവര്‍ക്ക് എന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തോന്നി. പെണ്കിളിയെ പറഞ്ഞു മനസ്സിലാക്കാന്‍ ആണ് കൂടുതല്‍ സുഖം എന്ന് എനിക്കും തോന്നി. അവള്‍ ആകുമ്പോള്‍ അധികം സംശയങ്ങള്‍ ചോദിക്കില്ല. അങ്ങനെ പുറത്തെ വിശാലമായ ലോകത്തെ കുറിച്ചും ഈ യജമാനന്റെ കാപട്യത്തെ കുറിച്ചും മരത്തില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുന്ന തക്കൊലിനെ കുറിച്ചും അവരോടു ഞാന്‍ വിശദമായി തന്നെ പറഞ്ഞു. പക്ഷെ ആ മരത്തിന്റെ അടുത്ത് പോകാന്‍ പാടില്ല എന്നും ഇതിലെ കായ വിഷം ആണ് എന്ന് ഉടമസ്ഥന്‍ പറഞ്ഞത്രേ. ആരെങ്കിലും സ്വന്തം തോട്ടത്തില്‍ വിഷം കൊണ്ട് നടുമോ ?? യജമാനനെ കണ്ണടച്ച് വിശ്വസിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക് മറ്റൊന്നും മനസിലാകാത്തത് എന്ന് ഞാന്‍ അവരെ വിശ്വസിപ്പിച്ചു. വിശ്വാസത്തിന്റെ പൊള്ളത്തരം മറ്റൊരു വിശ്വാസത്തില്‍ കൂടി മാറ്റിക്കുവാന്‍ എനിക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.
ഒടുവില്‍ ആ മരത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന താക്കോല്‍ കണ്ടു പിടിക്കാം എന്ന് ധീരനായ ആണ്‍ കിളി തീരുമാനിച്ചു . അവള്‍ അവനു വേണ്ട പിന്തുണയും പ്രഖ്യാപിച്ചു. താക്കോല്‍ കൊത്തി എടുക്കുമ്പോള്‍ അഥവാ തൊണ്ടയില്‍ കുരുങ്ങിയാല്‍ പണ്ട് പാര്‍വതി ശിവനോട് ചെയ്തത് പോലെ തന്റെ കഴുത്തിലും കയറി പിടിക്കാന്‍ അവളെ ചട്ടം കെട്ടി അവന്‍ മരത്തിലേക്ക് കയറി. പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. താക്കോല്‍ കിട്ടിയ ആവേശത്തില്‍ യാഹൂ എന്ന് വിളിച്ചു കൂവിയത് കൊണ്ടാകും അവന്റെ തൊണ്ട കുഴിയിലേക്ക് താക്കോല്‍ ഇറങ്ങി പോയി. നിലത്തു വീണു പിടച്ച അവന്റെ കഴുത്തില്‍ പിടിച്ചു അവള്‍ ഒരു വാശിയോടെ ഞെക്കിപിടിച്ചു. അവന്റെ കണ്ണുകള്‍ തള്ളി പുറത്തേക്കു വന്നു. കൂടെ താക്കോലും..... തിളങ്ങുന്ന കണ്ണുകളോടെ താക്കോല്‍ കടിച്ചു വലിച്ചു എടുത്ത അവള്‍ അതിന്റെ ഒരു ചെറിയ കഷ്ണം അവന്റെ തൊണ്ടയില്‍ കുരുങ്ങിയത് പോലെ ശ്രദ്ധിക്കാതെ കൂടിന്റെ വാതില്‍ തപ്പി കണ്ടു പിടിച്ചു വലിച്ചു തുറന്നു. കഴുത്തില്‍ തടഞ്ഞ കഷ്ണം കാരണം ഒന്നും മിണ്ടാന്‍ കഴിയാതെ തളര്‍ന്നു കിടന്ന അവനെ അവള്‍ തൂക്കി എടുത്തു പുറത്തേക്കു ഇട്ടു. താന്‍ കാരണം ആണ് എനിക്ക് ഇതൊക്കെ സംഭവിച്ചത് എന്ന രീതിയില്‍ ക്രൂര മായ ഒരു നോട്ടം അവന്റെ വക...ഒരു നന്ദി വാക്ക് പോലും പറയാതെ കിളികള്‍ രണ്ടും അകലേക്ക് പറന്നകന്നു. പോകുന്ന വഴിയില്‍ പഴയ യജമാനന്റെ മുഖത്ത് കാഷ്ട്ടിക്കാന്‍ അവര്‍ മറന്നില്ല. എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കാരണം ആണ് എന്ന് ഒരു വിഡ്ഢി സ്വര്‍ഗം പണിതു അതിന്റെ മേല്‍ ഒരു കൂടാരവും ഉണ്ടാക്കി ഞാന്‍ നിര്‍നിമേഷനായി നോക്കി ഇരുന്നു...
അവരുടെ ചിറകടി ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സില്‍ അവശേഷിച്ചു. എന്തിനായിരിക്കും ആ ഉടമസ്ഥന്‍ കൂട്ടിനുള്ളില്‍ തന്നെ ഉള്ള ആ മരപ്പൊത്തില്‍ താക്കോല്‍ ഒളിപ്പിച്ചു വച്ചത്..???
അജ്ഞാത ശവം !!!
Posted by: SHAMAN - Tuesday, November 23, 2010
വഴിയരികില്‍ ഒരു അജ്ഞാത ശവം !!!
കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട് ഓടിയില്ല... അവനവന്റെ ജോലി നോക്കി പോയി. നാടുവാഴിയുടെ കല്പന ഉണ്ട്, വഴിയില്‍ വായിനോക്കി നിന്നാല്‍ പിഴയുണ്ടാകും എന്ന്. അത് പേടിച്ചിട്ടു ശവത്തിനെ അതിന്റെ പാട്ടിനു വിട്ട് ആളുകള്‍ നീങ്ങി. ചിലര്‍ തങ്ങളുടെ ശകടത്തിന്റെ വേഗത കുറച്ചു നോക്കാന്‍ ധൈര്യം കാണിച്ചു. എന്തായാലും അധികം താമസിയാതെ തന്നെ കുട്ടിപട്ടാളം എത്തി. പട്ടാളകാര്‍ക്ക് പോലും പുച്ഛം തോന്നി. എല്ലുന്തി കവിളൊട്ടി കോലം കേട്ട ഒരു ശവം. ഇതിനെ കാണാന്‍ ആണോ നമ്മള്‍ വേഷം കെട്ടി ഇവിടെ വരെ വന്നത് എന്ന ഒരു ഭാവമാണ് അവര്‍ക്ക്. വാസന സോപ്പോ സുഗന്ധ ദ്രവ്യങ്ങലോ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത എവനോ ആണ് എന്ന് അവര്‍ക്ക് മനസിലായി. അത്രക്കുണ്ടായിരുന്നു ശവത്തിന്റെ വിയര്‍പ്പു നാറ്റം. ഇത്ര വിയര്‍പ്പു നാറ്റം ഉള്ള ഒരുവന്‍ നമ്മുടെ നാട്ടുകാരന്‍ ആവാന്‍ യാതൊരു മാര്‍ഗവും ഇല്ല, കാരണം നമ്മുടെ ശരീരം ഒരിക്കലും വിയര്‍ക്കാരില്ലല്ലോ. ഇത് മറുനാട്ടില്‍ നിന്നു ഇവിടേയ്ക്ക് നീന്തി കയറി വന്നവന്‍ ആകും. നമ്മുടെ നാട്ടില്‍ വന്നു കിടന്നിട്ടു നമുക്ക് മാനക്കേടുണ്ടാക്കുന്ന ഇത് പോലെ ഉള്ളവരെ ഇവിടെ നിന്നും പൂര്‍ണമായി തുടച്ചു നീക്കുന്നതിന് വേണ്ടിയുള്ള നിയമവശങ്ങളുടെ ആവശ്യകതയെ കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു. എന്തായാലും ഇതിനെ അധികം നേരം വച്ചു കൊണ്ടിരിക്കാന്‍ ആവില്ല. അവന്റെ നാട്ടിലേക്ക് ദൂതനെ അയച്ചു, " വിയര്‍പോഴുക്കി നിങ്ങളെ പോറ്റാന്‍ ആയി ഇങ്ങോട്ട് നീന്തികയറിയ ഇവന്റെ പട്ടിണി കിടന്ന കോലം കെട്ട ശരീരം നമ്മള്‍ ഇവിടെ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത് വന്നു എടുത്തു കൊണ്ട് പോകണം " എന്ന ഒരു കുറിപ്പോടു കൂടി !!!
"എനിക്കിനി ആരുണ്ട് " ???????? എന്ന അലമുറയിട്ടു കരയുന്നതിന്റെ തിരക്ക് ഒഴിയാഞ്ഞത് കൊണ്ടാവണം പാവം ബന്ധുകള്‍ക്ക് അവന്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ പോയത്. അത് ഒരു കണക്കിന് നന്നായി എന്ന് കരുതി ദൂതനും ആശ്വസിച്ചു. വിശന്നു തളര്‍ന്നപ്പോള്‍ മണലില്‍ വിയര്‍പ്പും കുറച്ചു രക്തവും ചേര്‍ത്ത് കുഴച്ചു തിന്നാന്‍ ശ്രമിച്ചു മരിച്ചതാണ് എന്ന് ബന്ധുക്കളെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന ഒരു വലിയ സംശയത്തിനു അറുതി വന്നല്ലോ. അലമുറയുടെയും അന്വേഷങ്ങളുടെയും ഇടയില്‍ കൂടി ദൂതന്‍ അവരോടു ശവത്തെ ഇങ്ങോട്ടേക്കു കൊണ്ട് വരാന്‍ ആവശ്യമായ നടപടികളെ കുറിച്ച് പറഞ്ഞു. അയാള്‍ ആ നാടുകാരന്‍ ആണെന്നും കുടുംബക്കാരന്‍ ആണെന്നും തെളിയിക്കുന്ന രേഖകളും മറ്റും കൊണ്ട് വരാന്‍ ദൂതന്‍ പറഞ്ഞു. പക്ഷെ അയാള്‍ അവിടെ എന്നല്ല ആ ഭൂമിയില്‍ തന്നെ ജീവിച്ചിരുന്ന ഒരാള്‍ ആണെന്ന് തെളിയിക്കുന്ന ഒന്നും തന്നെ അവിടെ നിന്നും തരപ്പെട്ടില്ല. നാട്ടിലെ പുതിയ നിയമപ്രകാരം ആ നാട്ടില്‍ ജീവിച്ചു മരിക്കുന്നവര്‍ അല്ലാതെ വേറെ ആരെയും കുറിച്ച് യാതൊരു രേഖകളും സൂക്ഷികേണ്ട കാര്യമില്ല പോലും. എങ്കിലും വീട്ടിലെ പട്ടിക്കും ആടിനും മറ്റും കണക്കും കാര്യങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. തെക്ക് ഭാഗത്തായി നിന്നിരുന്ന മാവിനെ നോക്കി "ഒരു കണക്കിന് കൊണ്ട് വരാത്തത് ലാഭമായി " എന്ന് പറഞ്ഞ ചില ബന്ധു മിത്രാധികളുടെ മുഖത്ത് നോക്കി നേരിയ ഒരു പുഞ്ചിരി പായിച്ചു കൊണ്ട് നമ്മുടെ ദൂതന്‍ തിരിച്ചു മടങ്ങി.
നമ്മുടെ സ്വന്തം അല്ലാത്ത ഈ ശവത്തെ നാട്ടില്‍ ഇനിയും സൂക്ഷിക്കെണ്ടാതില്ല എന്ന് നാടുവാഴിയുടെ ഉത്തരവ് വന്നു. രണ്ടു നാടുകളെയും ബന്ധിപ്പിക്കുന്ന ഒരു കായല്‍ ഉണ്ട്. അത് കടന്നാണ് പലരും ഈ നാട്ടിലേക്ക് വന്നു കയറുക. ശവം ആ കായലില്‍ ഒഴുക്കാന്‍ ഒടുവില്‍ തീരുമാനം ആയി. ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു മരിച്ചവനാണ് എങ്കിലും അവന്റെ ശരീരം ഒരുപാട് മത്സ്യങ്ങള്‍ക് ആഹരമായാലോ എന്ന തോന്നല്‍ ആയിരുന്നു അതിനു പിന്നില്‍ . ശവം ആയതിനു ശേഷം ആണെങ്കിലും വയറു നിറയെ കുടിക്കാന്‍ വെള്ളം കിട്ടിയതിന്റെ സന്തോഷത്തില്‍ അവന്റെ മുഖം തെളിഞ്ഞിരുന്നു.... അങ്ങനെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ വീര്‍ത്ത വയറുമായി ആ ശവം മെല്ലെ മെല്ലെ ദൂരേക്ക് എവിടെയെക്കോ ഒഴുകി പോയി..
കണ്ടസാമി !!
Posted by: SHAMAN -
സത്യത്തില്‍ ഇത്തവണ ലീവിന് വന്നത് മകള്‍ടെ എഞ്ചിനീയറിംഗ് അഡ്മിഷന്‍ ശരി ആക്കുവാന്‍ വേണ്ടി ആണ്. പഠിത്തത്തില്‍ അത്ര നല്ല മിടുക്കി ആയതു കൊണ്ട് സ്വശ്രയമോ അതോ സര്‍കാരോ എന്ന് തിട്ടം അല്ല. ഒരു തരം കയ്യാലയെയും തേങ്ങയും ഓര്‍മിപ്പിക്കുന്ന അവസ്ഥ. ഭാര്യ ആണെങ്കില്‍ എപ്പോഴത്തെയും പോലെ നേര്ച്ചകളുടെയും വഴിപടുകളുടെയും നീണ്ട നിര തന്നെ സമര്‍പ്പിച്ചു. കൂട്ടത്തില്‍ അവള്‍ ആണ് എന്നോട് പറഞ്ഞത് "നിങ്ങള്‍ടെ പഴയ സുഹൃത്ത് ശ്രീകണ്ടന്‍ സര്‍ ഇപ്പോള്‍ ശ്രീകണ്ടന്‍ സ്വാമി ആണല്ലോ... ഒന്ന് പോയി കണ്ടിട്ട് വാന്നു കൂടെ ??? " എന്ന്. ശ്രീകണ്ടാനുമായി ഉണ്ടായിരുന്ന സുഹൃത്ത് ബന്ധത്തിന്റെ ആഴം അവള്‍ക് അറിയാതിരുന്നത് കൊണ്ട് കൂടുതലായി ഒന്നും കേള്‍കേണ്ടി വന്നില്ല. പക്ഷെ 6 വര്‍ഷത്തിനു ശേഷം ആണ് ഞാന്‍ അവനെ കാണാന്‍ പോകുന്നത്. മുന്‍പ് കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ ബോധോതയതിലൂടെ അവന്‍ മറന്നു കാണുമോ എന്ന സംശയത്തോടെ ആണ് ആയിരങ്ങളുടെ ആരാധ്യനായ ശ്രീകണ്ടന്‍ സ്വാമി യുടെ ആശ്രമത്തിലേക്കു കാലെടുത്തു കുത്തിയത്. കൂടെ എന്റെ പുതിയ കള്ളത്തരങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ സ്വാമിക്ക് കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന പരിഭ്രാന്തിയും. എന്തായാലും ആശ്രമത്തില്‍ കൂടി നിന്നവരുടെ സംഭാഷണ ശകലങ്ങളില്‍ നിന്നും ഒരു കാര്യം എനിക്ക് ഉറപ്പായി. എന്റെ കള്ളത്തരങ്ങള്‍ പൊളിയാന്‍ സമയം ആയി. കൂട്ടത്തില്‍ മോള്‍ടെ അഡ്മിഷന്‍ടെ കാര്യവും അറിയാന്‍ കഴിയും.
ടോകെന്‍ എടുത്തു സ്വാമി യെ ദര്‍ശിക്കാന്‍ കൂട്ടത്തില്‍ ഒരു ഭക്തനായി ഞാനും ഇരുന്നു. അപ്പോഴാണ് സ്വാമിയുടെ വരവ്. 6 വര്‍ഷങ്ങള്‍ക് സുഹൃത്തിനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം ആയിരുന്നില്ല എന്റെ മനസ്സില്‍ അപ്പോള്‍ തോന്നിയത്. ഒരു ഉള്‍ക്കിടിലം. താടിയും ജടയും ചുവന്ന കണ്ണുകളും... പണ്ടെങ്ങോ പഠിച്ച ക്രോധ ഹരിപഞ്ചാനന്‍ എന്റെ മുന്നില്‍ അവതരിച്ചത് പോലെ. അറിയാതെ ഞാന്‍ എണീറ്റ് തൊഴുതു പോയി. എല്ലാവരെയും തന്റെ ചുവന്ന കണ്ണുകളാല്‍ തുറിച്ചു നോക്കി കൊണ്ട് അദ്ദേഹം എന്നെയും കടന്നു പോയി. പൊടുന്നനെ രണ്ടു ചുവടു പിന്നെലേക്ക് വച്ചു എന്നെ അടിമുടി ഒന്ന് നോക്കി.
"മണികണ്ടന്‍ !!!! അല്ലേ ??????? " ഏതോ ഗുഹയില്‍ നിന്നു വരുന്ന പോലുള്ള ശബ്ദം."അതേ" ഞാന്‍ അറിയാതെ പറഞ്ഞു പോയി."മകളുടെ അഡ്മിഷന്‍ നെ കുറിച്ച് അറിയണം ????????? " മുഖത്ത് നോക്കി വല്ലാത്ത ഒരു മൂളല്‍. എന്നിട്ട് അദ്ദേഹം ഉള്ളിലേക്ക് പോയി. തളര്‍ന്ന ശരീരത്തോടെ ഞാന്‍ ആ കസേരയിലേക്ക് ഇരുന്നു പോയി. "സ്വാമി പറഞ്ഞത് ശരിയാണോ ?? " അടുത്ത ഇരുന്ന ഒന്ന് രണ്ടു പേര്‍ ചോദിച്ചു. എന്ത് പറയണം എന്നറിയാതെ അന്ധാളിച്ചു ഇരിക്കുക ആയിരുന്നു ഞാന്‍ . മറ്റുള്ളവര്‍ക് അതൊരു പുതുമ ആയിട്ട് തോന്നുന്നില്ല എന്ന് അവരുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ നിന്നും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോരുത്തര്‍ ആയി സ്വാമി യെ പോയി കണ്ടു തിരികെ വന്നു. വിഷാധത്തില്‍... ആശ്വാസത്തില്‍... സന്തോഷത്തില്‍... പലരും തിരികെ മടങ്ങി. ഒടുവില്‍ എന്റെ അവസരം എത്തി. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ സ്വാമിയുടെ റൂമിലേക്ക് കയറി.
എവിടെ നിന്നെന്നു അറിയാതെ ഒഴുകി നടക്കുന്ന "ഓം" കാരം.... നിറഞ്ഞു നില്‍കുന്ന ചന്ദന തിരിയുടെ സുഗന്ധം... വെള്ള വസ്ത്രധാരിയായി പീഠംത്തില്‍ ഇരിക്കുന്ന സ്വാമി. . അതിശയത്തോടെ സ്വാമിയേ നോക്കി....
"ആദ്യം ആ തീര്‍ഥം എടുത്തു കുടിക്കുക..." മുന്നില്‍ ഒരു കാലത്തിന്റെ നടുക്കായി ഒരു പത്രത്തില്‍ നിറച്ചു വച്ചിരിക്കുന്ന തീര്‍ഥം. ഞാന്‍ അതില്‍ നോക്കി നിര്‍നിമേഷനായി ഇരുന്നു. എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയില്ല. മനസ്സില്‍ ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മിന്നി മറഞ്ഞു.
ഡാ !!!!!!!!!!!!! നിന്റെ ബ്രാന്‍ഡ് തന്നെയാ... chivas regal !!!! പൊട്ടിച്ചിരിച്ചു കൊണ്ട് സ്വാമി പറഞ്ഞു.
ഞെട്ടി തെറിച്ച ഞാന്‍ ഒറ്റ വലിക്കു എല്ലാം അകത്താക്കി. വെള്ളം പോലും ചേര്‍ക്കാതെ അകത്താക്കിയ ആ പെഗ് എന്റെ മനസ്സിലെ സര്‍വ സംശയങ്ങളെയും ആധികളെയും തുടച്ചു മാറ്റികൊണ്ട് എന്റെ ഉള്ളില്‍ കൂടി കത്തി പടരുന്നത് അറിഞ്ഞിട്ടവും ശ്രീകണ്ടന്‍ നിറഞ്ഞ സന്തോഷത്തോടെ കെട്ടി പുണര്‍ന്നത്.....
ലാപ്ടോപ്
Posted by: SHAMAN - Tuesday, November 9, 2010
എന്റെ കവിളില്‍ വീണ നനുത്ത ചുംബനങ്ങള്‍ ആണ് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. അതി സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ അവളുടെ നെഞ്ചോട് ചേര്‍ത്ത് എന്റെ കവിളില്‍ അമര്‍ത്തി ചുംബിക്കുന്നു. ഒരിറ്റു നേരത്തേക്ക് എന്റെ ശ്വാസം നിലച്ചു പോയി. അവളുടെ ചുവന്നു തുടുത്ത അധരങ്ങള്‍ ഓരോ തവണ പതിയുംബോഴും അവളെ പുണര്‍ന്നു നില്‍ക്കാന്‍ എന്റെ മനം കൊതിച്ചു. അവളുടെ പിറന്നാള്‍ സമ്മാനം ആയി കുടവയറുള്ള അവളുടെ അച്ഛന്‍ എന്നെ അവള്‍ക് സമ്മാനിച്ചതാണ് എന്ന് അവളുടെ ആഹ്ലാദം തുളുമ്പി നിന്നിരുന്ന വാക്കുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. പിന്നീടുള്ള ദിനങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരം ആയിട്ടുല്ലതായിരുന്നു. കോളേജില്‍ നിന്നു അവള്‍ തിരിച്ചു വരുന്നത് കാത്തു ഞാന്‍ ഇരുപ്പായി. വന്നു കഴിഞ്ഞാല്‍ എനിക്ക് അവളുടെ ചുംബനങ്ങള്‍ ലഭിക്കും... അവളുടെ കരവലയത്തില്‍ ഒതുങ്ങി ഇരിക്കാം.. ചുവന്നു തുടുത്ത അവളുടെ അധരങ്ങളുടെ സൌന്ദര്യം ആസ്വദിക്കാം... അവളുടെ മടിയില്‍ ഇരുന്നു അവളുടെ മേനിയില്‍ ചൂട് പകരാം... ഒടുവില്‍ അവളുടെ നെഞ്ചോട് ചേര്‍ന്ന് അവളുടെ മുടിയില്‍ തലോടി ശയിക്കാം....
പക്ഷെ സന്തോഷത്തിന്റെ ആ ദിനങ്ങള്‍ക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആ സത്യം മനസ്സിലാക്കി. അവള്‍ എന്നിലൂടെ കാണുന്നത് എന്റെ ഹൃദയം അല്ലായിരുന്നു പകരം കട്ടി മീശയും മുഖത്ത് കുറ്റി രോമങ്ങളും ഉള്ള മറ്റൊരു ചെറുപ്പക്കാരനെ ആയിരുന്നു എന്ന്. അവരുടെ പ്രണയ സല്ലാപങ്ങല്‍കു എന്നെ അവര്‍ ഉപയോഗിക്കുകയാണ് എന്ന സത്യം. എന്റെ ഹൃദയം നുറുങ്ങുന്ന വേദനയിലും സന്തോഷവും പരിഭവങ്ങളും തമാശകളും പൊട്ടിച്ചിരികളും പരസ്പരം പങ്കു വയ്ച്ചു അവരുടെ പ്രണയം പടര്‍ന്നു പന്തലിക്കുക ആയിരുന്നു. അത്യധികം പ്രതിരോധ ശേഷി ഉള്ളതും ശക്തവും ആയിരുന്ന ശരീരം ഉണ്ടായിരുന്നതിനാല്‍ ഒന്ന് രോഗ ബാധിതന്‍ ആവാന്‍ ഉള്ള എന്റെ ആഗ്രഹം പോലും വൃഥാവില്‍ ആയി. മെല്ലെ മെല്ലെ അവരുടെ പ്രണയ ലീലകളില്‍ അശ്ലീല ചുവ തെളിഞ്ഞു വരുന്നത്തത് ഞാന്‍ കണ്ടു തുടങ്ങി. അവന്റെ നോട്ടവും വാക്കുകളും അവളുടെ കണ്ണില്‍ നില നിന്നിരുന്ന നാണത്തെ മാറ്റി അവിടെ മറ്റൊരു വികാരം നിറച്ചു തുടങ്ങി. അവരുടെ പ്രണയം വഴിവിട്ടു സഞ്ചരിച്ചു തുടങ്ങിയത് അറിഞ്ഞിട്ടും ഒന്നും ചെയാന്‍ ആകാതെ അതിനു കൂടു നില്‍കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ...
അച്ഛനും അമ്മയും സഹോദരിയും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ആ ഞായറാഴ്ച ദിവസം അവനെ ഞാന്‍ നേരില്‍ കണ്ടു. അത്രയും നാള്‍ നമ്മുടെ രണ്ടു പേരുടെയും മാത്രം ആയിരുന്ന ആ കിടപ്പ് മുറിയില്‍ തികച്ചും അന്യനായ അവന്‍ . പക്ഷെ ചായ ഇടുവാനായി അവള്‍ പോയ നേരം നോക്കി അവന്‍ എന്നില്‍ എന്തൊക്കെയാണ് ചെയ്തത്?? എനിക്ക് ഒന്നും മനസ്സിലായിലാ. എന്റെ ക്യാമറ കണ്ണുകള്‍ തുറക്കുമ്പോള്‍ തെളിയുന്ന നീല വെളിച്ചം അവന്‍ എന്തൊക്കെയോ ചെയ്തു തടസ്സപെടുതിയത് എന്തിനാണ് എന്നും എനിക്ക് മനസിലായില്ല. പക്ഷെ പിന്നീടുള്ള അവന്റെ പ്രവര്‍ത്തികള്‍ എന്റെ ഹൃദയംമിടിപ്പ് കൂട്ടാന്‍ തുടങ്ങി. മറ്റുള്ളവര്‍ക് മനസ്സിലാവാത്ത രീതിയില്‍ എന്നെ പ്രവര്‍ത്തിപ്പിക്കാനും എന്റെ ക്യാമറ കണ്ണുകളില്‍ കൂടി എല്ലാം പകര്‍ത്തി എടുക്കാനും ഉള്ള അവന്റെ ശ്രമത്തെ എതിര്‍ക്കാന്‍ കഴിയാതെ നിസ്സഹായനായി ഞാന്‍ നോക്കി ഇരുന്നു. അതിനു ശേഷം ആ മുറിയില്‍ നടന്നതിനൊക്കെ ഒരു മൂക സാക്ഷിയാകാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. അവരുടെ നിശ്വസങ്ങള്‍കും കിതപ്പിനും ഒടുവില്‍ വിയര്‍പ്പില്‍ കുതിര്‍ന അവളുടെ ശരീരത്തെ ചുറ്റിപിടിച്ചു അവന്‍ അവുടെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു. " നീ എന്റെ ജീവനാണ് "
കുളിമുറിയില്‍ ഷവറില്‍ നിന്നു വീഴുന്ന തണുത്ത വെള്ളത്തിന് കീഴില്‍ മനവും ശരീരവും ഒരു പോലെ കുളിര്‍ത്തു നില്‍കുന്ന അവള്‍ അറിഞ്ഞിരുന്നുവോ എന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് തലച്ചോറില്‍ കുത്തി നിറക്കപെട്ട ആ ഞായറാഴ്ചയിലെ ഓര്‍മ്മകള്‍ മറ്റൊരു ചെപ്പിലേക്ക് മാറ്റപെടുന്നതും ശേഷം എന്റെ ഓര്‍മകളില്‍ നിന്നും എന്നെന്നേക്കുമായി തേച്ചു മായ്ക്കപെടുന്നതും... !!!
ഒരു ചായ !!!
Posted by: SHAMAN - Tuesday, July 27, 2010
ആദ്യമായി കുമാരേട്ടന്‍ എന്നോട് ചായ കാശ് ചോദിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ടൌണില്‍ നിന്നും നമ്മുടെ നാട്ടിലേക്കു പോകാന്‍ ഒരു രൂപ ആയിരുന്നു ബസ് കൂലി. പെണ്‍കുട്ടികളുമായി സല്ലപിച്ചു കൊണ്ട് നിന്നിരുന്ന എന്നെ പിന്നില്‍ ആരോ തട്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ വെളുക്കെ ചിരിച്ചു കൊണ്ട് കുമാരേട്ടന്‍ . കുമാരേട്ടന്‍ എങ്ങനെ ടൌണില്‍ എത്തി എന്ന ചിന്തിക്കാന്‍ പോലും പാടില്ല. ഭഗവാനെ പോലെ ആണ് കുമാരേട്ടന്‍ .... തൂണിലും തുരുമ്പിലും ടൌണിലും ഒക്കെ ഉണ്ടാവും. "ഒരു ചായ" എന്ന് കേള്കുന്നതിനു മുന്‍പ് എങ്ങോട്ടെങ്കിലും ഓടിയാലോ എന്ന് ഓര്‍ത്തു. പക്ഷെ അതിനു മുന്‍പേ അയാള്‍ ചോദ്യം നിറഞ്ഞ ആ statement എടുത്തു പ്രയോഗിച്ചു. മാനം തന്നെ ആണ് വലുത്. കയ്യില്‍ ശേഷിച്ച ഒരു രൂപ ഒരു വളിച്ച ചിരിയോടെ ഞാന്‍ കുമാരട്ടാണ് കൊടുത്തു. ഇടി വെട്ടു പോലെ അടുത്ത ചോദ്യം. ബസ് കൂലിക്ക് വേറെ കാശ് ഉണ്ടല്ലോ അല്ലെ?? പിന്നില്‍ അവളുമാരുടെ ചിരി. ദൈവമേ !!! നാളെയും കോളേജില്‍ പോകേണ്ടാവനാ... എന്ത് പറയും?? ഇല്ല എന്ന് പറഞ്ഞാല്‍ കോളേജില്‍ പിന്നെ കാലു കുത്താന്‍ ആവില്ല. ഉണ്ട് എന്ന് പറഞ്ഞാല്‍ 5 km നടക്കുകയും വേണം. ഞാന്‍ കണ്ണ് മിഴിച്ചു നോക്കി നിന്നു. "അപ്പോള്‍ ശരി ബാക്കി പൈസ ഞാന്‍ പിന്നീടു തരാം" എന്ന് പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു. പക്ഷെ അതിനു മുന്‍പ് ആരും കാണാതെ എന്റെ പോക്കറ്റ് ഇല്‍ ആ ഒരു രൂപ ഇടാന്‍ കുമാരേട്ടന്‍ മറന്നിരുന്നില്ല. ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന ബന്ധുക്കള്‍ ആരും കാണാതെ പോക്കറ്റ് ഇല്‍ കാശ് വച്ച് തരുമായിരുന്നു. എന്നിട്ട് പറയും സിനിമ കണ്ടോള്ളൂ എന്ന്. എന്റെ മനസ്സില്‍ എവിടെയോ ഒരു നേര്‍ത്ത വിങ്ങല്‍ പൊട്ടുകയായിരുന്നു.
പിന്നീട് എപ്പോഴും കുമാരേട്ടനെ കണ്ടാല്‍ ഞാന്‍ ചായ മേടിച്ചു കൊടുക്കുമായിരുന്നു. ഒരിക്കല്‍ പോലും അതിന്റെ കൂടെ ഒരു വടയോ പഴം പൊരിയോ ചോദിച്ചിരുന്നില്ല അയാള്‍. ഒരിക്കല്‍ ഒരു വിഷു ദിവസം കുളിച്ചു സുന്ദരനായി പുത്തന്‍ ഉടുപ്പിട്ട് വളരെ സന്തോഷത്തോടെ നടന്നു വരികയായിരുന്നു കുമാരേട്ടന്‍. വിഷു അല്ലെ കൈനീട്ടം ആയിട്ടു ഒരു 10 രൂപ കൊടുക്കാം എന്ന് ഞാന്‍ കരുതി. വളരെ സന്തോഷത്തോടെ അയാള്‍ അത് മേടിച്ചു. എനിട്ട് നിറഞ പുഞ്ചിരിയോടെ ചോദിച്ചു. " മോഷണം തുടങ്ങിയോ?? " പോട്ടിചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എനിക്ക് . ജോലി ഒന്നും ആയിട്ടില്ലാത്ത എന്നോട് സ്വന്തം വീടുകാര്‍ പോലും ചോദിക്കാത്ത ചോദ്യം.
കുമാരേട്ടന് സത്യത്തില്‍ ഭ്രാന്തുണ്ടോ?? ആ ചോദ്യം ഒരു പാട് നാളുകള്‍ എന്റെ മനസ്സിനെ വല്ലാതെ കുഴക്കിയിരുന്നു. ഒടുവില്‍ എന്റെ സുഹൃത്തും കുമാരേട്ടന്റെ അയല്‍വാസിയും ആയ സായിപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന യൂസഫ് പറഞ്ഞു കുമാരേട്ടന്‍ ഒരു ഭ്രാന്തന്‍ മാത്രമല്ല സ്വന്തം ഭാര്യയെ കൊന്നവന്‍ കൂടി ആണെന്ന്. അയാളുടെ ഭാര്യക്ക് ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നത്രേ. അത് കണ്ടു കൊണ്ട് വന്ന അയാള്‍ ഭാര്യയെ വെട്ടികൊന്നു എന്നും അതിനു ശേഷം മാനസിക നില തകര്‍ന്ന കുമാരേട്ടനെ കോടതി വെറുതെ വിടുക ആയിരുന്നു എന്നും മറ്റും സായിപ്പ് എന്നോട് പറഞ്ഞു. പത്ര പ്രവര്‍ത്തകന്‍ ആയതു കൊണ്ട് സായിപ്പിന് ഒരു റിപ്പോര്‍ട്ട് എഴുതുന്നത് പോലെ ഒക്കെ വിശദമായി പറയാന്‍ കഴിഞ്ഞു. പക്ഷെ ഈ ഒരു സംഭവത്തില്‍ ഒരാള്‍ക് ഭ്രാന്തു ബാധിക്കുമോ?? സായിപ്പ് വാചാലനായി.... കുമാരേട്ടന്‍ ഞാന്‍ കരുതിയത് പോലെ ഒരു സാധാരണ കാരന്‍ അല്ല. ഇംഗ്ലീഷ് ഭാഷയ്ക്ക് ബദല്‍ ആയി മറ്റൊരു ഭാഷ തന്നെ ഉണ്ടാക്കാന്‍ ശ്രമിച്ചു ഒടുവില്‍ മാനസിക നില തന്നെ തകരാറില്‍ ആയ 4 പേരില്‍ ഒരാള്‍. അവര്‍ ഉണ്ടാക്കിയ ഭാഷ, അതിലെ കുറെ ഏറെ വാക്കുകള്‍, വ്യാകരണം... സായിപ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് വിശ്വസിക്കാന്‍ പോലും ആകാതെ ഞാന്‍ നോക്കി നിന്നു. ഇങ്ങനെ ഒരു മനുഷ്യന്‍ ... ഭാര്യയെ രഹസ്യ കാമുകനോടൊപ്പം കണ്ടിട്ട് എന്ത് കൊണ്ട് ആ രഹസ്യ കാരന്‍ രക്ഷപെട്ടു. ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മനസ്സില്‍ അത് കുടുങ്ങി കിടന്നു. എന്ത് സംഭവിച്ചാലും അയാളോട് ഇതിനെ കുറിച്ച ചോദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സായിപ്പും കൂടാം എന്ന് പറഞ്ഞപോള്‍ മനസിന് ധൈര്യമായി.
പിന്നീട് ഒരു ദിവസം സായിപ്പിന്റെ കൂടെ കടല്‍ തീരത്ത് മദ്യത്തില്‍ മുങ്ങി കിടക്കുമ്പോള്‍ അതാ വരുന്നു നമ്മുടെ നായകന്‍ കുമാരേട്ടന്‍ . തേടിയ വള്ളി... ഉള്ളില്‍ മദ്യം പകര്‍ന്നു തന്ന ധൈര്യം.... നമ്മളെ കണ്ടപ്പോള്‍ സ്വത സിദ്ധമായ ഒരു ചിരിയോടെ അയാള്‍ അടുത്തേക്ക് വന്നു... എനിക്ക് ചോദികേണ്ടി വന്നില്ല. അതിനു മുന്‍പേ സായിപ്പ് അയാളോട് ചോദിച്ചു.
കുമാരേട്ടാ....why did you kill your wife ??
കുറച്ചു നേരം അയാള്‍ നമ്മളെ തന്നെ നോക്കി നിന്നു. എന്നിട്ട് ഒരു പൊട്ടിച്ചിരിയോടെ അവന്റെ തോളില്‍ തട്ടി...
"ഒരുപക്ഷെ അവളെ ഞാന്‍ കൊല്ലില്ലായിരുന്നു if she was not on his top !!!! "
എന്നിട്ട് അയാള്‍ ഏതോ ഒരു ഇംഗ്ലീഷ് പാട്ട് പാടി കൊണ്ട് തിരിഞ്ഞു റോഡിലേക്ക് നടന്നു കയറി... ഒരിക്കലും നമ്മള്‍ കേട്ടിട്ട് പോലും ഇല്ലാത്ത ഏതോ ഒരു പാട്ട് .... റോഡിനു ഇരു വശവും നോക്കി മറികടക്കുന്ന കുമാരേട്ടനെ നമ്മള്‍ നോക്കി നിന്നു. അയാളെ ആദ്യമായി കാണുന്നത് പോലെ....
എന്റെ പ്രണയം
Posted by: SHAMAN - Thursday, July 15, 2010
പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ ദിനങ്ങള്‍ ആയിരുന്നു. ബസ് സ്റ്റോപ്പ് .... കോളേജ് ഇലെ ആ വലിയ ഇലഞ്ഞി മരം ... നീണ്ട ഇടനാഴി ... . അവളുടെ സാന്നിധ്യം ഉള്ള എല്ലായിടങ്ങളും എനിക്ക് പ്രിയപ്പെടവ ആയി മാറി. കൂട്ടുകാരികളുമായി വര്‍ത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ അവിടെ ഒക്കെ പാറി നടന്നിരുന്നു.. ഒരു ചിത്ര ശലഭത്തെ പോലെ.. അവളുടെ മുടിയിലെ കാച്ചിയ എണ്ണയുടെ സുഗന്ധം നുകരാന്‍ ഞാന്‍ അവള്‍ടെ ഓരം പറ്റി നടക്കാന്‍ ശ്രമിക്കുമായിരുന്നു. അപ്പോഴും അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല... എന്നെയും.. എന്റെ പ്രണയത്തെയും... പിന്നീട് പെട്ടെന്ന് ഒരു ദിവസം അവള്‍ അപ്രത്യക്ഷയായി.... എനിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു വിരഹത്തിന്റെ വേദന എന്റെ ഹൃദയത്തെ കീഴടക്കുകയായിരുന്നു... അപ്പോഴും എന്റെ പ്രതീക്ഷ കുറച്ച ദിവസങ്ങള്‍ക് ശേഷം എന്റെ പ്രിയതമ തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ഞാന്‍ മനസ്സിലാക്കി.. അവള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല... ആ കോളേജ് ലേക്കോ എന്റെ ജീവിതത്തിലേക്കോ ഒരു കുളിര്‍തെന്നലായി അവള്‍ എത്തില്ല...
ജീവിതത്തിന്റെ തിരക്ക് നിറഞ്ഞ വീഥികളില്‍ എപോഴെക്കൊയോ ഒരു നൊമ്പരമായി അവളുടെ ഓര്‍മ്മകള്‍ വന്നിരുന്നു... സുഖമുള്ള ഒരു നൊമ്പരം... എന്റെ ആദ്യ പ്രണയം... ഒരു മഴക്കാര്‍ ആയി ഉരുണ്ട് കൂടി ഏതോ ഒരു തെക്കന്‍ കാറ്റില്‍ മറ്റൊരു ദിക്കിലേക്ക് മാഞ്ഞു പോയ ഒരു പ്രണയം... ജീവിതത്തില്‍ എന്നും ആ ഓര്‍മ്മകള്‍ എന്നില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നു...
"എന്താ ഇങ്ങനെ നോക്കുന്നത്?? എന്നെ ഇഷ്ടമായില്ലേ??? "
ഉറക്കത്തില്‍ നിന്നെന്ന പോലെ ഞാന്‍ ഞെട്ടി തെറിച്ചു... അടച്ചിട്ട മുറി... മുകളില്‍ കറങ്ങുന്ന ഫാന്‍.. അടുത്ത മുറികളില്‍ നിന്നുയരുന്ന നിശ്വാസങ്ങള്‍... എന്റെ നാവു മരവിച്ചിരുന്നു.... തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി കിടന്നു... ഞാന്‍ തിരിഞ്ഞു നടന്നു... പിന്നില്‍ നിന്നും ശാപ വാക്കുകള്‍ പോലെ എന്തൊക്കെയോ....
"ആളെ കണ്ടിട്ട് ഇഷ്ടമായെങ്കില്‍ കയറ്റി വിട്ടാല്‍ പോരെ...??? വെറുതെ മനുഷ്യനെ മിനക്കെടുതിക്കാന്‍ ആയിട്ട്...."
എന്റെ പ്രണയം വിയര്‍പ്പില്‍ കുതിര്‍ന ചുരുണ്ട നോട്ടുകലായി ബ്ലൌസിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...
പിന്നീടൊരിക്കലും പ്രണയം എനിക്ക് വിങ്ങല്‍ ആയിരുന്നില്ല... ഒരു മരവിപ്പ് മാത്രം ആയിരുന്നു......
ഭക്തി
Posted by: SHAMAN - Thursday, July 1, 2010
ആറാട്ടിന് ഏറ്റവും മുന്‍പില്‍ ദേവിയുടെ എഴുന്നള്ളിപ്പ് ആയിരുന്നു . അത് കൊണ്ട് തന്നെ ദേവിക്ക് സര്‍വരെയും നന്നായി കാണാന്‍ സാധിക്കുമായിരുന്നു. ക്ഷേത്രത്തില്‍ ദിനവും വന്നു തന്റെ കാല്‍ക്കല്‍ വീഴാറുള്ള ചില പരിചിത മുഖങ്ങളില്‍ ദേവിയുടെ കണ്ണുകള്‍ ഉടക്കി നിന്നു. പതിവ് പരിഭവവും പരാതികളും അവരുടെ മുഖത്ത് അപ്പോള്‍ ഇല്ലായിരുന്നു. ആഹ്ലാദത്താല്‍ വിടര്‍ന്ന കണ്ണുകള്‍.... ദേവിയുടെ മനസ് ചാരിതാര്‍ധ്യം കൊണ്ട് നിറയുകയായിരുന്നു. വര്‍ഷത്തില്‍ ഒരു ദിവസം ആണ് തനിക്കു ഇങ്ങനെ എല്ലാ പ്രജകളെയും ഒരുമിച്ച് നേരിട്ട് കാണാന്‍ സാധിക്കുനത്. അപ്പോള്‍ എല്ലാവരുടെയും മുഖത്ത് കാണുന്ന സന്തോഷം ദേവിയുടെ കണ്ണ് നനയിച്ചു. ആനന്ദശ്രുക്കള്‍ പൊഴിച്ച് കൊണ്ട് ദേവി എല്ലാവരിലേക്കും തന്റെ കടാക്ഷം അയച്ചു. വഴിയരുകില്‍ ബലൂണ്‍ വില്പനക്കാരുടെ ചുറ്റും കൂടി നില്‍ക്കുന്ന കൊച്ചു കുട്ടികള്‍.... പെരുമ്പറയുടെ കൂടെ നൃത്തം വയ്കുന്ന ചെറുപ്പക്കാര്‍.... നാദസ്വര വിദ്വാന്മാരുടെ താളത്തിനൊത്ത് തലയാട്ടുന്ന ചില നരച്ച തലകള്‍... ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഘോഷയാത്ര നിയന്ത്രിക്കുന്ന ഭാരവാഹികള്‍... അതിനിടയില്‍ ആനവാല്‍ മോതിരം ഉണ്ടാക്കി തന്റെ കാമുകിയുടെ വിരലില്‍ ആരും അറിയാതെ ഇട്ടു കൊടുക്കുന്ന ഒരു കാമുകനെ ദേവി പ്രത്യേകം ശ്രദ്ധിച്ചു... ഇവന്‍ തന്നെയല്ലേ ദീപാരാധന സമയത്ത് കണ്ണ് തുറന്നു നിന്നു പെണ്‍കുട്ടികളെ വായ നോക്കി നില്‍ക്കുന്നത് . പൂജ കഴിയുന്നത് വരെ കണ്ണ് തുറന്നു പിടിച്ചു ശ്രീകോവിലിന്റെ വാതിലിലേക്ക് നോക്കി നിന്നിട്ട് വാതില്‍ തുറന്നാല്‍ ഉടനെ കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടം ഭക്തരുടെ ഇടയില്‍ ഇവന്‍ ഭേദമായിരുന്നു. തന്നെ കണ്ടില്ല എങ്കിലും അവന്‍ എല്ലാ പെണ്‍കുട്ടികളെ കാണുമായിരുന്നു . ദേവിയുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടര്‍ന്നു.
ഘോഷയാത്ര മുന്നോട്ടു പോയ്കൊണ്ടിരിന്നു. ഉച്ചവെയിലിന് കാഠിന്യം കൂടി വന്നു. വെളിച്ചപ്പാടിനു ക്ഷീണം കൂടി വന്നു എന്ന് തോന്നുന്നു. ദാഹം മാറ്റാന്‍ ആ പാവം തൊണ്ട നനക്കുന്നു. ദേവിക്ക് വിഷമമായി.. തനിക്കു വേണ്ടി ഇത്ര കഷ്ടപെടുന്ന വെളിച്ചപാടിന്റെ അടുത്ത പ്രാര്‍ത്ഥന എന്തായാലും സഭാലമാക്കണം എന്ന് തീരുമാനിച്ചു. പക്ഷെ തൊണ്ട നനക്കുന്നതിനോടൊപ്പം അയാള്‍ എന്താണ് ചെയുന്നത്??? നാരങ്ങ അച്ചാര്‍ തൊട്ടു നാവില്‍ വക്കുന്നു. എനിട്ട് നോട്ടി കൊണ്ട് തല കുടയുന്നു. മിന്നല്‍ പിണര്‍ പോലെ എന്തോ തലയില്‍ കൂടി പാഞ്ഞുവോ?? കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ദേവിക്ക് തോന്നി... പൂര്‍വാധികം ശക്തിയോടെ വെളിച്ചപ്പാട് വെളിച്ചപ്പെട്ടു തുടങ്ങി. തുള്ളലിന് ശക്തി കൂടി വന്നു. ദേവിക്ക് ഭയമായി. ഇയാള്‍ തന്നെ താഴെ ഇടുമോ എന്ന് പോലും തോന്നി. ഭയം നിറഞ്ഞ കണ്ണുകളോടെ തന്റെ പ്രജകളില്‍ ആരെങ്കിലും തന്നെ രക്ഷിക്കും എന്ന പ്രതീക്ഷയോടെ ദേവിയുടെ കണ്ണുകള്‍ ചുറ്റുപാടും പരതി. പക്ഷെ ആരും ആ നോട്ടം കണ്ടില്ലാ... ചിലര്‍ beverages എന്ന ഒരു ബോര്‍ഡ് നോക്കുന്ന തിരക്കില്‍ ആയിരുന്നു... മറ്റു ചിലര്‍ തീപെട്ടി കൂട് വച്ച് അളവ് എടുക്കുന്നു... ആനയുടെ കാലിന്റെ അടിയില്‍ കൂടി അപ്പുറത്ത് ചാടി തങ്ങളുടെ ധീരത തെളിയിക്കുന്നു... സ്ത്രീകളുടെ ഇടയില്‍ കൂടി വെരുകിനെ പോലെ തിരിഞ്ഞു കളിക്കുകയാണ് മറ്റു ചിലര്‍... കുപ്പികള്‍ പൊതിയുന്നത് ഉത്സവത്തിന്റെ നോടീസില്‍ ആണെന്നുള്ള സത്യം ദേവി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... മറ്റു ചിലര്‍ അവിടെ ചൂത് കളിക്കുകയാണ്.. ഉത്സവ ഡ്യൂട്ടിക്ക് വന്നു പോലീസ്കാര്‍ക്ക് തോര്‍ത്തില്‍ പൊതിഞ്ഞാണ് മദ്യം കൊടുക്കുന്നത്. അതാ അവിടെ ഒരുത്തന്‍ വാളു വയ്ക്കുന്നു... വെട്ടിയിട്ട വാഴ പോലെ അവന്‍ താഴേക്ക് വീണു. കണ്ണ് പൊട്ടുന്ന തെറി വിളി കേട്ട് ദേവി ആ ഭാഗത്തേക്ക് നോക്കി. ഭാഗ്യം തന്നെ അല്ല.. ഏതോ രണ്ടു കരക്കാര്‍ തങ്ങളില്‍ തല്ലു നടക്കുകയാണ്. ദേവിയെ അവരുടെ കരയില്‍ കൂടുതല്‍ നേരം നിര്‍ത്തിയില്ല പോലും. തല്ലു കൊണ്ടവനോ അതോ കൊടുത്തവനോ... ഉടുമുണ്ടില്ലാതെ ഓടുന്നു...
"ഭക്ത ജനങ്ങളെ" ഇടിത്തീ പോലെ ആണ് ആ ശബ്ദം ദേവിയുടെ ചെവിയില്‍ വന്നു വീണത്... മൈക്ക് പിടിച്ചു നില്‍ക്കുന്ന ഭാരവഹിയുടെ കണ്ണുകള്‍ ചുവന്നു ഇരിക്കുന്നു. കാലുകള്‍ നിലത്തു ഉറക്കുന്നുണ്ടോ?? "ഈശ്വരാ" ദേവി അറിയാതെ നിലവിളിച്ചു പോയി. ഇതും ഭക്തിയോ?? അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നി ദേവിക്ക്. വെളിച്ചപ്പാടിന്റെ തോളില്‍ നിന്നും ദേവി മെല്ലെ അയാള്‍ അറിയാതെ ഊര്‍നിറങ്ങി.. വെളിച്ചപ്പാട് അപോഴും തുള്ളലിന്റെ ആവേശത്തില്‍ ആയിരുന്നു. പിന്നില്‍ ഒരു ആരവം കേട്ട് ദേവി തിരിഞ്ഞു നോക്കി.... യുദ്ധം ചെയ്യാന്‍ വരുന്ന പോലെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി ആക്രോശത്തോടെ ഓടി അടുക്കുന്നു... പിന്നീട് തിരിഞ്ഞു നോക്കിയില്ല... ദേവി കാലു നീട്ടി വലിച്ചു ഓടി... കുറെ ദൂരം കഴിഞ്ഞപ്പോള്‍ ആരോ തൊട്ടടുത്തു എത്തിയത് ദേവിക്ക് മനസിലായി.. ഭയം നിറഞ്ഞ കണ്ണുകളോടെ തരിഞ്ഞു നോക്കി... ആശ്വാസം... അത് അടുത്ത ക്ഷേത്രത്തിലെ ദേവന്‍ ആയിരുന്നു... അവിടെയും ഇന്നായിരുന്നു ഉത്സവം... പിന്നീട് അവര്‍ ഒന്നിച്ചായി ഓട്ടം !!!!
